റിയാദ്: നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന വിദേശ വനിതകളുടെ വിരലടയാളം രേഖപ്പെടുത്തലിന് എട്ടോളം പുതിയ കേന്ദ്രങ്ങൾ കൂടെ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. റിയാദ് പാസ്‌പോർട്ട് വിഭാഗത്തിന് കീഴിൽ വിരലടായളമുൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്താൻ എട്ട് കേന്ദ്രങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തിയത്.

കിങ് ഫഹദ് ഹൈവേയിലുള്ള പാസ്‌പോർട്ട് വിഭാഗത്തിന്റെ മുഖ്യ കെട്ടിടത്തിൽ സ്ത്രീകളുടെ ഭാഗത്ത് രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 വരെ വിരലടയാളം ശേഖരിക്കും. കിങ് അബ്ദുല്ല റോഡിേനാട് ചേർന്ന സഹാറ മാളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30 വരെയും വൈകിട്ട് നാല് മുതൽ രാത്രി ഒമ്പത് വരെയും സേവനം ഒരുക്കിയിട്ടുണ്ട്.

പടിഞ്ഞാറ് ഭാഗത്ത് ഹംസ ബിൻ അബ്ദുൽമുത്തലിബ് റോഡിൽ ഫ്‌ളമിംഗോ മാളിലെ ജവാസാത്ത് കേന്ദ്രത്തിൽ രാവിലെ ഒമ്പത് മുതൽ 12 വരെയും ഉച്ചക്ക് ശേഷം നാല് മുതൽ ഒമ്പത് വരെയും സേവനം ലഭ്യമാണ്. സനാഇയ്യ, ദറഇയ്യ പാസ്‌പോർട്ട് ഓഫിസുകളിലും 7.30 മുതൽ 2.30 വരെ സേവനം ലഭിക്കും. കിങ് ഫഹദ് ഹൈവേയിൽ ജറൈസിക്ക് എതിർ വശം റോയൽ മാളിൽ എട്ട് മുതൽ മൂന്ന് വരെയാണ് സേവനം. ദമ്മാം ഹൈവേയിൽ പ്രവർത്തിക്കുന്ന റിമാൽ പാസ്‌പോർട്ട് ഓഫിസിൽ 7.30 മുതൽ 2.30 വരെയും നാല് മുതൽ രാത്രി 10
വരെയും സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിയമം പ്രാബല്യത്തിലാകുന്നതോടെ ഉണ്ടായേക്കാവുന്ന തിരക്ക് കുറക്കാനാണ് കൂടുതൽ കേന്ദ്രങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ആശ്രിത വിസയിലും തൊഴിൽ വിസയിലുമുള്ള വിദേശി സ്ത്രീകളുടെ താമസയാത്രാ രേഖകൾ പൂർത്തീകരിക്കാൻ വിരലടയാളം നിർബന്ധമാക്കി ക്കൊണ്ടുള്ള നിയമം നാളെയാണ് പ്രാബല്യത്തിൽ വരുന്നത്.

നവംബർ 23 (സഫർ 1) മുതൽ ആശ്രിത വിസയിലും തൊഴിൽ വിസയിലുമുള്ള വിദേശി സ്ത്രീകൾക്കും ബയോഡാറ്റ രേഖപ്പെടുത്തൽ നിർബന്ധമാകും. സൗദി പാസ്‌പോർട്ട് വിഭാഗത്തിൽ ബയോഡാറ്റ രേഖപ്പെടുത്തിയവർക്കു മാത്രമേ ഇതോടെ എക്‌സിറ്റ് റീ എൻട്രി, സ്‌പോൺസർഷിപ് മാറ്റം, പ്രൊഫഷൻ മാറ്റം തുടങ്ങിയ വിവിധ സേവനങ്ങൾ ലഭിക്കുകയുള്ളൂവെന്നും അഹ്മദ് അൽ ഖഹ്താനി വ്യക്തമാക്കി.