സിഡ്‌നി: പടിഞ്ഞാറൻ സിഡ്‌നിയിലെ പരാമറ്റ പാർക്കിൽ മാർച്ചിൽ കുത്തേറ്റ് മരിച്ച ഇന്ത്യക്കാരി പ്രഭാ അരുൺകുമാറിന് ജന്മദിനത്തിൽ സ്മാരകം തീർത്ത് കുടുംബാംഗങ്ങൾ. പ്രഭയുടെ നാല്പത്തിരണ്ടാം ജന്മദിനത്തിന്റെ പിറ്റേന്നാണ് പരാമറ്റ പാർക്കിൽ ഭർത്താവ് അരുൺകുമാർ, മകൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി നൂറോളം പേർ ഒത്തു കൂടിയത്. പ്രഭ കൊല്ലപ്പെട്ട പാർക്കിൽ സ്മാരക ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. പാർക്കിൽ കുത്തേറ്റ് മരിച്ച നടപ്പാതയ്ക്ക് പ്രഭാസ് വാക്ക് എന്നു പേരിടുകയും ചെയ്തു.
ഞായറാഴ്ച ചേർന്ന പ്രഭയുടെ അനുസ്മരണ സമ്മേളനം വളരെ വികാരനിർഭരമായിരുന്നു.

ഇന്ത്യയിൽ നിന്നെത്തിയ ബന്ധുക്കൾക്കു പുറമേ ഇവരുടെ ഓസ്‌ട്രേലിയയിലുള്ള സുഹൃത്തുക്കളും പാർക്കിലെത്തി ഓർമകൾ പങ്കുവച്ചു. ന്യൂസൗത്ത് വേൽസ് പൊലീസാണ് ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിക്കാൻ കുടുംബാംഗങ്ങൾക്ക് അവസരമൊരുക്കിക്കൊടുത്തത്.
തനിക്ക് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഇത്തരമൊരു പ്രതിസന്ധിയിലൂടെ മറ്റൊരാളും കടന്നുപോകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രഭയുടെ ഭർത്താവ് അരുൺകുമാർ പറഞ്ഞു. പ്രാർത്ഥനയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ പ്രഭയുടെ സ്മരണയ്ക്കായി പാർക്കിൽ തീർത്ത ബഞ്ചിൽ പൂക്കൾ അർപ്പിക്കുകയും ചെയ്തു.

കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെങ്കിലും കൊലയാളിയെ ന്യൂസൗത്ത് വേൽസ് പൊലീസ് ഉടൻ തന്നെ പിടികൂടുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അരുൺകുമാർ പറഞ്ഞു. മറ്റുള്ളവരുടെ പിന്തുണകൊണ്ട് ഹൃദയം നിറഞ്ഞതായും  പ്രഭയുടെ സഹോദരൻ ഷങ്കർ ഷെട്ടി വ്യക്തമാക്കി.  മറ്റൊരു രാജ്യത്ത് നിന്ന് ഇവിടെക്ക് വരുമ്പോൾ ലഭിച്ചസ്വീകരണം വളരെയേറെ ഹൃദ്യമായിരുന്നവെന്നും ഷെട്ടി പറഞ്ഞു. ആരെയും വേദനപ്പിക്കാത്ത പ്രകൃതമായിരുന്നു സഹോദരിയുടേതെന്നും ഇയാൾ പറഞ്ഞു.