- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉദയ്‌പ്പൂർ ഐഎഎമ്മിൽ നിന്ന് രാജിവച്ച് ശമ്പളം ഇല്ലാതെ ക്ലാസെടുക്കുന്ന മനേജ്‌മെന്റ് വിദഗ്ധൻ; കള്ളവോട്ടിലെ സത്യം കണ്ടെത്താൻ ചെന്നിത്തല നിയോഗിച്ചത് ഡേറ്റാ അനലിസ്റ്റായ ഇലക്ഷൻ സ്ട്രാറ്രജിസ്റ്റിനെ; കോൺഗ്രസ് നേതാവിന്റെ മകൻ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്തിയത് ആറു മാസത്തെ നിരീക്ഷണങ്ങളിലൂടെ; കള്ളവോട്ടിലെ 'കള്ളനെ പിടിക്കാൻ' എത്തിയത് വിസിറ്റിങ് പ്രഫസർ
കൊച്ചി: കള്ളവോട്ടുകൾ പിടിച്ചാൽ മാത്രമേ ഇടതുപക്ഷത്തെ തോൽപ്പിക്കാനാകൂ. ഇടത് കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ഇത് അനിവാര്യമാണ്. ആറ്റിങ്ങൽ പിടിക്കാൻ അടൂർ പ്രകാശ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുറത്തെടുത്ത തന്ത്രം. നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും കള്ളവോട്ട് വില്ലനാകുമെന്ന് കോൺഗ്രസുകാർ തിരിച്ചറിഞ്ഞിരുന്നു. അതും പേരും പ്രശസ്തിയും ആഗ്രഹിക്കാത്ത വിദഗ്ധനെ. ഇതാണ് കള്ളവോട്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സഹായിച്ചതും കള്ളത്തരം ഓരോന്നായി പുറത്തു വന്നതിന് വഴിയൊരുക്കിയതും.
കോൺഗ്രസ് നേതാവിന്റെ മകനാണ് ഈ വിദഗ്ധൻ. ഉദയ്‌പ്പൂർ ഐ ഐ എം പ്രഫസറായിരുന്നു ബിസിസ് സ്ട്രാറ്റജിയിൽ പി ച്ച് ഡിയും ഉണ്ട്. പ്രഫസർ ജോലി രാജി വെച്ച് ശമ്പളം ഇല്ലാതെ ഐ ഐ എമ്മിൽ ക്ലാസ് എടുക്കുന്ന വ്യക്തി. ആറ് മാസത്തിലധിക നീണ്ട പ്രവർത്തനത്തിലൂടെയാണ് ഓരോ മണ്ഡലത്തിലേയും കള്ളവോട്ട് ഇദ്ദേഹം കണ്ടെത്തിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപേ കെ പി സി സി യെ വിഷയം ധരിപ്പിച്ചിരുന്നു. ആറ്റിങ്ങലിൽ അടൂർ പ്രകാശും കള്ളവോട്ടിന്റെ പ്രസക്തി തെളിയിച്ചു. ഇതോടെ കോൺഗ്രസ് നേതൃത്വവും നിയമസഭയിലേക്ക് മുന്നൊരുക്കം തുടങ്ങി.
ഉന്നത എ ഐ സി സി നേതാക്കളുമായുള്ള അടുത്ത ബന്ധം പുലർത്തുന്ന ഈ വ്യക്തിയെ ഈ ചുമതല ഏൽപ്പിക്കുകയും ചെയ്തു. സോഫ്റ്റ് വെയറുകളിലൂടെ ഡാറ്റാ നിരീക്ഷിച്ച് കള്ളത്തരം കണ്ടെത്തി. നേരത്തെ എ ഐ സി സി ഗവേഷണ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു വിദഗ്ധൻ അറിയപ്പെടുന്ന ഇലക്ഷൻ സ്ട്രാറ്രജിസ്റ്റാണ്. പോരാത്തതിന് മനേജ്‌മെന്റ് വിദഗ്ധനും. ഡേറ്റ അനലിസ്റ്റ് ആയ ഇദ്ദേഹം ഇപ്പോൾ രാജ്യത്തിന് അകത്തും പുറത്തുമുള്ള മാനേജ്‌മെന്റ് കോളേജുകളിൽ വിസിറ്റിങ് പ്രഫസറാണ്. ഈ വ്യക്തിയുടെ മികവാണ് കോൺഗ്രസിന്റെ കള്ളവോട്ട് കണ്ടെത്തലിന് പിന്നിൽ കരുത്താകുന്നത്.
