- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
ഇരിങ്ങാലക്കുട: കുടുംബ പ്രശ്നങ്ങൾ കോടതി കയറുമ്പോൾ നഷ്ടപരിഹാരമായി വലിയ തുക നൽകേണ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട. എന്നാൽ, ഇരിങ്ങാലക്കുടയിലെ കുടുംബ കോടതിയിൽ നിന്നുമുണ്ടായ വിധി ഒരുപക്ഷേ കേരളം ശ്രദ്ധിക്കുന്നത് ഒരു പണത്തൂക്കം മുന്നിലായതു കൊണ്ടാകും. 424 പവൻ സ്വർണാഭരണങ്ങളും 2,97,85,000 രൂപയും പ്രതിമാസം ചെലവിന് 70,000 രൂപയും ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും ഭാര്യയ്ക്ക് ലഭിക്കാൻ അവകാശമുണ്ടെന്നാണ് ഇരിങ്ങാലക്കുടയിലെ കുടുംബ കോടതി വിധിച്ചത്.
ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശി ജനാർദനൻ നായരുടെ മകൾ ശ്രുതി ഭർത്താവ് കോഴിക്കോട് കോട്ടുളി സ്വദേശി മേപറമ്പത്ത് ഡോ. ശ്രീതു, ഭർതൃപിതാവ് ഗോപി, മാതാവ് മല്ലിക, സഹോദരൻ ശ്രുതി ഗോപി, സഹോദരഭാര്യ ശ്രീദേവി എന്നിവർക്കെതിരേ ഇരിങ്ങാലക്കുട കുടുംബകോടതിയിൽ നൽകിയ ഹർജിയിലാണ് ജഡ്ജ് എസ്.എസ്. സീനയുടെ ഉത്തരവ്.
ഭാര്യവീട്ടിൽ നിന്നും വാങ്ങിയ പണത്തിന്റെ കണക്കു എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു കോടതിയെ സമീപിച്ചത്. അത് അനുസരിച്ചാണ് കോടതി വിധിയും വന്നത്. ഭർത്താവ് വിദ്യാഭ്യാസച്ചെലവിനും വീട് വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനും ഭാര്യവീട്ടിൽനിന്നു കൈപ്പറ്റിയ സംഖ്യ അടക്കമാണ് 2,97,85,000 രൂപ.
2012 മെയ് 11-നാണ് ശ്രുതിയെ ഡോ. ശ്രീതു ഗോപി വിവാഹം ചെയ്തത്. 2014-ൽ മകൻ ജനിച്ചു. വിവാഹം നിശ്ചയിച്ച നാൾമുതൽ ഭർതൃവീട്ടുകാർ പണം ആവശ്യപ്പെടുക പതിവായിരുന്നെന്നും വിവാഹനിശ്ചയശേഷം എൻ.ആർ.ഐ. ക്വാട്ടയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എം.ഡി. കോഴ്സിനുവേണ്ടി 1.11 കോടി രൂപ ഭാര്യവീട്ടുകാരോട് ആവശ്യപ്പെട്ട് വാങ്ങിയെന്നും പിന്നീട് കല്യാണച്ചെലവിലേക്കും വീട് വെയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും വിവാഹശേഷം ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ഉണ്ടായെന്നും കാണിച്ചാണ് ശ്രുതി ഇരിങ്ങാലക്കുട കുടുംബകോടതിയെ സമീപിച്ചത്.
വിചാരണസമയത്ത് ശ്രുതി കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് ഭാര്യയ്ക്ക് അനുകൂലമായി കുടുംബകോടതി വിധി പ്രഖ്യാപിച്ചത്. ഭർത്താവ് മകന്റെ സ്ഥിരം കസ്റ്റഡി ആവശ്യപ്പെട്ട് ബോധിപ്പിച്ച ഹർജി കോടതി തള്ളി ഉത്തരവായി. ഹർജിക്കാരിക്കുവേണ്ടി അഡ്വക്കേറ്റുമാരായ ബെന്നി എം. കാളൻ, എ.സി. മോഹനകൃഷ്ണൻ, കെ.എം. ഷുക്കൂർ എന്നിവർ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