ഷൊർണൂർ:: ഗൃഹനാഥന്റെ മൃതദേഹത്തിനരികിൽ ഭാര്യയും രണ്ടു മുതിർന്ന ആൺമക്കളുമടങ്ങിയ കുടുംബം കഴിഞ്ഞതു മൂന്നു ദിവസം. ഷൊർണൂർ മഞ്ഞക്കാട് നായാടിക്കുന്ന് കുന്നത്ത് ചന്ദ്രൻ (70) ആണു മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
ദുർഗന്ധം വമിച്ചപ്പോൾ, സമീപവാസികൾക്കു ചന്ദ്രന്റെ ഭാര്യയുടെ സംസാരത്തിൽ അസ്വാഭാവികത തോന്നിയതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് പരിശോധിച്ചപ്പോഴാണു മരണവിവരം പുറത്തറിഞ്ഞത്.പൊലീസ് എത്തുമ്പോൾ ഭാര്യ ഭാവഭേദമില്ലാതെ മുറ്റമടിക്കുകയായിരുന്നെന്നു സിഐ പി.എം.ഗോപകുമാർ പറഞ്ഞു. തൊട്ടുമുൻപു ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങളടങ്ങിയ പാത്രങ്ങളും മൃതദേഹം കിടന്ന കട്ടിലിനു സമീപമുണ്ടായിരുന്നു. പൊലീസിനെ കണ്ട് ഇളയ മകൻ ഇറങ്ങിയോടി. മൂത്ത മകൻ സമീപത്തു തന്നെയിരുന്നു.

തയ്യൽക്കട നടത്തിയിരുന്ന ചന്ദ്രൻ ഒരു മാസമായി ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് അധികം പുറത്തിറങ്ങിയിരുന്നില്ല. 3 ദിവസമായി വീടിനു മുന്നിലും കണ്ടിരുന്നില്ല. ഭാര്യയും മക്കളും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് നാട്ടുകാർ പറയുന്നു.മൂവരും മാനസികാസ്വാസ്ഥ്യത്തിന് പലപ്പോഴും ചികിത്സ തേടിയിരുന്നതായി സമീപവാസികൾ പറഞ്ഞു.

മൃതദേഹത്തിൽ പരുക്കുകളും കണ്ടെത്തി.എന്നാൽ, ഇതു മരണകാരണമാകാൻ മാത്രം ഗുരുതരമല്ലെന്നാണു പ്രാഥമിക നിഗമനം. പൊലീസും സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.പൊലീസ് നായയെ എത്തിച്ചു തെളിവെടുത്തു. വിരലടയാളങ്ങളും ശേഖരിച്ചിട്ടുണ്ട്.