ഡാളസ്: നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനം മുപ്പതാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ജൂലൈ 20 മുതൽ 23 വരെ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിച്ചുവരുന്നു.

ഭദ്രാസന മെത്രാപ്പൊലീത്തായും പാത്രിയർക്കൽ വികാരിയുമായ യൽദോ മോർ തീത്തോസിന്റെ മേൽനോട്ടത്തിൽ ഭദ്രാസന കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചതായി ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് ജേക്കബ് അറിയിച്ചു.

പ്രോഗ്രാമുകൾ, ധ്യാന യോഗങ്ങൾ, ചർച്ചാ വേദികൾ, വൈവിധ്യമാർന്ന കലാപരിപാടികൾ തുടങ്ങിയ വിവിധ പരിപാടികളോടെ നടത്തുന്ന കുടുംബമേളയുടെ പ്രോഗ്രാം കോഓർഡിനേറ്റർമാരായി കൗൺസിൽ അംഗം ജോജി കാവനാൽ, ഡോ. ടി.വി. ജോൺ എന്നിവരെ തെരഞ്ഞെടുത്തു.

ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളിൽ നടന്ന രജിസ്‌ട്രേഷൻ കിക്ക് ഓഫിലൂടെ ഒട്ടനവധി സഭാംഗങ്ങൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായും യൽദോ മോർ തീത്തോസ് അറിയിച്ചു.