മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി പെരിന്തൽമണ്ണയിൽ മത്സരിക്കുന്ന മഞ്ഞളാംകുഴി അലിയെ തോൽപിക്കണമെന്നാവശ്യപ്പെട്ടു ഫാൻസ് അസോസിയേഷൻ രംഗത്ത്. മുസ്ലിം ലീഗ് പ്രവർത്തകർ അടക്കമുള്ള ഫാൻസാണ് അലിയുടെ തോൽവിക്കായി രംഗത്തെത്തിയത്.

അലിയെ തോൽപിക്കാൻ ഏതറ്റംവരെയും പോകുമെന്നും അലിയുടെ വൻ അഴിമതികളുടെ തെളിവുകൾ കൈവശമുണ്ടെന്നും ഇവർ പറയുന്നതായാണു വാർത്തകൾ പുറത്തുവരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അലിക്കുവേണ്ടി ചാരപ്രവൃത്തികൾ വരെ നടത്തിയവരാണ് ഇക്കുറി തോൽവിക്കായി രംഗത്തുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.

അലി നടത്തിയ വലിയ അഴിമതികളുടെ തെളിവുകൾ വേണമെങ്കിൽ പുറത്തുവിടുമെന്നും മുൻ തെരഞ്ഞെടുപ്പുകളിൽ അലിയുടെ പ്രതിനിധികളായി പ്രവർത്തിച്ച ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പറയുന്നു. കഴിഞ്ഞദിവസം പെരിന്തൽമണ്ണയിൽ ഇവരുടെ യോഗം ചേർന്നിരുന്നെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അലിയുടെ പ്രതിനിധികളായി പ്രവർത്തിച്ചവർ ഫാൻസ് അസോസിയേഷൻ പ്രവർത്തകരായിരുന്നു. മുസ്ലിം ലീഗിനോട് മഞ്ഞളാംകുഴി അലി നീതി പുലർത്തിയിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടുനേടാൻ ഓഫറുകൾ നൽകുകയും പിന്നീട് അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊട്ടിക്കലാശ വേളയിൽ ബോധപൂർവം ചിലർ കുൽസിത ശ്രമങ്ങൾ നടത്തി പൊലീസ് ലാത്തിച്ചാർജുണ്ടാക്കി സഹതാപ വോട്ട് നേടിയ കഥയും യോഗത്തിൽ ചിലർ വിശദീകരിച്ചു. ഇപ്പോഴും ലീഗുകാരനാണെന്നും പക്ഷെ അലിയുടെ അഴിമതിക്ക് കൂട്ടുനിൽക്കാൻ കഴിയാത്തതുകൊണ്ട് അലിയെ എതിർക്കുന്നുവെന്നുമാണ് യോഗത്തിൽ പങ്കെടുത്തയാൾ പറഞ്ഞത്.

അലിക്കുവേണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച അതേ പഞ്ചായത്തുകളിൽ ഇത്തവണ അലിക്കെതിരെ പ്രവർത്തിക്കാനും കൺവൻഷൻ തീരുമാനിച്ചു. കഴിഞ്ഞ തവണ കുംഭാരന്മാർക്ക് വൻ ആനുകൂല്യങ്ങൾ നൽകുമെന്ന് പറഞ്ഞ് തന്നെ കൊണ്ട് കുംഭാരകോളനികളിൽ പ്രസംഗിപ്പിച്ചിട്ട് പിന്നീട് വഞ്ചിച്ച കാര്യം കുംഭാര സമാജം സംസ്ഥാന സെക്രട്ടറി നാരായണൻ പറഞ്ഞു. കൺവൻഷനിൽ സിപി ഹംസ ചെയർമാനും പിടി ബഷീർ കൺവീനറും അലി കുട്ടിക്കാടൻ ട്രഷററുമായി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പെരിന്തൽമണ്ണയിൽ ജനകീയ ബദൽ എന്ന പേരിലാണ് മുൻ അലി ഫാൻസ് പ്രവർത്തകർ ടൗൺ ഹാളിൽ കൺവൻഷൻ വിളിച്ചത്.