മുംബൈ: സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയയുടെ (48) മരണം വിവാദമാകുന്നു. കേസിൽ അനുകൂല വിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്.

ഇംഗ്ലിഷ് വാരിക 'കാരവൻ' ആണ് ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ലോയയുടെ സഹോദരി ഡോ.അനുരാധ ബിയാനിയുടേതാണു വെളിപ്പെടുത്തൽ. മരിക്കുന്നതിനു കുറച്ചുദിവസങ്ങൾക്കു മുൻപു ദീപാവലി ആഘോഷത്തിനായി ഗടേഗാവിലെ തറവാട്ടുവീട്ടിൽ കൂടിയപ്പോഴാണ് ലോയ ബിയാനിയോട് ഇക്കാര്യം പറഞ്ഞത്.

സൊഹ്‌റാബുദീൻ കേസിൽ അനുകൂല വിധി പുറപ്പെടുവിക്കാൻ, അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണു ലോയ സഹോദരിയോട് പറഞ്ഞത്. അനുകൂല വിധി പറയാൻ ലോയയ്ക്കു വലിയ തോതിൽ പണവും മുംബൈയിൽ വീടും ചിലർ കൈക്കൂലി കൊടുക്കാമെന്നു പറഞ്ഞിരുന്നതായി പിതാവ് ഹർകിഷനും വെളിപ്പെടുത്തി. ബിയാനിയുടെ വെളിപ്പെടുത്തലിനെപ്പറ്റി മോഹിത് ഷായുടെയോ മറ്റുള്ളവരുടെയോ പ്രതികരണം ലഭ്യമായിട്ടില്ല.

2014 ഡിസംബർ ഒന്നിനു പുലർച്ചെ നാഗ്പുരിലായിരുന്നു ലോയയുടെ മരണം. ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെങ്കിലും ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയതാണു ദുരൂഹത സൃഷ്ടിച്ചത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവർ പ്രതികളായ കേസിൽ വിചാരണ നടത്തുന്ന ജഡ്ജി മരിച്ചത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു തൃണമൂൽ കോൺഗ്രസും സൊഹ്‌റാബുദീന്റെ സഹോദരനും രംഗത്തെത്തിയെങ്കിലും നടപടിയുണ്ടായില്ല. ലോയയുടെ ഭാര്യ ഷർമിളയും മകൻ അനൂജും ഭയം കാരണം ഇപ്പോഴും ഒന്നും പറയുന്നില്ല.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വൈരുധ്യങ്ങൾ, മരണശേഷം പാലിക്കേണ്ട നടപടിക്രമങ്ങളിലെ വീഴ്ചകൾ, മൃതദേഹം ബന്ധുക്കൾക്കു കൈമാറുമ്പോഴുള്ള അവസ്ഥ ഉൾപ്പെടെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒട്ടേറെ ചോദ്യങ്ങളാണു ലോയയുടെ പിതാവും സഹോദരിമാരും ഉയർത്തുന്നത്. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ കേസ് മഹാരാഷ്ട്രയിലേക്കു മാറ്റാൻ 2012ലാണു സുപ്രീം കോടതി ഉത്തരവിട്ടത്. ഒരു ജഡ്ജി തന്നെ വാദം പൂർണമായി കേൾക്കണമെന്നും ഉത്തരവിട്ടു. മുംബൈയിലുണ്ടായിട്ടും അമിത് ഷാ ഒക്ടോബർ 31നു കോടതിയിൽ ഹാജരാകാഞ്ഞതിനെ ലോയ വിമർശിച്ചിരുന്നു. ഡിസംബർ 15ലേക്കു കേസ് മാറ്റുകയും ചെയ്തു. ഡിസംബർ ഒന്നിനായിരുന്നു ലോയയുടെ മരണം.

സഹപ്രവർത്തകനായ ജഡ്ജിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണു 2014 നവംബർ 30നു ലോയ നാഗ്പുരിലെത്തിയത്. സർക്കാർ അതിഥി മന്ദിരമായ രവി ഭവനിലായിരുന്നു താമസം. രാത്രി 11ന് മുംബൈയിലുള്ള ഭാര്യ ശർമിളയെ വിളിച്ചു നാൽപതു മിനിറ്റിലേറെ സംസാരിച്ചു. പിറ്റേന്നു പുലർച്ചെ അഞ്ചിന് അതിഥിമന്ദിരത്തിൽ ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാർദെയാണ് മരണവിവരം ഭാര്യയെയും ബന്ധുക്കളെയും വിളിച്ചറിയിച്ചത്.

രാത്രി 12.30ന് ലോയയ്ക്കു നെഞ്ചുവേദനയുണ്ടായെന്നും ഓട്ടോറിക്ഷയിൽ നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് പറഞ്ഞത്. പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിനു മുൻപു മരിച്ചു. പോസ്റ്റുമോർട്ടം നടത്തിയെന്നും ആർഎസ്എസ് പ്രവർത്തകനായ ഈശ്വർ ബഹേതി മൃതദേഹം കുടുംബവീടായ ലത്തൂരിലെ ഗടേഗാവിൽ എത്തിക്കുമെന്നുമാണു ലോയയുടെ പിതാവ് ഹർകിഷൻ, സഹോദരിമാരായ ഡോ. അനുരാധ ബിയാനി, സരിത മന്ധാനെ എന്നിവരെ ബാർദ അറിയിച്ചത്. നാഗ്പുരിലേക്ക് ചെല്ലേണ്ടെന്നും അറിയിച്ചു.

രാത്രി 11.30നാണു മൃതദേഹം ലത്തൂരിലെ കുടുംബവീട്ടിൽ എത്തിക്കുന്നത്. ആംബുലൻസിൽ ഡ്രൈവർ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. നാഗ്പുരിൽ ഒപ്പമുണ്ടായിരുന്ന ജഡ്ജിമാരോ പൊലീസോ ആരും മൃതദേഹത്തെ അനുഗമിച്ചില്ല. നാഗ്പുരിൽ വിവാഹത്തിനു ലോയയെ നിർബന്ധിച്ചു കൊണ്ടുപോയ സഹപ്രവർത്തകർ പോലും ഉണ്ടായില്ല. മൃതദേഹത്തിന്റെ തലയ്ക്കു പിന്നിൽ മുറിവുണ്ടായിരുന്നെന്നും ഷർട്ടിന്റെ കോളറിൽ രക്തക്കറ ഉണ്ടായിരുന്നെന്നും സഹോദരി അനുരാധ പറയുന്നു. കണ്ണാടി മൃതദേഹത്തിന്റെ അടിയിൽ വച്ചിരിക്കുന്ന നിലയിലായിരുന്നു. വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്നു ഡോക്ടർ കൂടിയായ അനുരാധ ആവശ്യപ്പെട്ടെങ്കിലും ലോയയുടെ സഹപ്രവർത്തകർ നിരുൽസാഹപ്പെടുത്തി. ലോയയുടെ മൊബൈൽ ഫോൺ നാലാം ദിവസമാണ് എത്തിച്ചത്. ഫോണിലെ കോൾ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം മായ്ച്ചുകളഞ്ഞിരുന്നു. മരിച്ചയാളുടെ വസ്ത്രവും മറ്റു സാധനങ്ങളും പൊലീസാണ് എത്തിക്കേണ്ടതെങ്കിലും ഫോൺ കൈമാറിയത് ആർഎസ്എസ് പ്രവർത്തകനായ ഈശ്വർ ബഹേതി.