തിരുവനന്തപുരം: ലോകമെങ്ങും അറിയപ്പെടുന്ന ഒരു ബ്രാൻഡ് ആണ് ഫാമിലി പ്ലാസ്റ്റിക്. ചുരുങ്ങിയ കാലങ്ങൾകൊണ്ട് മലയാളികൾക്കിടയിൽ ഏറെ സുപരിചിതമായി മാറുകയായിരുന്നു ഫാമിലി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ. മായമില്ലാത്ത പ്ലാസ്റ്റിക് എന്നാണ് പരസ്യ വാചകം പക്ഷേ അത് അവർക്ക് കമ്പനിയുടെ സുരക്ഷയുടെ കാര്യത്തിൽ പാലിക്കാനായില്ല. അതിന് നൽകേണ്ടി വന്നതാകട്ടെ വലിയ വിലയും.

വിപണിയിൽ നല്ല വിറ്റുവരവുള്ളതായതിനാൽ നിർമ്മാണം വളരെകൂടുതലുള്ള പ്ലാന്റാണ് മൺവിളയിലുള്ളത്. അതിനാൽ നിരവധി ജീവനക്കാരുമുണ്ട്.തല നാരിഴയ്ക്കാണ് അവിടുത്തെ ജീവനക്കാർ രക്ഷപ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വരുത്തിവച്ച പിഴവിൽ ഇനി എന്തെന്ന ചോദ്യവുമായി നിൽക്കുകയാണ് ഇവിടുത്തെ ജീവനക്കാർ.

ഇന്നലെ വരെ ആളും ആരവുമായി ജീവനക്കാർ രാപകലില്ലാതെ പണിയെടുത്ത ഇടമാണ് ഇന്ന് വെറും ചാരമായി കിടക്കുന്നത്. ഇനിയും വിശ്വസിക്കാനാവാതെ നിൽക്കുന്ന ജീവനക്കാർ പലരും സ്ഥലം സന്ദർശിച്ച മന്ത്രി കടകം പള്ളി സുരേന്ദ്രനും മേയർ വികെ പ്രശാന്തിനും മുന്നിൽ അക്ഷരാർത്ഥത്തിൽ പൊട്ടി കരയുകയായിരുന്നു. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിനൊപ്പം ഇനി എത്രനാൾ ജോലി ഇല്ലാതെ ജീവിക്കും എന്ന ചിന്താഭാരവും അവരെ അലട്ടുന്നുണ്ടായിരുന്നു. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 500 ഓളെ തൊഴിലാളികളാണ് ഇവിടെ അപകടത്തിന് തൊട്ടു മുൻപ് ഉണ്ടായിരുന്നത്. രക്ഷപ്പെട്ടത് അത്ഭുതത്തോടെയായിരുന്നു.

എവിടെയും വാരിവലിച്ചിട്ടിരിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് അവിടെ കാണാൻ കഴിഞ്ഞ മറ്റൊരു കാഴ്ച. എല്ലാ സ്റ്റോർ റൂമുകളിലും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിറയെ ഉണ്ടായിരുന്നു. കത്തി നശിച്ച സ്റ്റോർ റൂമിൽ നിന്നും തീ സമീപത്തെ സ്റ്റോർ റൂമിലേക്ക് പടരാതിരുന്നത് വലിയ ദുരന്തമാണൊഴുവാക്കിയത്. എവിടെയും പ്ലാസ്റ്റിക് ഉരുകി ഒഴുകി കട്ട പിടിച്ച് കിടക്കുന്നുണ്ട്. രണ്ട് കെട്ടിടങ്ങൾ പൂർണ്ണമായും നശിച്ചു. ഭിത്തികളും മേൽക്കൂരകളും തീ പിടുത്തത്തിൽ വിണ്ടു കീറി നശിച്ചു.

