ലോസാഞ്ചൽസ്: കുടുംബം പുലർത്താൻ ഇന്ന് ലോസാഞ്ചലസിൽ പിസ വിറ്റു നടക്കുകയാണ് ജേയ് അബ്ദു, മനസ്സിനുള്ളിൽ പോയകാലത്തെ സുരഭില ജീവിതം അടക്കി. സിറിയ അഭ്യന്തരയുദ്ധത്തിലേക്കു വഴുതിവീഴും മുമ്പ് അവിടുത്തെ ഏറ്റവും ജനപ്രിയ അഭിനേതാവായിരുന്നു ഈ അമ്പത്തിനാലുകാരൻ. അറബ് രാജ്യങ്ങളിലെല്ലാം പ്രശസ്തൻ. ജീവിതസൗകര്യങ്ങൾക്കൊന്നും കുറവില്ല. പുറത്തിറങ്ങി നടന്നാൽ കൂടെനിന്നു ഫോട്ടോയെടുക്കുന്നവരുടെ തിരക്ക്, തങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാനുള്ള ആരാധകരുടെ നിർബന്ധം. മധുരിക്കുന്ന ആ ഓർമകൾ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് അബ്ദോയെ ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

43 സിനിമകളിലും ആയിരത്തിലധികം ടെലവിഷൻ എപ്പിസോഡുകളിലും അഭിയനിച്ചിട്ടുള്ള അബ്ദോ സിറിയയിലെ ഓരോ കുടുബത്തിനും അടുത്ത ബന്ധുവിനെപ്പോലെയാണ്. അഭിനയമികവിൽ മാത്രമല്ല തന്റെ മനസ്സിലുള്ളതു വെട്ടിത്തുറന്നു പറയുന്നതിലും അബ്ദോ മുന്നിലായിരുന്നു. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വൈകാരിയ ടെലിവിഷൻ സീരിയാലായി പരിഗണിക്കപ്പെടുന്ന ബാബ്-അൽ-ഹാര(അയൽക്കാരന്റെ കവാടം) ആണ് അബ്ദുവിനെ പ്രശസ്തനാക്കിയത്. ടുണീഷ്യയിലും ഈജിപ്തിലും ആഞ്ഞടിച്ച അറബ് വസന്തം സിറിയയിലും വീശിത്തുടങ്ങിയപ്പോൾ നിൽക്കള്ളിയില്ലാതെ അദ്ദേഹത്തിന് യുഎസിലേക്കു പലായനം ചെയ്യേണ്ടിവരുകയായിരുന്നു.

ചിത്രകാരിയും മനുഷ്യാവകാശപ്രവർത്തകയുമായ അബ്ദോവിന്റെ ഭാര്യ ഫാദിയ സിറിയയിലെ സാംസ്‌കാരിക വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്നു. പ്രസിഡന്റ് അസാദിനെ താഴെയിറക്കാൻ പോരാടുന്ന സംഘങ്ങളുമായി ഇവർ ഫ്രാൻസിൽ നടത്തിയ കൂടിക്കാഴ്ചയാണ് അബ്ദോവിന്റെ കുടുംബത്തെ പ്രതിസന്ധിയിലാക്കിയത്. അസാദിന്റെ സുരക്ഷാസേനയുടെ നോട്ടപ്പുള്ളിയായി മാറിയ ഫാദിയ യുഎസിലെ മിന്നസോട്ടയിലുള്ള മിന്നിയപോളിസ് യൂണിവേഴ്‌സിറ്റിയിൽ പഠനത്തിനെന്ന പേരിൽ സിറിയയിൽനിന്നു രക്ഷപ്പെട്ടു. സിറിയയിൽതന്നെ തുടർന്ന അബ്ദോ കടുത്ത പ്രതിസന്ധിയിലായി. ടെലിവിഷൻ പരിപാടികളിലും റാലികളിലും പ്രസിഡന്റ് അസാദിനെ പിന്തുണയ്ക്കണമെന്ന ഭരണകൂടത്തിന്റെ ആവശ്യം അംഗീകരിക്കാൻ അബ്ദോവിനായില്ല. ഒരിക്കൽ ബെയ്‌റൂട്ടിലേക്കുള്ള യാത്രാമധ്യേ ലോസാഞ്ചലസ് ടൈംസ് പത്രത്തിനു നല്കിയ അഭിമുഖത്തിൽ അസാദിന്റെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വിമതരെ പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി. ഇതിനുപിന്നാലെ അബ്ദോവിന്റെ ജീവനുതന്നെ ഭീഷണിയുയർന്നു. സിറിയയിൽ തിരിച്ചെത്തിയ അബ്ദുവിനെ അജ്ഞാതർ ഭീഷണിപ്പെടുത്തിത്തുടങ്ങി. അദ്ദേഹത്തിന്റെ കാറിന്റെ ചില്ലുകൾ അടിച്ചുതകർത്തു. ഇതിനു പുറമേ പ്രസ്താവന പിൻവലിച്ചു മാപ്പുറയണമെന്ന നിർബന്ധവും. അബ്ദോവിന്റെ സുഹൃത്തുകൾ ഓരോന്നായി കാണപ്പെടാതായിത്തുടങ്ങി. എല്ലാവരെയും അസാദിന്റെ പട്ടാളം അറസ്റ്റ് ചെയ്തുവെന്നാണ് കരുതുന്നത്. തുടർന്ന് വീടും സ്വത്തുക്കളും എല്ലാം ഉപേക്ഷിച്ച് ജീവനുംകൊണ്ട് അബ്ദോ യുഎസിലേക്കു രക്ഷപ്പെടുകയായിരുന്നു.

