ജയ്പുർ: രാജസ്ഥാനിൽ മറ്റൊരു ആൾദൈവം കൂടി അറസ്റ്റിൽ. ആൾവാറിൽ നിന്നുള്ള എഴുപതുകാരനായ ഫലാഹാരി ബാബയെന്ന സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി മഹാരാജാണ് പീഡനക്കേസിൽ അറസ്റ്റിലായത്. ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഛത്തീസ്‌ഗഡിൽ നിന്നുള്ള ഇരുപത്തൊന്നുകാരി നൽകിയ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ 25 വർഷമായി പഴങ്ങൾ മാത്രം കഴിച്ചാണ് ജീവിക്കുന്നതെന്ന വെളിപ്പെടുത്തലാണ് ഈ സ്വാമിക്ക് 'ഫലാഹാരി ബാബ' എന്ന വിളിപ്പേരു സമ്മാനിച്ചത്. അറസ്റ്റ് ഉറപ്പായതോടെ 'കടുത്ത രക്തസമ്മർദ'വുമായി ഇയാൾ ആശുപത്രിയിൽ അഭയംതേടിയിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനു ബാബയുടെ ദിവ്യധാം ആശ്രമത്തിലാണു സംഭവം. യുവതിയുടെ യുവതിയുടെ മാതാപിതാക്കൾ 15 വർഷത്തിലേറെയായി ബാബയുടെ അനുയായികളാണ്. ബാബ ഇവരുടെ വീട്ടിൽ പലതവണ തങ്ങുകയും ചെയ്തിട്ടുണ്ട്. നിയമവിദ്യാർത്ഥിനിയായ യുവതിക്ക് ഇന്റേൺഷിപ് കാലത്ത് ആദ്യ പ്രതിഫലമായി ലഭിച്ച 3,000 രൂപ ബാബയ്ക്കു സമർപ്പിക്കുന്നതിനായാണ് ഓഗസ്റ്റ് ഏഴിന് ആശ്രമത്തിലെത്തിയത്. അന്നു ഗ്രഹണ ദിവസമായതിനാൽ ബാബ ആരെയും മുഖംകാണിക്കില്ലെന്നും അതിനാൽ ആശ്രമത്തിൽ തങ്ങാനും ആവശ്യപ്പെടുകയായിരുന്നു.

തുടർന്നു വൈകുന്നേരം മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നു പരാതിയിൽ പറയുന്നു. ബാബയുടെ ഇടപെടൽ മൂലമാണു ഡൽഹിയിൽ യുവതിക്ക് ഇന്റേൺഷിപ് സൗകര്യം ലഭിച്ചത്. പുറത്തു പറയരുതെന്നു ഭീഷണിയുണ്ടായിരുന്നുവെങ്കിലും ഗുർമീത് റാം റഹിം സിങ് ജയിലിലായതോടെ പരാതിയുമായി പൊലീസിനെ സമീപിക്കാൻ യുവതിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. യുവതിയും മാതാപിതാക്കളും ഛത്തീസ്‌ഗഡ് ഡിജിപി എ.എൻ.ഉപാധ്യായയെ നേരിട്ടുകണ്ടാണു പരാതി പറഞ്ഞത്.

തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ബിലാസ്പുർ പൊലീസ് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥൻ ആശ്രമം സ്ഥിതിചെയ്യുന്ന ആൾവാറിലെ ആരവലി വിഹാർ സ്റ്റേഷനിൽ എത്തിയതറിഞ്ഞാണു ബാബ ആശുപത്രിയിൽ അഭയംതേടിയത്. ബാബയെയും ആശ്രമത്തെയും ഇകഴ്‌ത്തിക്കാണിക്കുന്നതിനായി ചിലർ വ്യാജ ആരോപണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നായിരുന്നു ആശ്രമാധികൃതരുടെ നിലപാട്.