തിരുവനന്തപുരം: കെഎസ്ആർടിസി, ശമ്പളം കൊടുക്കാൻ കാശില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്എല്ലാവർക്കും അറിയാം. സർക്കാർ നൽകിയ 30 കോടിയല്ലാതെ ശമ്പളത്തിനായി നയാപൈസ ബാക്കി വയ്ക്കാനില്ല. ശമ്പള വിതരണത്തിന് 50 കോടി കൂടെ വേണം. 10 ാം തീയതിക്കുള്ളിൽ ശമ്പളം നൽകുമെന്നൊക്കെ മന്ത്രി ആന്റണി രാജു പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. സർക്കാരിനെ വിശ്വാസത്തിലെടുക്കാതെ, ജീവനക്കാർ പണിമുടക്കിയതുകൊണ്ട് ഇനി ഈ പ്രശ്‌നത്തിൽ ഇടപെടാനില്ലെന്ന നിലപാടിലാണ് മന്ത്രി. ഇതോടെ തൊഴിലാളി സംഘടനകളും സർക്കാരിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് തുടങ്ങി.എഐടിയുസിയാണ് ശക്തമായ ഭാഷയിൽ വിമർശിച്ചത്. പ്രതിദിന വരുമാനത്തിൽ നിന്ന് ശമ്പളം വരണമെന്ന നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചിരിക്കുന്നത്.

അതിനിടെ, തൊഴിലാളി സംഘടനകളുടെ പേരിൽ വ്യാജ പ്രചാരണവും അരങ്ങേറുന്നു. കെ ബി ഗണേശ് കുമാർ എംഎൽഎയെ ഗതാഗത മന്ത്രിയായി നിയമിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ഇറക്കിയ പോസ്റ്റർ എന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടക്കുന്നത്. അതേസമയം, ഈ പോസ്റ്ററുകൾ തള്ളി തൊഴിലാളി സംഘടനകൾ രംഗത്തെത്തി.

ടിഡിഎഫ്, എഐടിയുസി, ബിഎംഎസ്, സിഐടിയു എന്നീ സംഘടനകളുടെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 'തൊഴിലാളി വഞ്ചക സർക്കാർ തുലയട്ടേ, പിണറായി സർക്കാർ തുലയട്ടേ, സിഎംഡി ബിജു പ്രഭാകറിനെ പിരിച്ചുവിടുക, ടോമിൻ തച്ചങ്കരിയെ കെഎസ്ആർടിസി സിഎംഡിയായി നിമയിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററിൽ ചേർത്തിട്ടുണ്ട്. തങ്ങൾ ഇത്തരമൊരു പോസ്റ്റർ ഇറക്കിയിട്ടില്ലെന്ന് എഐടിയുസി അറിയിച്ചു. സിഐടിയുവും ടിഡിഎഫും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

അതേസമയം, തൊഴിലാളി സംഘടനകളും ഗതാഗത മന്ത്രി ആന്റണി രാജുവും തമ്മിലുള്ള പോര് തുടരുകയാണ്. പണിമുടക്കിയ സംഘടനകൾക്ക് എതിരെ ബുധനാഴ്ചയും മന്ത്രി രംഗത്തെത്തി. സർക്കാരിന്റെ ഉറപ്പ് വിശ്വസിക്കാതെ പണിമുടക്കിയവർ തന്നെ പ്രശ്‌നം പരിഹരിക്കണം. സർക്കാരിനെ മുൾമുനയിൽ നിർത്തി നേട്ടമുണ്ടാക്കേണ്ടെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

