തിരുവനന്തപുരം: ടെലിവിഷൻ താരങ്ങളുടെ മോർഫ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന സംഭവം അടുത്തിടെ നിരന്തരം പുറത്തുവരുന്നതാണ്. ഇതിന്റെ ഇരയായിരുന്നു ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലാണ് പരസ്പരത്തിലെ നായിക ഗായത്രി അരുണും. ഇവരുടെ അശ്ലീലചിത്രങ്ങളും വീഡിയോയും നവമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ കോളേജ് വിദ്യാർത്ഥി പിടിയിലായി. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് പിടിയിലായത്.

ഏഷ്യാനെറ്റിലെ പരസ്പരം എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ ഗായത്രി അരുണാണ് അപവാദപ്രചരണത്തിന് ഇരയായത്. നടിയുടെ പേരിലുള്ള വ്യാജ ചിത്രങ്ങളും അശ്ലീല കമന്റുകളും ആണ് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതിനെതിരെ നടി നൽകിയ പരാതിയിലാണ് വെമ്പായം സ്വദേശിയും ബിഎ ഇക്കണോമിക്‌സ് വിദ്യാർത്ഥിയുമായ മുനീബ് പിടിയിലായത്. ഇയാൾ നടിയുടെ മുഖം മറ്റൊരു ചിത്രത്തിനൊപ്പം മോർഫ് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു.

തന്റെ പേരിൽ പ്രചരിച്ച വീഡിയോ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായി ഗായത്രി പറഞ്ഞു. സീരിയൽ രംഗത്ത് പേരെടുത്തു വരുന്ന സമയത്താണ് ഗായത്രിക്ക് സൈബർ ലോകത്തുനിന്ന് ആദ്യ ദുരനുഭവമുണ്ടായത്. സമൂഹമാദ്ധ്യമങ്ങൾ വഴി ഗായത്രിയുടേതെന്ന പേരിൽ വാട്‌സ്ആപ് നമ്പർ പ്രചരിച്ചു.

ഇതിനു പിന്നാലെ ഗായത്രിയുടെ പേരിൽ അശ്ലീല ചിത്രങ്ങളും പരാമർശങ്ങളുമെല്ലാം പോസ്റ്റ് ചെയ്ത വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലും സജീവമായി പ്രചരിച്ചത്. തുടർന്ന് വാട്‌സ്ആപ് വഴി അശ്ലീല വീഡിയോയും പ്രചരിച്ചു. അഞ്ചുവർഷത്തോളം പഴക്കമുള്ള വീഡിയോയാണ് തന്റെ പേരിൽ പ്രചരിച്ചതെന്ന് ഗായത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ തന്നെ അടുത്തറിയുന്നവരാരും ഇതു വിശ്വസിച്ചില്ല. തന്റെ ഭർത്താവ് അരുണിൽ നിന്നും ലഭിച്ച പിന്തുണയാണ് ഏറെ ആശ്വാസം പകർന്നത്. തന്റെ ദുരവസ്ഥ ഇനി മറ്റൊരു നടിക്കും ഉണ്ടാകരുതെന്നും നടി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ഇതെക്കുറിച്ച് ഗായത്രി സൈബർ സെല്ലിൽ പരാതി നൽകിയിനെ തുടർന്ന് നേരത്തെ വെഞ്ഞാറംമൂട് സ്വദേശിയും അറസ്റ്റിലായിരുന്നു. ഗായത്രിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ചത് ഇപ്പോൾ അറസ്റ്റിലായ മുനീബ് ആണെന്നാണ് പൊലീസ് വ്യക്തമക്കുന്നത്. അതേസമയം അശ്ലീല വീഡിയോ അപ്‌ലോഡ്‌ചെയ്തയാൾ ആരെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല.