ലണ്ടൻ: ആഗോള ഇന്ധന വില താഴ്ന്നു താഴ്ന്നു പുതിയ റെക്കോർഡ് വിലയിടിവിൽ. ഇന്നലെ അന്താരാഷ്ട്ര വിപണി വില ബാരലിന് 49 ഡോളർ ആയി താണപ്പോൾ അനേകം ചെറിയ ഉത്പ്പാദന രാഷ്ട്രങ്ങളിൽ പുതിയ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നു. ഇക്കൂട്ടത്തിൽ വെനിസ്വേലയും നൈജീരിയയും പാപ്പരാകുന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണ്.

ഓയിൽ റിഗുകളിൽ ജോലി ചെയ്യുന്ന ഗൾഫിലെ അനേകം മലയാളികൾ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. ഇതേ സ്ഥിതിവിശേഷം അമേരിക്കയിലും ബ്രിട്ടണിലും മലയാളികൾ നേരിടുന്നുണ്ട്.

നേരിയ തോതിൽ ആണെങ്കിലും ബ്രിട്ടണിലെ അബർഡീൻ ഓയിൽ റിഗ് കമ്പനികളിൽ അനേകം മലയാളികളാണ് ജോലി ചെയ്യുന്നത്. ഇവരിൽ കുറെ പേരെ എങ്കിലും ഉൽപ്പാദന നഷ്ടത്തിന്റെ പേരിൽ കമ്പനികൾ ഒഴിവാക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. അമേരിക്കയിലും സമാന സ്ഥിതി തന്നെയെന്നാണ് സൂചന. ഉൽപ്പാദനം കുറയുമ്പോൾ അധികമായി വരുന്ന ജീവനക്കാരെ നഷ്ടം സഹിച്ചു നില നിർത്താൻ കഴിയില്ലെന്നാണ് കമ്പനികൾ പറയുന്ന ന്യായം.

ഏതാനും മാസം മുന്നേ ഇടിഞ്ഞു തുടങ്ങിയ എണ്ണ വില ഉടനെയൊന്നും കരകയറാൻ സാധ്യത ഇല്ല എന്ന വിലയിരുത്തലിൽ ആണ് കമ്പനികൾ. ഇതോടെ ഏറ്റവും സുരക്ഷിതമായ മാർഗ്ഗം ഉൽപ്പാദന ചെലവ് കുറയ്ക്കുക ആണെന്ന സാധ്യതയിലേക്ക് നീങ്ങുകയാണ് പ്രമുഖ കമ്പനികൾ. ഇതിന്റെ ആദ്യ പടിയായാണ് ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുന്നത്.

ഉൽപ്പാദനം കുറഞ്ഞതോടെ ഓരോ റിഗിലും നൂറിലേറെ പേരെ എങ്കിലും പറഞ്ഞയക്കേണ്ടി വരും എന്നാണ് സൂചനകൾ. ഇത്തരത്തിൽ അനേകായിരം പേർക്കാണ് ജോലി നഷ്ടപ്പെടുക. കഴിഞ്ഞ വർഷം ഇതേ സമയം നിലവിലിരുന്ന വിലയുടെ നേർ പകുതിയാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വിപണി വില. ഈ സാഹചര്യത്തിൽ കനത്ത ഉദ്പ്പാദന ചെലവ് മിക്ക കമ്പനികളെയും വൻ നഷ്ടത്തിലേക്ക് തള്ളി വിടുകയാണ്. ഇന്നലെ രാവിലെ വിപണിയിൽ പുതിയ വില തകർച്ച നേരിട്ടതോടെ അടിയന്തിര നടപടികൾക്ക് അമാന്തം വേണ്ടെന്ന നിലപാടിലേക്ക് നീങ്ങാൻ ഉൽപ്പാദക രംഗത്തുള്ളവരുടെ തീരുമാനം ഉൾക്കിടിലത്തോടെയാണ് ജീവനക്കാർ നേരിട്ടത്.