'സമരത്തിലേക്ക് പോയി പ്രതിസന്ധി മൂർച്ഛിപ്പിച്ചത് ആരാണ്? അവർ തന്നെ പ്രശ്‌നം പരിഹരിക്കട്ടെ. യൂണിയനുകളും മാനേജ്‌മെന്റും കൂടി സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണം. സർക്കാർ ഇടപെടേണ്ട ആവശ്യമുണ്ടെങ്കിൽ ഇടപെടും. അല്ലാതെ സർക്കാരിനെ വിരട്ടി കാര്യം നേടാമെന്ന് ആരും ധരിക്കേണ്ടതില്ല.പണിമുടക്ക് എല്ലാത്തിനും പ്രതിവിധിയാണെന്ന് ധരിക്കേണ്ടതില്ല.'- മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം, പണിമുടക്കിനെ വിമർശിച്ച മന്ത്രിക്ക് എതിരെ എഐടിയുസി രംഗത്തുവന്നിരുന്നു. കെഎസ്ആർടിസി ജീവനക്കാർ പണിയെടുത്താൽ കൂലി കൊടുക്കണമെന്നും മറ്റു ന്യായമൊന്നും പറയേണ്ടതില്ലെന്നും എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞിരുന്നു. തൊഴിലാളികൾ പണിയെടുത്ത് ഏപ്രിൽ മാസം അടച്ച 172 കോടി രൂപ എവിടെപ്പോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയണം. പണി എടുത്താൽ കൂലി വാങ്ങാൻ തൊഴിലാളികൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിക്ക് ജനങ്ങളെ പറ്റിക്കാമെന്നും തൊഴിലാളികളെ പറ്റിക്കാൻ കഴിയില്ലെന്നും കെഎസ്ടിഇയു (എഐടിയുസി) വർക്കിങ് പ്രസിഡന്റ് എം. ശിവകുമാർ പറഞ്ഞു. തൊഴിലാളികൾ പണിമുടക്കിയപ്പോൾ 3 ദിവസത്തെ വരുമാന നഷ്ടം ഉണ്ടായെന്ന് പ്രചരിപ്പിച്ച മന്ത്രി മെയ് മാസത്തെ കളക്ഷനും ഓടിയ കിലോമീറ്ററും എത്രയാണെന്ന് വ്യക്തമാക്കണം. ഈ മാസത്തെ കെഎസ്ആർടിസി വരുമാനത്തിന്റെ കണക്ക് ഉൾപ്പടെ നിരത്തിയാണ് എം ശിവകുമാർ മന്ത്രിക്കെതിരെ രംഗത്തെത്തിയത്.

മന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാൻ കഴിയില്ലെങ്കിൽ ഈ പണി മതിയാക്കുന്നതാണ് നല്ലത്. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് നാണക്കേടായി ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള ആർജ്ജവമെങ്കിലും കാണിക്കാൻ മന്ത്രിക്ക് കഴിയണം. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ എന്ന് ഓർക്കുന്നത് നല്ലതാണെന്നും കെഎസ്ടിഇയു പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രി മടങ്ങി എത്തിയതോടെ, മന്ത്രി ആന്റണി രാജുവിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഇതോടെ ശമ്പളവിതരണത്തിനുള്ള നടപടി വേഗത്തിലാകുമെന്നാണ് യൂണിയനുകൾ കണക്കുകൂട്ടുന്നത്. അതേസമയം സർക്കാർ ഉറപ്പ് ലംഘിച്ച് പണിമുടക്കിലേക്ക് പോയതിലുള്ള അതൃപ്തി ആന്റണി രാജു മുഖ്യമന്ത്രിയെയും അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള സിഐടിയുവിന്റെ ചർച്ചയ്ക്ക് തീയതി തീരുമാനിച്ചിട്ടില്ല. ശമ്പളം കൊടുക്കാത്തത് സർക്കാരിന്റെ പരാജയമാണെന്നും അടിയന്തരമായി മുഖ്യമന്ത്രി ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കണമെന്നും ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. പത്താം തീയതി ശമ്പളം എത്തിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് നീങ്ങുമെന്നായിരുന്നു റ്റി.ഡി.എഫിന്റെ മുൻനിലപാട് എങ്കിലും തൽക്കാലം പ്രതിഷേധം സമരപരിപാടികളിൽ മാത്രമൊതുക്കും.

മന്ത്രിയാകാത്തത് ഭാഗ്യമെന്ന് ഗണേശ് കുമാർ

താൻ മന്ത്രിയാകാത്തത് ഭാഗ്യമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പത്തനാപുരം എംഎൽഎ കെ ബി ഗണേശ് കുമാർ അടുത്തിടെ പറഞ്ഞിരുന്നു. കെ സ്വിഫ്റ്റിനുണ്ടായ അപകടത്തെ പറ്റിയും കെഎസ്ആർടിസിയിലെ ശമ്പളം നൽകാത്തതിനെയും പരിഹസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.'മന്ത്രിയാകാത്തത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പത്രം വായിച്ചാൽ നിങ്ങൾക്കത് മനസിലാവും. സ്വിഫ്റ്റ് അവിടെ ഇടിക്കുന്നു ഇവിടെ ഇടിക്കുന്നു, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുത്തില്ല ഇതിനെല്ലാം ഞാൻ ഉത്തരം പറയേണ്ടിവന്നേനെ. എന്റെ കൂടെ ദൈവമുണ്ട് എന്ന കാര്യം മനസിലായല്ലോ. ഞാൻ മന്ത്രിയായില്ല എന്ന് പറഞ്ഞ് വിഷമിച്ചവർ തന്നെ എന്നെ കുറ്റം പറഞ്ഞേനെ. കെഎസ്ആർടിസിയുടെ അവസാനം കുറിച്ച ഗണേശ് കുമാർ എന്ന് പറയിപ്പിക്കാനുള്ള അവസരം ഉണ്ടായില്ലല്ലോ. എല്ലാം ദൈവത്തിന്റെ കൃപയാണ്.'- ഗണേശ് കുമാർ പറഞ്ഞു.