തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലെ വ്യാജപ്രചരണത്തിൽ ഇരയാക്കപ്പെട്ടതോടെ ഒന്നു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മാവേലിക്കര മാന്നാറിലെ ഒരു കുടുംബം. കുളിമുറിയിലെ ഡ്രെയ്‌നേജ് പൈപ്പിൽ തടസം നേരിട്ട് വെള്ളം നിറഞ്ഞപ്പോഴാണ് ഗൃഹനാഥൻ പൈപ്പ് വൃത്തിയാക്കാൻ ശ്രമിച്ചതും കൈകുടുങ്ങിയതും. മാവേലിക്കര മാന്നാറിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ പകർത്തിയ അഗ്‌നിശമന സേനാംഗങ്ങൾ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു

എന്നാൽ, ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വ്യാജ പ്രചാരണത്തോടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബം കടുത്ത മനോവിഷമമാണ് നേരിടുന്നത്. ഭാര്യയും ഭർത്താവും ജോലിക്കു പോകാൻ പോലും സാധിക്കുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങൾ പ്രചരിച്ചതോടെ കുടുംബം കൂടുതൽ സമ്മർദത്തിലായി.

'രണ്ടു ദിവസമായി ഡ്രെയ്‌നേജിൽ പ്രശ്നമുണ്ടായിരുന്നു. പ്ലംബറെ വിളിച്ചിട്ടും എത്തിയില്ല. രണ്ടു കുളിമുറിയിലെയും വെള്ളം ഒരു പൈപ്പിലേക്കാണ് വന്നിരുന്നത്. ഡ്രെയ്‌നേജ് അടഞ്ഞതോടെ കുളിമുറികളിൽ വെള്ളം നിറഞ്ഞു. ഡ്രെയ്‌നേജിന് അകത്ത് എന്തെങ്കിലും തടസം ഉണ്ടോ എന്നു പരിശോധിക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്. വീട്ടുകാർ ശ്രമിച്ചെങ്കിലും സ്റ്റീലിന്റെ ഭാഗമുള്ളതിനാൽ കൈ പുറത്തെടുക്കാനായില്ല. തുടർന്നാണ് അഗ്നിശമനസേനയെ വിളിച്ചതും അവർ വന്ന് രക്ഷപ്പെടുത്തിയതും. ആരാണ് തെറ്റായ പ്രചാരണം നടത്തിയതെന്നു വ്യക്തമല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് കുടുംബവുമായി ആലോചിച്ചു തീരുമാനിക്കും. മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന തെറ്റായ പ്രചാരണം ഉണ്ടായശേഷം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. മകളുടെ കൂട്ടുകാർ വിളിച്ചു ചോദിക്കുന്നതിനാൽ മകളും മാനസിക വിഷമത്തിലാണ്.'' തങ്ങൾ നേരിട്ട അപമാനം തുറന്നു പറയുന്നു.

കുളിമുറിയിലെ ഡ്രെയ്‌നേജിൽ ഭാര്യ അറിയാതെ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈ കുടുങ്ങിയ മധ്യവയസ്‌കനെ അഗ്നിശമനസേന രക്ഷിക്കുന്നു എന്ന തെറ്റായ അടിക്കുറിപ്പോടെയാണ് വിഡിയോ വൈറലായി പ്രചരിച്ചതാണ് ഒരു കുടുംബത്തെയാകെ ദുഃഖത്തിലാക്കിയത്. സത്യമറിയാതെ ചിലർ നടത്തിയ വ്യാജപ്രചാരണത്തിൽ പൊള്ളിയത് അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബത്തിനാണ്.

മദ്യപിച്ച് കൊച്ചി മെട്രോയിൽ ഉറങ്ങുന്ന യാത്രക്കാരനെന്ന പേരിൽ പ്രചരിച്ച ദൃശ്യത്തിലുണ്ടായിരുന്ന ആൾ നേരിട്ട അതേ അനുഭവമാണ് ഈ കുടുംബത്തിനും ഉണ്ടായത്. എറണാകുളം ജനറൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുന്ന സഹോദരനെ കണ്ടുവരുമ്പോൾ ഉറങ്ങിപ്പോയതായിരുന്നു ബധിരനും മൂകനുമായ വ്യക്തി. സത്യം പുറത്തുവരുമ്പോഴേക്കും വിഡിയോ ലക്ഷണക്കണക്കിന് ആളുകളിലെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കഥ പിന്നീട് സുരാജ് വെഞ്ഞാറമ്മൂടും സൗബിനും തകർത്തഭിനയിച്ച 'വികൃതി' എന്ന സിനിമയ്ക്ക് ആധാരമാകുകയും ചെയ്തിരുന്നു.

ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന പ്രചാരണം ശരിയല്ലെന്നു മാവേലിക്കര ആഗ്നിശമന ഓഫിസ് അറിയിച്ചു. ഡ്രെയ്‌നേജ് വൃത്തിയാക്കുന്നതിനിടെ 26-ാം തീയതി രാത്രിയാണ് മധ്യവയസ്‌കന്റെ കൈ കുടുങ്ങിയത്. വീട്ടുകാർ ശ്രമിച്ചിട്ടും കൈ പുറത്തെടുക്കാൻ കഴിയാത്തതിനെത്തുടർന്നാണ് അഗ്നിശമനസേനയെ നാട്ടുകാർ വിവരമറിയിച്ചത്. തുടർന്ന് ടൈൽസ് അടക്കം മാറ്റി ആളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും ആഗ്നിശമനസേന പറഞ്ഞു. അഗ്നിശമനസേനയെ വിളിച്ച അയൽക്കാരും ഇക്കാര്യം തറപ്പിച്ച് പറഞ്ഞപ്പോഴും വീഡിയോ വ്യാജ കുറിപ്പോടെ പ്രചരിപ്പിച്ചതാണ് ഒരു കുടുംബത്തെ ഒന്നാകെ കടുത്ത അപമാനത്തിലേക്ക് തള്ളിവിട്ടത്.