ബ്രിട്ടണിൽ അബർഡീൻ കേന്ദ്രമാക്കിയാണ് പ്രധാന എണ്ണ കിണറുകൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ നൂറോളം മലയാളികൾ എങ്കിലും വിവിധ രംഗങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ പലർക്കും ഉടൻ നാട്ടിലേക്കു മടങ്ങേണ്ടി വരും. ആഗോള വ്യാപകമായി ഉണ്ടായ പ്രതിസന്ധി എന്ന നിലയിൽ സമാന ജോലി മറ്റെവിടെയും ലഭിക്കുക അത്ര സുഗമം ആയിരിക്കില്ല. തൊഴിൽ നഷ്ടമായി നാട്ടിൽ എത്തുന്ന സാഹചര്യം ഉൾക്കൊള്ളാൻ പോലും ആകില്ല എന്ന് ഓയിൽ കമ്പനികളുടെ തീരുമാനം അറിഞ്ഞ മലയാളി ജീവനക്കാരൻ മറുനാടൻ മലയാളിയോടു പറഞ്ഞു. ഗൾഫ് മലയാളികളെ അപേക്ഷിച്ച് ബ്രിട്ടണിൽ ഈ രംഗത്ത് ജോലി ചെയ്യുന്നവരുടെ കുടുംബവും കൂടെ ഉള്ളതിനാൽ നാട്ടിലേക്കുള്ള മടക്കം ഏറെ പ്രയാസം നിറഞ്ഞത് ആകും.

എണ്ണ കമ്പനികളുടെ ആധിക്യം മൂലം സ്‌കോട്ട്‌ലന്റിലെ ഏറ്റവും പ്രമുഖ പട്ടണമായി മാറിയ അബർഡീൻ വിലയിടിവിനെ തുടർന്ന് പ്രേത നഗരം പോലെ മാറിക്കൊണ്ടിരിക്കുക ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റോയൽ ഡച് ഷെൽ, ബിപി, പെട്രോഫാക് തുടങ്ങിയ കമ്പനികളിലായി അനേകായിരം ജീവനക്കാരാണു തൊഴിൽ ചെയ്യുന്നത്.

ആഴ്ചയിൽ അഞ്ചു ദിവസം എണ്ണ ഖനനം നടത്തി ആഴ്ചയവസാനം പട്ടണത്തിൽ ഉല്ലാസം നടത്താൻ എത്തിയിരുന്ന കമ്പനി ജീവനക്കാരുടെ തിരക്കിൽ വീർപ്പു മുട്ടിയിരുന്ന കാഴ്ച ഇപ്പോൾ അബർഡീനിനു പോയ കാല ഓർമ്മ മാത്രമാണ്. ഉയർന്ന ശമ്പളം നൽകിയിരുന്ന സുഖ ലോലുപതയുടെ കാഴ്ചകളാണ് മുൻപ് ഇവിടെ ദൃശ്യം ആയിരുന്നെങ്കിൽ ഇപ്പോൾ ആളൊഴിഞ്ഞ കടകളും സജീവം അല്ലാത്ത നിരത്തുകളും ആണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ആറേഴു മാസമായി തുടരുന്ന ഈ സാഹചര്യം കൂടുതൽ ദുരിത പൂരിതം ആകുന്നതിന്റെ സൂചനകളും ലഭ്യമാണ്. നോർത്തേൺ സീയിൽ ആദ്യം എണ്ണ കണ്ടെത്തിയ നഗരം എന്ന നിലയിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടായി അബർഡീൻ കണ്ടെത്തിക്കൊണ്ടിരുന്ന സമ്പന്നതയുടെ സൂചനകളാണ് ഇപ്പോൾ അകന്നു കൊണ്ടിരിക്കുന്നത്.

ലോകം സാമ്പത്തിക തകർച്ചയിലൂടെ കടന്നു പോയ 2007 - 08 കാലത്ത് പോലും അതിന്റെ ഒരു ലാഞ്ചന പോലും അബർഡീനിൽ ദൃശ്യമായിരുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടെ 59 ശതമാനം സാമ്പത്തിക വളർച്ചയാണ് അബർഡീൻ നേടിയത്. എന്നാൽ, ഇതെല്ലാം തകിടം മറിക്കുന്ന അവസ്ഥയിലേക്കാണ് നിലവിലെ സാഹചര്യം എന്നാണു റിപ്പോർട്ടുകൾ.