മുംബൈ: സംസ്ഥാന തിരഞ്ഞെടുപ്പ് ചൂടിന്റെ പൊള്ളൽ ആദ്യം പ്രതിഫലിച്ചത് ഇന്ത്യയുടെ വിപണിയിലാണ്. കോൺഗ്രസ് തീവ്രമായ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ ഓഹരി വിപണിക്ക് വൻ ഇടിവാണുണ്ടായത്. വോട്ടെണ്ണലിൽ കോൺഗ്രസ് മുന്നേറുന്നുവെന്ന വാർത്ത വന്ന് ഏതാനും മണിക്കൂറുകൾക്കകം സെൻസെക്‌സ് ഇടിഞ്ഞു.

501 പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ് 34,478.12 ൽ എത്തിയപ്പോൾ ദേശീയ സൂചികയായ നിഫ്റ്റി 137.70 പോയന്റ് നഷ്ടത്തിൽ 10,345.40ലും എത്തി. ആർബിഐ ഗവർണർ ഊർജിത്ത് പട്ടേലിന്റെ രാജിക്ക് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആശങ്കയിലാക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.ഇതോടെ രാജ്യത്തിന്റെ വിപണി മേഖല ആശങ്കയിലായിരിക്കുകയാണ്.

യുസിഒ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ഇനോക്‌സ് ലിഷേർ, യെസ് ബാങ്ക് ലിമിറ്റഡ്, ദേവാൻ ഹൗസിങ്ങ് എന്നീ കമ്പനികളുടെ ഓഹരി വിപണി നേട്ടത്തിലും വക്രാൻജി, ഐഎൽ ആൻഡ് എഫ്എസ് ട്രാൻസ്‌പോർട്ടേഷൻ, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, ഇൻഡസ്ലൻഡ് ബാങ്ക്, നവാകർ കോർപ്പറേഷൻ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരി വിപണി നഷ്ടത്തിലുമാണുള്ളത്.

ആർബിഐ ഗവർണറുടെ രാജിയും കനത്ത തിരിച്ചടി

റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ രാജി പ്രഖ്യാപനത്തെ തുടർന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യത്തിൽ ഇന്ന് 91 പൈസയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഇന്നലെ വിനിമയ വിപണിയിൽ വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഡോളറിനെതിരെ 71.35 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡോളറിനെതിരെ 72.26 എന്ന താഴ്ന്ന നിലയിലാണ് ഇന്ത്യൻ നാണയം.

ഒരു ഘട്ടത്തിൽ രൂപയുടെ മൂല്യം 72.46 എന്ന നിലയിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ പുറത്ത് വന്ന തെരഞ്ഞടുപ്പ് ഫല സൂചനകൾ ഇന്ത്യൻ നാണയത്തെ വലിയ തോതിൽ സമ്മർദ്ദത്തിലാക്കുന്നതായാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ഇത് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടുന്നതായും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.