ആലപ്പുഴ: മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യാനിരുന്ന മെഡിക്കൽ ക്യാമ്പ് അവസാന നിമിഷം മാറ്റിവച്ചു. മഞ്ജു വാര്യർ ചിത്രം ഉദാഹരണം സുജാതയുടെ പ്രചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ആണ് മാറ്റിവച്ചത്. മഞ്ജു വാര്യർ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

മുൻകൂറായി നോട്ടീസ് അടിച്ച് വിതരണം ചെയ്യുകയും രോഗികളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ പരിപാടിയുടെ തലേന്ന് മഞ്ജു വരില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ക്യാമ്പ് മാറ്റി വയ്ക്കുകയായിരുന്നു. ഇതോടെ ക്യാമ്പ് മാറ്റിയത് അറിയാതെ എത്തിയ രോഗികളും ബന്ധുക്കളും വെട്ടിലായി. മഞ്ജുവിനെ സ്വാഗതം ചെയ്ത് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വ്യാപകമായി ഫ്ളാ്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.

മഞ്ജുവിന്റെ ഫാൻസ് അസോസിയേഷനിൽ അംഗമായ ഡോക്ടറുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനായി ഡോക്ടർമാർക്ക് വൻ തുക നൽകി മെഡിക്കൽ ക്യാമ്പിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം മഞ്ജു പിന്മാറിയതോടെ വൻ തുകയ്ക്ക് വാങ്ങിയ മരുന്നുകളും പാഴായി. താരത്തിന്റെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചു.

മഞ്ജുവിനെ സ്വാഗതം ചെയ്ത് ഫ്ളാ്‌സ് സ്ഥാപിച്ച മോഹൻലാൽ ഫാൻസുകാരും ഫ്ളാ്‌സ് വച്ചിരുന്നു. താരത്തിന്റെ പിന്മാറ്റത്തോടെ അവരും വെട്ടിലായി. ഇതോടെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ മഞ്ജുവിന്റെ ഫ്ളാ്‌സ് ബോർഡുകൾ തകർത്തു.