- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളവോട്ടിൽ യുഡിഎഫ് തയ്യാറാക്കിയത് 20ലക്ഷം പേരുടെ പട്ടിക; സംശയം ഉണ്ടായാൽ ചലഞ്ച് ചെയ്യും; തടസ്സപ്പെടുത്തിയാൽ നിയമ നടപടി; മതിയായ സുരക്ഷ ഇല്ലെങ്കിൽ കള്ളവോട്ടുകാരുടെ പട്ടിക തയ്യാറാക്കും; വോട്ടെടുപ്പ് കഴിഞ്ഞ് ചീഫ് ഏജന്റിന് കൈമാറും; വോട്ട് ചെയ്യാത്തവരുടെ പട്ടിക തയ്യാറാക്കി കള്ളവോട്ട് കണ്ടെത്താനും സംവിധാനം; ഇരട്ട വോട്ടിൽ രണ്ടും കൽപ്പിച്ച് കോൺഗ്രസ്; എങ്ങും ജാഗ്രത
കോഴിക്കോട്: സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ മുഴുവൻ വിവരങ്ങളും പുറത്തുവിട്ടതിന് പിന്നാലെ ഇരട്ട വോട്ടുകൾ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി യുഡിഎഫ്. ഇരട്ട വോട്ട് തടഞ്ഞാൽ ജയം ഉറപ്പെന്ന് കോൺഗ്രസ് കരുതുന്നു. അതുകൊണ്ട് തന്നെ ബൂത്ത് ഏജന്റുമാർക്കെല്ലാം ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ കൈമാറിക്കഴിഞ്ഞു. ഇരട്ട വോട്ടുകളുടെ വിവരങ്ങൾ പുറത്തുവിട്ട www.operationtwins.com എന്ന വെബ്സൈറ്റിലും നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൃത്യമായ നീക്കങ്ങളിലൂടെ ഇരട്ടവോട്ട് ചെയ്തവരെ മുഴുവൻ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനാണ് യുഡിഎഫിന്റെ നീക്കം. ഇരട്ട വോട്ടുകൾ കണ്ടെത്തുകയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ട നടപടികൾ സ്വകരിക്കാത്ത പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതപാലിച്ച് ഇരട്ടവോട്ടുകൾ ചെയ്യുന്നവരെ കണ്ടെത്താൻ ഒരുങ്ങുന്നതെന്ന് യുഡിഎഫ് പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനെക്കാൾ കഠിനമായ പ്രവർത്തനമാണ് കോൺഗ്രസും യുഡിഎഫും നടത്തിയതെന്നും അവർ അവകാശപ്പെട്ടു.
കള്ളവോട്ടു തടയാൻ വ്യാജ, ഇരട്ട വോട്ടുകളെന്നു സംശയിക്കുന്ന 20 ലക്ഷം പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കോൺഗ്രസ്. ബൂത്ത് തലത്തിലുള്ള പട്ടിക പോളിങ് ഏജന്റുമാർക്കു കൈമാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷൻ എഎസ്ഡി (ആബ്‌സന്റ്, ഷിഫ്റ്റ്, ഡെഡ്) പട്ടികയിൽ 38,556 പേരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. എന്നാൽ, ഒരു ഫോട്ടോ ഉപയോഗിച്ചു പല പേരുകളിൽ വോട്ടർ കാർഡ് ഉണ്ടാക്കിയതുൾപ്പെടെയുള്ള ക്രമക്കേടുകളുടെ തെളിവുകളാണു കോൺഗ്രസ് ശേഖരിച്ചിരിക്കുന്നത്.
വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് മാത്രമല്ല, മുഖവും നോക്കണമെന്നും സംശയമുണ്ടെങ്കിൽ ചാലഞ്ച് ചെയ്യണമെന്നുമാണ് ഏജന്റുമാർക്കു നിർദ്ദേശം നൽകിയിരിക്കുന്നത്. ചാലഞ്ച് ചെയ്യുന്നതു തടസ്സപ്പെടുകയാണെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകും. ചാലഞ്ച് ചെയ്യാൻ വേണ്ടത്ര സുരക്ഷാ സൗകര്യമില്ലാത്ത ബൂത്തുകളിൽ സംശയിക്കുന്നവരുടെ പട്ടിക കൃത്യമായി രേഖപ്പെടുത്തണമെന്നും വോട്ടെടുപ്പു കഴിഞ്ഞാലുടൻ ഈ പട്ടിക ചീഫ് ഏജന്റിനു കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. വോട്ടു ചെയ്യാത്തവരുടെ പട്ടിക വിലയിരുത്തി കള്ളവോട്ടുകൾ കണ്ടെത്താനുള്ള സംവിധാനം കെപിസിസിയുടെ ബൂത്ത് മാനേജ്‌മെന്റ് കമ്മിറ്റി തയാറാക്കിയിട്ടുണ്ട്. ഇങ്ങനെ തയാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിൽ ഫലത്തിനു കാത്തു നിൽക്കാതെ നാളെ മുതൽ തന്നെ നിയമ നടപടികളിലേക്കു കടക്കാനാണു പാർട്ടിയുടെ തീരുമാനം.
ഇരട്ട വോട്ട് ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽ കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ പട്ടിക വരണാധികാരിക്ക് കൈമാറുകയും ചെയ്തു. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് ഇരട്ട വോട്ട് തടയാൻ കർശന നടപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രംഗത്തെത്തിയിരിക്കുന്നത്. ജില്ലാ വരണാധികാരികൾക്കും ഉപവരണാധികാരികൾക്കുമാണ് ഇരട്ട വോട്ട് തടയുന്നതിനുള്ള ചുമതല. ഇരട്ട വോട്ടുകൾ ചെയ്യുന്നുണ്ടോ എന്ന് പ്രിസൈഡിങ് ഓഫീസർമാർ ശ്രദ്ധിക്കണം. ഇരട്ട വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ചെയ്യുന്ന ആൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കണം.
ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിങ് ഓഫിസർമാർക്കും കൈമാറും. പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിടുന്നതിന് മുൻപ് സത്യവാങ്മൂലം നൽകണമെന്നാണ് നിർദ്ദേശം. പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.ഇരട്ട വോട്ടുകളുടെ പട്ടിക രാഷട്രീയ പാർട്ടികൾക്കും പ്രിസൈഡിങ് ഓഫീസർമാർക്കും നൽകണമെന്ന്‌ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. 4.34 ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ അറിയിക്കുകയും അതിന്റെ കണക്കുകൾ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാനത്ത് 38586 ആളുകളുടെ പേര് വോട്ടർ പട്ടികയിൽ ഇരട്ടിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