ദോഹ: കുടുംബ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ഖത്തർ ഭേദഗതി വരുത്തി. പുതിയ ഭേദഗതി പ്രകാരം ഏഴായിരം റിയാൽ മാസ വേതനം ലഭിക്കുന്നവർക്ക് കുടുംബത്തെ കൂടെ നിർത്താൻ കഴിയും. എന്നാൽ, ജോലി ചെയ്യുന്ന സ്ഥാപനം കുടുംബത്തോടൊപ്പം താമസിക്കാനുള്ള സൗകര്യം അനുവദിക്കുകയാണെങ്കിലാണ് ഈ സൗകര്യം ലഭ്യമാകുക.

ഇതിന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫികറ്റ് നിർബന്ധമാണ്. താമസ സൗകര്യം ഉൾപ്പെടെ കുറഞ്ഞത് പതിനായിരം റിയാൽ മാസ വേതനം ലഭിക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്കാണ് നിലവിൽ കുടുംബ വിസ അനുവദിക്കുക. എന്നാൽ കുടുംബത്തിനുള്ള താമസ സൗകര്യം കമ്പനി അനുവദിച്ചാൽ ഏഴായിരം റിയാൽ അടിസ്ഥാന ശമ്പളം ലഭിക്കുന്നവർക്കും കുടുംബ വിസ അനുവദിക്കും.

ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നയാൾക്ക് സാധുതയുള്ള താമസ അനുമതി ഉണ്ടായിരിക്കണം. അധികാരികൾ സാക്ഷ്യപ്പെടുത്തിയ വിവാഹ രേഖകൾ, കുടുംബവുമൊത്ത താമസിക്കാനുള്ള സൗകര്യം നൽകുന്നുണ്ടെന്ന തൊഴിൽദാതാവിന്റെ സാക്ഷ്യപത്രം, ജോലിയെയും വേതനത്തെയും കുറിച്ചുള്ള ഔദ്യോഗിക രേഖകൾ എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം.

ആറ് മാസത്തെ ബാങ്ക് ഇടപാടുകളുടെ രേഖകളും സ്വകാര്യ മേഖലയിലെ ജീവനക്കാർ ഹാജരാക്കേണ്ടതുണ്ട്. തൊഴിൽകരാറും വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന രേഖകളും നിർബന്ധമാണ്. പങ്കാളികൾക്കും കുട്ടികൾക്കുമാണ് കുടുംബവിസ അനുവദിക്കുക. എന്നാൽ മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും സന്ദർശക വീസയിൽ രാജ്യത്തേക്ക് കൊണ്ടുവരാവുന്നതാണ്. 25 വയസ് കഴിഞ്ഞ ആൺമക്കളെ കുടുംബ വിസയുടെ പരിധിയിൽ ഉൾപെടുത്തില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അവിവാഹിതകളായ പെൺമക്കൾക്ക് വിസ അനുവദിക്കും.