റിയാദ്: നിലവിലുള്ള സ്‌പോൺസറുടെ കീഴിൽ നിന്ന് പുതിയ സ്‌പോൺസറുടെ കീഴിലേക്ക് ഗാർഹിക തൊഴിലാളികളെ മാറ്റുന്നതിനെതിരേ ലേബർ മന്ത്രാലയം ശക്തമായ മുന്നറിയിപ്പു നൽകിയിട്ടും ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുകളിൽ വ്യാപകമായ അഴിമതി നടക്കുന്നതായി റിപ്പോർട്ട്. റമദാൻ നോമ്പുകാലം അടുക്കുക കൂടി ചെയ്തതോടെ വീട്ടുവേലക്കാരികൾക്കുള്ള വ്യാജവിപണി ശക്തമായതായി റിപ്പോർട്ടുണ്ട്.

മന്ത്രാലയത്തിന്റെ നിബന്ധനകൾ കാറ്റിൽ പറത്തി ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുകൾ നടക്കുന്നതു കൂടാതെ ഇവരുടെ ശമ്പളത്തിലും വൻ വർധനയാണ് ചിലർ വരുത്തിയിട്ടുള്ളത്. മാസം 6,000 റിയാൽ വരെ ശമ്പളമായി കൊടുക്കാൻ തയാറായതോടെ ഈ മേഖലയിൽ വൻ ക്രമക്കേടുകളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.

വീട്ടുജോലിക്കാരികളുടെ ശമ്പളത്തിലും മറ്റും ഇത്രയേറെ വർധനയും ഡിമാൻഡും ഏറിയ സാഹചര്യത്തിൽ മനുഷ്യക്കടത്ത് വർധിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് അൽ അഹ്‌സ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഓഫ് ദ ലോയേഴ്‌സ് കമ്മിറ്റി യൂസഫ് അൽ ജബർ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയ്ക്കു പിന്നാലെ രാജ്യത്ത് മൂന്നാമത്തെ വലിയ കുറ്റകൃത്യമായി മനുഷ്യക്കടത്ത് മാറുന്നുണ്ടെന്നും യൂസഫ് അൽ ജബർ വ്യക്തമാക്കി.

വീടുകളിൽ നിന്ന് ഒളിച്ചോടുന്ന വേലക്കാരികളെ കണ്ടെത്തി മറ്റൊരു കുടുംബത്തിന് നൽകുന്ന ബ്രോക്കർമാർ വിപണിയിൽ സജീവമാണെന്നും ഇത്തരക്കാരെ കണ്ടെത്തിയാൽ ഗുരുതരമായ നിയമനടപടികൾക്കു വിധേയമാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ശമ്പളം ഏറെ വർധിച്ചിട്ടും വീട്ടുജോലിക്കാരികളെ ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ വ്യാജബ്രോക്കർമാർ തങ്ങളുടെ സാന്നിധ്യം വിപണിയിൽ ഉറപ്പിച്ചിരിക്കുകയാണ്.