തെലുങ്കുദേശം പാർട്ടിയുടെ സ്ഥാപകനും പഴയ സൂപ്പർതാരവുമായ എൻടിആറിന്റെ മകന്റെ മകനാണ് ജൂനിയർ എൻടിആർ എന്നറിയിപ്പെടുന്ന 'താരക രാമറാവു. മുത്തച്ഛന്റെ കൂടെ 'ബ്രഹ്മർഷി വിശ്വാമിത്ര' എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്കെത്തിയ നടൻ 'നിന്നു ചൂഡാലനി' എന്ന സിനിമയിലൂടെ നായകനുമായി. പിന്നീട് ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഈ യുവതാരത്തിന് വൻ ആരാധകവൃന്ദമാണ് ഉള്ളത്. ഇപ്പോഴിതാ ആരാധകർ നടനെയും ദൈവതുല്യമായി കാണാനുള്ള തയ്യാറെടുപ്പിലാണ്.

എൻ.ടി രാമ റാവു ജൂനിയറിന്റെ പേരിൽ ക്ഷേത്രം പണിയാൻ ആരാധകർ ഒരുങ്ങുന്നതായാണ് വിവരം.ടെമ്പർ, നന്നകു, പ്രേമതോ, ജനതാ ഗ്യാരേജ്, ജയ് ലവ കുശ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെയാണ് ക്ഷേത്രം പണിയാൻ ആരാധകർ പദ്ധതിയിടുന്നത്. തെന്നിന്ത്യയിൽ ഖുശ്‌ബു, രജനീകാന്ത്, നമിത എന്നിവർക്ക് ്ആരാധകർ മുമ്പേ ക്ഷേത്രം പണിതിരുന്നു.

ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും തന്റെ പേരിൽ ക്ഷേത്രം പണിയുന്നതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് ജൂനിയർ എൻ.ടി.ആർ എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന ലഭിക്കുന്ന വിവരം.