മലപ്പുറം: സഹായം തേടിയെത്തുന്ന നാനാജാതി മതസ്ഥർക്കും ആശ്വാസ കേന്ദ്രമായിരുന്നു ശിഹാബ് തങ്ങളും പാണക്കാട് കൊടപ്പനയ്ക്കൽ തറവാടും. മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ഈറ്റില്ലമായാണ് പാണക്കാട് തങ്ങന്മാരെയും കൊടപ്പനയ്ക്കൽ വീടിനെയും കാണുന്നത്.

വധശിക്ഷ കാത്ത് കുവൈത്ത് ജയിലിൽ കിടക്കുന്ന തമിഴ്‌നാട് സ്വദേശി അർജുനനെ രക്ഷിക്കാൻ പാണക്കാട് മുനവ്വറലി തങ്ങൾ രംഗത്ത് വന്നിരിക്കുകയാണ്. പാണക്കാട്ടെ കാരുണ്യം കേട്ടറിഞ്ഞാണ് തമിഴ്‌നാട്ടിൽ നിന്നും കഴിഞ്ഞ ദിവസം മാലതി പിതാവ് ദുരൈരാജുവിനൊപ്പം എത്തിയത്.

കുവൈത്തിൽ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ ഭാര്യയും പിതാവുമാണ് സഹായം അഭ്യർത്ഥിച്ച് പാണക്കാട് കൊടപ്പനയ്ക്കൽ വീട്ടിൽ എത്തിയത്. തഞ്ചാവൂർ പൂട്ടുകൊട്ടൈ താലൂക്കിലെ അത്തിവെട്ടി അർജുനൻ അത്തിമുത്തുവിന്റെ ഭാര്യ എ മാലതിയും പിതാവ് ദുരൈ രാജയുമാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ കാണാനെത്തിയത്.

2013 സെപ്റ്റംബർ 21നു മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് അർജുനൻ അത്തിമുത്തുവിനു വധശിക്ഷ വിധിച്ചത്. കുവൈത്തിലെ ജലീബിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ടയാളുടെ ഉമ്മയും ഭാര്യയും മാപ്പ് എഴുതി നൽകിയാൽ മാത്രമേ വധശിക്ഷ ഒഴിവാകുകയുള്ളൂ. എന്നാൽ വീട്ടുകാർ 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്കും 13 വയസ്സായ മകൾക്കും വീടു പോലുമില്ലാത്ത സാഹചര്യത്തിൽ മാപ്പു നൽകാൻ 30 ലക്ഷം രൂപ ബന്ധുക്കൾ ആവശ്യപ്പെടുകയായിരുന്നു. നിത്യചെലവിനു ബുദ്ധിമുട്ടുന്ന മാലതിയുടെ കുടുംബം ആകെയുള്ള ഭൂമി വിറ്റ് കിട്ടിയത് അഞ്ച് ലക്ഷം രൂപയാണ്. ഭർത്താവിനെ രക്ഷിക്കാൻ സഹായമഭ്യർത്ഥിച്ചാണ് മാലതിയും പിതാവും പാണക്കാട്ടെത്തിയത്.

മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ വീട്ടുകാരുമായി സംസാരിക്കാമെന്നും ആവശ്യമായ മറ്റു സഹായങ്ങളും വാഗ്ദാനം നൽകിയാണ് മുനവ്വറലി തങ്ങൾ അവരെ യാത്രയാക്കിയത്. മാനുഷിക പരിഗണന നൽകേണ്ട വിഷയമാണ് മാലതിയുടെയും കുടുംബത്തിന്റേതുമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.

 

ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മറ്റ് തലത്തിലുള്ള ഇടപെടലുകൾ നടത്തുമെന്നും തങ്ങൾ പറഞ്ഞു. മുനവ്വറലി തങ്ങളുമായുള്ള കൂടിക്കാഴ്ച ഏറെ ആശ്വാസകരം പകരുന്നതാണെന്നും ഭർത്താവിന്റെ ശിക്ഷയിൽ ഇളവു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാലതി പ്രതികരിച്ചു.