ചെന്നൈ: വിക്രത്തിന്റെ വിജയത്തോടെയാണ് കോവിഡിന് ശേഷം തമിഴ്‌നാട്ടിൽ തിയേറ്ററുകൾ സജീവമായത്.എന്നാൽ അതിന് ശേഷവും ആ തുടർച്ച ആവർത്തിക്കാത്തത് തിയേറ്ററുകൾക്ക് വീണ്ടും തിരിച്ചടിയായി.എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ധനുഷിന്റെ 'തിരുച്ചിത്രമ്പലം' മികച്ച പ്രതികരണം നേടിയതോടെ തിയേറ്ററിൽ വീണ്ടും ഹൗസ്ഫുൾ ബോർഡുകൾ നിറയുകയാണ്.

തിയേറ്ററുകൾക്ക് ഇത് ആശ്വാസത്തിന് വക നൽകുമ്പോൾ ചെന്നൈയിലെ രോഹിണി തീയറ്ററിൽ സംഭവിച്ചത് വലിയ നഷ്ടം.ആരാധകരുടെ അമിതാവേശമാണ് തിയേറ്ററിന് തിരിച്ചടിയായത്. ധനുഷിനെ സ്‌ക്രീനിൽ കണ്ടതും ചില ആരാധകരുടെ ആവേശം അതിരുകടന്നു. ആർപ്പു വിളികൾക്കും നൃത്തവുമായി സീറ്റിൽ നിന്ന് എഴുന്നേറ്റ ആരാധകരിൽ ചിലർ തീയറ്റർ സ്‌ക്രീൻ വലിച്ചുകീറി.

ഷോ മുടങ്ങിയപ്പോഴാണ് ആവേശത്തിൽ തങ്ങൾക്ക് പിണഞ്ഞ അമളി അവർക്ക് മനസിലായത്. ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. പരിധികടന്ന ഈ പ്രവൃത്തി തീയറ്റർ ഉടമയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.