മിന്നസോട്ടയിലെത്തിയ അബ്ദോ ഭാര്യയ്‌ക്കൊപ്പം അറിയാവുന്ന തൊഴിലായ അഭിനയത്തിന് എന്തെങ്കിലും സാധ്യത ലഭിക്കുമോയെന്നറിയാൻ യുഎസ് സിനിമാ ഇൻഡസ്ട്രിയായ ഹോളിവുഡ് സ്ഥിതിചെയ്യുന്ന ലോസാഞ്ചൽസിലേക്കു താമസം മാറ്റി. എന്നാൽ നൂറോളം ഓഡിഷനുകളിൽ പങ്കെടുത്തെങ്കിലും ആരും അദ്ദേഹത്തിന് അവസരം കൊടുത്തില്ല. ഒടുക്കം കുടുംബം പുലർത്താൻ പിസ വിതരണം ചെയ്യുന്ന ജോലി അബ്ദോ ഏറ്റെടുക്കുകയായിരുന്നു.

ഒടുക്കം അബ്ദോവിന്റെ ജീവതത്തിൽ ബ്രേക് നല്കിയത് വിഖ്യാത ജർമ്മൻ സംവിധായകൻ വെർണർ ഹെർസോഗ് ആണ്. നിക്കോൾ കിഡ്മാനെ നായികയാക്കി ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റ് ആയിരുന്ന ഗർട്രൂഡ് ബല്ലിന്റെ കഥ പറഞ്ഞ ക്യൂൻ ഓഫ് ഡെസേർട്ട് എന്ന ചിത്രത്തിൽ സുപ്രധാന വേഷം തന്നെ അബ്ദോവിനു ലഭിച്ചു. സിനിമയുടെ ചിത്രീകരണത്തിനിടെ മൊറോക്കോയിലെ മാർക്കറ്റിലെത്തിയപ്പോൾ അബ്ദോവിന്റെ ജനപ്രീതി കണ്ട് ഹെർസോഗു പോലും അദ്ഭുതപ്പെട്ടുപോയി. എല്ലാവർക്കും അബ്ദോവിനൊപ്പം ഫോട്ടോയെടുക്കണം. വാങ്ങിക്കുന്ന സാധനങ്ങൾക്ക് പാതിവിലപോലും ഈടാക്കാൻ കച്ചവടക്കാർ തയാറാകുന്നില്ല- ഹെർസോഗ് പറഞ്ഞു. കഴിഞ്ഞ വർഷം, ടോം ഹാങ്ക്‌സുമായി ചേർന്ന് എ ഹോളോഗ്രാം ഫോർ കിങ് എന്ന കോമഡി ചിത്രത്തിലും അബ്ദോ അഭിനയിച്ചു.

പാശ്ചാത്യശക്തികൾ ഇടതും വലതും നിന്ന് എരിതീയിൽ എണ്ണയൊഴിച്ചുകൊടുത്ത ആഭ്യന്തരയുദ്ധത്തിൽ ശവപ്പറമ്പായി മാറിയിരിക്കുന്ന സ്വദേശത്തേക്ക് ഇനി മടങ്ങിപ്പോകാനാകുമോയെന്ന് ഈ മുൻ സൂപ്പർനായകന് ഉറപ്പില്ല. ഹോളിവുഡിലാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതീക്ഷ മുഴുവനും.