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ലക്ഷക്കണക്കിന് കള്ളവോട്ടുകൾ ചേർത്തതിനെതിരെയുള്ള പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി തുടങ്ങിയതോടെ ഇടതുപക്ഷം കുടുങ്ങുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അപ്പോഴും പേരും പ്രശസ്തിയും ഒന്നും താൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടിലാണ് ഈ വിദഗ്ധൻ. അതുകൊണ്ടാണ് ഇതിന് പിന്നലെ വ്യക്തിയെ കുറിച്ചുള്ള പേരും മറ്റും കോൺഗ്രസ് നേതൃത്വം ഈ ഘട്ടത്തിലും രഹസ്യമായി സൂക്ഷിക്കുന്നത്. കോൺഗ്രസിന്റെ കണ്ടെത്തലുകൾ കമ്മീഷനും ശരിയാണെന്ന് പ്രാഥമികമായി വിലയിരുത്തുന്നു.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലും പതിനായിരക്കണക്കിന് ഇരട്ടവോട്ടുകളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തലും. കള്ളവോട്ട് ചേർത്തത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട സംസ്ഥാനത്തെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരാണെന്ന സൂചനയും കമ്മീഷന് ലഭിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് പറയുന്നു. ഈ പശ്ചാത്തലത്തിൽ, ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ കൂടുതൽ ജില്ലകളിൽ പരിശോധന നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരു ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് വിശദമായി പരിശോധിച്ച് മാർച്ച് 20നകം റിപ്പോർട്ട് നൽകണമെന്നാണ് കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരിക്കുന്നത്. കണ്ണൂർ, കൂത്തുപറമ്പ്, കൽപ്പറ്റ, തവനൂർ, പട്ടാമ്പി, ചാലക്കുടി, പെരുമ്പാവൂർ, ഉടുമ്പൻചോല, വൈക്കം, അടൂർ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പരിശോധന നടത്താൻ ബുധനാഴ്ച നിർദ്ദേശം നൽകിയിരുന്നു. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ടിക്കാറാം മീണ അറിയിച്ചു. കഴിഞ്ഞ ദിവസം നൽകിയ അഞ്ച് മണ്ഡലങ്ങൾക്ക് പുറമേ, ഒമ്പത് ജില്ലകളിലെ പത്ത് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വിവരങ്ങൾ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.
ഏറ്റവും കൂടുതൽ വ്യാജ വോട്ടർമാരെ കണ്ടെത്തിയത് തവന്നൂരാണ്. 4395 പേർ. കൂത്തുപറമ്പ് (2795), കണ്ണൂർ (1743), കൽപ്പറ്റ (1795), ചാലക്കുടി (2063), പെരുമ്പാവൂർ (2286), ഉടുമ്പൻചോല (1168), വൈക്കം (1605), അടൂർ (1283) എന്നിങ്ങനെയാണ് കണ്ടുപിടിക്കപ്പെട്ട മറ്റ് മണ്ഡലങ്ങളിലെ കള്ളവോട്ടുകൾ. ഓരോ വോട്ടർമാർക്കും ഒന്നിലധികം വോട്ടേഴ്സ് ഐഡി നൽകിയെന്നതാണ് ക്രിമിനൽ കുറ്റം.
മറുനാടന് മലയാളി ബ്യൂറോ