ജയ്പൂർ: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടി നടത്തിയ മുന്നേറ്റമാണ് ഇപ്പോൾ രാഷ്ട്രീയ ലോകത്തെ പ്രധാന ചർച്ച. ഇതിന് പിന്നാലെയാണ് രാജ്യത്തെ വനിതാ മുഖ്യമന്ത്രിമാരുടെ എണ്ണത്തിലും ഇടിവ് വന്നത്. രാജസ്ഥാനിൽ കോൺഗ്രസ് ആധിപത്യം വന്നതിന് പിന്നാലെ വസുന്ധര രാജെ സിന്ധ്യ സ്ഥാനമൊഴിയുന്നതോടെ ബംഗാളിലെ വനിതാ മുഖ്യമന്ത്രിയായ മമത ബാനർജി മാത്രമാണ് ഈ പട്ടികയിൽ അവസാനമുള്ളത്.

2016 ൽ നാലു വനിതാ മുഖ്യമന്ത്രിമാരായിരുന്നു രാജ്യത്തുണ്ടായിരുന്നത്. 2016 ഓഗസ്റ്റിൽ ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ഡിസംബറിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പു നടന്ന 5 സംസ്ഥാനങ്ങളിൽ ഛത്തീസ്‌ഗഡിൽ മാത്രമാണ് ഇക്കുറി വനിതാ എംഎൽഎമാരുടെ എണ്ണം കൂടിയത്. പത്തിൽനിന്നു 13 ആയാണു വർധന. മിസോറമിലാകട്ടെ, വനിതാ എംഎൽഎമാരേയില്ല. കഴിഞ്ഞ തവണ ഒരാൾ ഉണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ കണക്ക് : മധ്യപ്രദേശ് 17 (30), രാജസ്ഥാൻ 22 (27), തെലങ്കാന 5 (9). (ബ്രാക്കറ്റിൽ കഴിഞ്ഞ സഭയിലെ എണ്ണം)

കോൺഗ്രസിന്റേത് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത വിജയമെന്നും വിലയിരുത്തൽ

രാജസ്ഥാനിൽ ഭരണം പിടിച്ചതിൽ ആഹ്ലാദിക്കാമെങ്കിലും കോൺഗ്രസിന്റേത് പ്രതീക്ഷയ്‌ക്കൊത്തുയരാത്ത വിജയം. കടുത്ത ഭരണവിരുദ്ധ വികാരം മൂലം അനായാസമായി വിജയം കാണുമെന്നു കരുതിയ കോൺഗ്രസിനു നന്നായി പൊരുതേണ്ടിവന്നു. പാർട്ടിയിലെ പടലപിണക്കങ്ങൾക്കൊപ്പം ബിഎസ്‌പി, ആംആദ്മി പാർട്ടി തുടങ്ങിയ മറ്റു പ്രതിപക്ഷകക്ഷികളും ഭരണവിരുദ്ധവികാരത്തിന്റെ പങ്കു പറ്റി. പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റിന്റെയും മുന്മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെയും ഗ്രൂപ്പുകളാണ് ആധിപത്യത്തിനു മൽസരിച്ചത്.

തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപു നടന്ന ഒരു പൊതുയോഗത്തിലാണു രാഹുൽ ഗാന്ധി, ഗെലോട്ടിനോടും സച്ചിൻ പൈലറ്റിനോടും പരസ്പരം ആശ്ലേഷിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ പിണക്കങ്ങളില്ലെന്നു പ്രഖ്യാപിച്ചതും. എന്നാൽ ഇതൊന്നും ഭിന്നതകൾ അവസാനിപ്പിച്ചില്ല. സ്ഥാനാർത്ഥി നിർണയം അവസാന ദിവസം വരെ നീണ്ടതും ഗ്രൂപ്പു സമവാക്യങ്ങളുടെ പേരിൽ പലർക്കും സീറ്റ് നിഷേധിച്ചതും വിജയ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു അര ഡസനിലേറെ സീറ്റുകളിൽ ആദ്യം പ്രഖ്യാപിച്ചവരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരേണ്ടി വന്നു.

30 ലേറെ സീറ്റുകളിലാണ് ഇതോടെ റിബലുകൾ മൽസരിച്ചത്. ജയിച്ച സ്വതന്ത്രരിൽ ഏറെയും കോൺഗ്രസ് റിബലുകളാണ്. ബിഎസ്‌പിയും മറ്റു ചെറു പാർട്ടികളും പിടിച്ച വോട്ടുകളും നിർണായകമായി. 4 ശതമാനത്തിലേറെ വോട്ടും 6 സീറ്റുകളും നേടിയ ബിഎസ്‌പി കിഴക്കൻ മേഖലകളിൽ കോൺഗ്രസിനു ക്ഷീണമുണ്ടാക്കി.

കോൺഗ്രസിന്റെ പരമ്പരാഗത വോട്ടർമാരായ ജാട്ടുകൾക്കിടയിൽ ഹനുമാൻ ബേണിവാളിന്റെ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയും വിള്ളലുകൾ സൃഷ്ടിച്ചു. അതിനിടെ, 60 സീറ്റുകൾക്കു മുകളിലേക്കു ബിജെപിക്കു കിട്ടില്ലെന്ന പ്രവചനങ്ങൾ തെറ്റിച്ച് 73 സീറ്റുകൾ നേടിയെടുത്തതോടെ ഒന്നു വ്യക്തമാണ്- വസുന്ധര രാജെയെ ഉടൻ എഴുതിത്ത്തള്ളാൻ ബിജെപി കേന്ദ്രനേതൃത്വത്തിനാവില്ല.