തിരുവനന്തപുരം: സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കഴിഞ്ഞ ദിവസങ്ങളിൽ 14 മണ്ഡലങ്ങളിലെ വിവരങ്ങൾ കമ്മീഷന് കൈമാറിയിരുന്നു.

51 മണ്ഡലങ്ങളിലായി 1,63,071 വ്യാജവോട്ടർമാരുടെ വിവരങ്ങളാണ് ഇന്ന് തിരഞ്ഞെടുപ്പ കമ്മീഷന് നൽകിയത്. ഇതോടെ ആകെ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വ്യാജവോട്ടർമാരുടെ എണ്ണം 2,16,510 ആയി ഉയർന്നു. മറ്റു മണ്ഡലങ്ങളിലെ ക്രമക്കേട് കണ്ടെത്തുന്നതിനുള്ള യു.ഡി.എഫ് പ്രവർത്തകരുടെ ശ്രമം തുടരുകയാണ്.

ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വ്യാജ വോട്ടർമാരുടെ വിവരം ഇങ്ങനെ :

പൊന്നാനി (5589), കുറ്റ്യാടി (5478), നിലമ്പൂർ (5085), തിരുവനന്തപുരം സെൻട്രൽ (4871), വടക്കാഞ്ചേരി (4862), നാദാപുരം (4830) തൃപ്പൂണിത്തുറ (4310), വണ്ടൂർ (4104), വട്ടിയൂർക്കാവ് (4029), ഒല്ലൂർ (3940), ബേപ്പൂർ (3858) തൃക്കാക്കര (3835) പേരാമ്പ്ര (3834), പാലക്കാട് (3750), നാട്ടിക (3743), ബാലുശ്ശേരി (3708), നേമം (3692), കുന്ദമംഗലം (3661), കായംകുളം (3504), ആലുവ (3258), മണലൂർ (3212), അങ്കമാലി (3161), തൃത്താല (3005), കോവളം (2995), എലത്തൂർ (2942), മലമ്പുഴ (2909) മുവാറ്റുപുഴ (2825), ഗുരുവായൂർ (2825), കാട്ടാക്കട (2806), തൃശ്ശൂർ ടൗൺ (2725), പാറശ്ശാല (2710), പുതുകാട് (2678), കോഴിക്കോട് നോർത്ത് (2655), അരുവിക്കര (2632), അരൂർ (2573), കൊച്ചി (2531), കൈപ്പമംഗലം (2509), കുട്ടനാട് (2485), കളമശ്ശേരി (2375), ചിറ്റൂർ (2368), ഇരിങ്ങാലക്കുട (2354), ഒറ്റപ്പാലം (2294), കോഴിക്കോട് സൗത്ത് (2291), എറണാകുളം ടൗൺ (2238), മണാർക്കാട് (2218), ആലപ്പുഴ (2214), നെടുമങ്ങാട് (2208), ചെങ്ങന്നൂർ (2202), കുന്നത്തുനാട് (2131), പറവൂർ (2054), വർക്കല (2005).
അമ്പരപ്പിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തുട നീളം വ്യാജ വോട്ടർമാരെ സൃഷ്ടിച്ചിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓരോ മണ്ഡലത്തിലെയും യഥാർത്ഥ ജനവിധി അട്ടിമറിക്കുന്നതിന് പര്യാപ്തമാണ് ആ മണ്ഡലങ്ങളിലെ വ്യജവോട്ടർമാരുടെ എണ്ണം. യഥാർത്ഥ വോട്ടർമാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടർമാരെ സൃഷ്ടിക്കുകായണ് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ല. ഇത്തരത്തിൽ തങ്ങളുടെ പേരിൽ വ്യാജവോട്ടർമാരെ സൃഷ്ടിച്ചിട്ടുള്ള വിവരം പലപ്പോഴും യഥാർത്ഥ വോട്ടർമാർ അറിഞ്ഞിട്ടുണ്ടെന്നും വരില്ല. യഥാർത്ഥ വോട്ടറുടെ കയ്യിൽ ഒരു തിരച്ചറിയൽ കാർഡു മാത്രമേ കാണുകയുള്ളൂ. വ്യാജമായി സൃഷ്ടിച്ച കാർഡുകൾ മറ്റു ചിലരുടെ പക്കലായിരിക്കും. ഇത് ഉപയോഗിച്ച് അവർക്ക് വോട്ടെടുപ്പ് ദിവസം കള്ളവോട്ട് ചെയ്യാനാവും.

സംസ്ഥാനത്തുടനീളം ഒരേ ശൈലിയിലാണ് ഈ വ്യാജവോട്ട് നിർമ്മാണം നടന്നിരിക്കുന്നത്. സംസ്ഥാന തലത്തിൽ ഗൂഢാലോചനയും സംഘടിതമായ പ്രവർത്തനവും നടന്നിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗുരുതരമായ അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.