ഇനി കെട്ടിടം ഉപയോഗ ശൂന്യമാണ്. പ്ലാന്റിലെ ഒട്ടു മിക്ക യന്ത്രങ്ങളും നശിച്ചു പോയി. വലിയ നാശ നഷ്ട്ടമാണ് ഉണ്ടായിരിക്കുന്നത്. പെട്ടെന്ന് തീപിടിക്കാവുന്നതും വൻദുരന്ത സാദ്ധ്യതയുള്ളതുമായ പെട്രോ കെമിക്കലുകളും അസംസ്‌കൃത വസ്തുക്കളുമെല്ലാം കമ്പനിക്കുള്ളിൽ കുത്തിനിറച്ച നിലയിലായിരുന്നു.കോടികണക്കിന് രൂപയുടെ ഉല്പന്നങ്ങൾ സംഭരിച്ച ഗോഡൗൺ ഒരാൾക്ക് കടക്കാൻ പോലും കഴിയാത്ത വിധം നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. രണ്ട് ദിവസം മുമ്പ് തീപിടിത്തമുണ്ടായ ശേഷം പോലും അപകടം ഒഴിവാക്കാൻ കമ്പനിയോ ഫയർഫോഴ്സോ ശ്രദ്ധിക്കാതിരുന്നതാണ് വൻതീപിടിത്തത്തിനിടയാക്കിയത്.

സുരക്ഷാകാര്യത്തിൽ ഗുരുതരമായ പിഴവ് വരുത്തിയതായി ഇന്ന് രാവിലെ സ്ഥലം സന്ദർശിച്ച ഫായർഫോഴ്സ് ടെക്നിക്കൽ ഡയറക്ടർ പ്രസാദ് വെളിപ്പെടുത്തി. മൺവിള ആറ്റിപ്ര പഞ്ചായത്ത് പരിധിയിലായിരുന്ന സമയത്താണ് കമ്പനി ലൈസൻസ് കരസ്ഥമാക്കി പ്രവർത്തനം തുടങ്ങിയത്. തുടക്കത്തിലുണ്ടായിരുന്ന സുരക്ഷാ മാനദണ്ഡങ്ങളുടെ പിൻബലത്തിലായിരുന്നു കമ്പനിയുടെ പ്രവർത്തനം.കമ്പനി വികസിക്കുകയും ഉല്പാദനം വർദ്ധിക്കുകയും ചെയ്തതനുസരിച്ച് സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റതാക്കാൻ കമ്പനി അധികൃതർ ശ്രദ്ധചെലുത്തിയില്ല.

സുരക്ഷാ കാര്യത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഫയർഫോഴ്സ് ജില്ലാ കളക്ടർക്കും സർക്കാരിനും റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും ഇവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. നൂറുകണക്കിന് ജീവനക്കാർ പണിയെടുക്കുന്ന കമ്പനിക്കുള്ളിൽ ഫയർലൈനോ എമർജൻസി എക്സിറ്റുകളോ ഉണ്ടായിരുന്നില്ല. പ്രാഥമിക അഗ്നി ശമന ഉപകരണങ്ങൾ പോലും വേണ്ടത്ര സജ്ജീകരിച്ചിരുന്നില്ല.

തീ ആദ്യം പടർന്ന് പിടിച്ച കെട്ടിടത്തിന് സമീപത്തായിരുന്നു 11 കെവി ട്ര്ൻസ്ഫോർമർ. തീ ഇതിലേക്ക് പടർന്നിരുന്നെങ്കിൽ വലിയ പൊട്ടിത്തെറി തന്നെയുണ്ടാകുമായിരുന്നു. എന്നാൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെയുണ്ടായില്ല. അതേ സമയം പ്ലാന്റ് സ്ഥിതി ചെയ്യുന്നതിനടുത്ത് തന്നെ ഗോഡൗൺ നിർമ്മിച്ചതിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഇവയെല്ലാം കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചകളാണ്.

ഇവിടെ വേണ്ട സമയത്ത് പരിശോധനനടത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് ഇപ്പോൾ അന്വേഷണം. കമ്പനി ഉടമകൾക്ക് ഒത്താശ ചെയ്താണ് അനുമതികളൊക്കെ നൽകിയത് എന്നുമുള്ള ആരോപണങ്ങൾ പുറത്ത് വരുന്നുണ്ട്. എന്തായാലും വലിയ ദുരന്തം തന്നെയാണ് മൺവിളയിൽ ഒഴിവായത്.