- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര വിമാന യാത്രാ നിരക്ക് ഉയരുമോ അതോ കുറയുമോ? ആഭ്യന്തര വിമാനനിരക്കിന് ഏർപ്പെടുത്തിയിരുന്ന പരിധി എടുത്തുകളഞ്ഞ് കേന്ദ്രസർക്കാർ; ഇനി നിരക്ക് വിമാന കമ്പനികൾക്ക് തീരുമാനിക്കാം; സമീപഭാവിയിൽ ആഭ്യന്തര യാത്രകളുടെ വളർച്ച മേഖലയിൽ ഉണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രാ നിരക്ക് ഇനിയും ഉയരുമോ അതോ കുറയുമോ? വിപണിയിൽ കൂടുതൽ മത്സരത്തിന് തയ്യാറെടുക്കാൻ വിമാന കമ്പനികൾക്ക് അവസരം കൈവരികയാണ്. ആഭ്യന്തര വിമാനനിരക്കിന് ഏർപ്പെടുത്തിയിരുന്ന പരിധി എടുത്തുകളഞ്ഞു കേന്ദ്രസർക്കാർ. ഇതോടെ ഇനി മുതൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ ഇനി വിമാന കമ്പനികൾക്ക് തീരുമാനിക്കാം.
ഓഗസ്റ്റ് 31 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ആഭ്യന്തര സർവീസുകളിലെ വിമാനനിരക്ക് പരിധി ഓഗസ്റ്റ് 31 മുതൽ എടുത്തുകളയുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. വിമാനനിരക്ക് പരിധി സംബന്ധിച്ച് വിമാനക്കമ്പനികളുമായി സർക്കാർ ചർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം.
കോവിഡ് പ്രതിസന്ധിയിൽപ്പെട്ട കമ്പനികൾക്ക് നിരക്ക് പരിധി വെല്ലുവിളിയാണെന്ന് വിമാനക്കമ്പനികൾ സർക്കാരിനെ അറിയിച്ചിരുന്നു. വിമാന നിരക്കിന് ഏർപ്പെടുത്തിയ പരിധി പിൻവലിക്കണമെന്നും കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വിമാന ഇന്ധനത്തിന്റെ പ്രതിദിന ആവശ്യകതയും വിലയും സൂക്ഷ്മമായി വിശകലനം ചെയ്തതിന് ശേഷമാണ് വിമാന ടിക്കറ്റ് നിരക്ക് പരിധി ഒഴിവാക്കാനുള്ള തീരുമാനമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ പറഞ്ഞു. സമീപഭാവിയിൽ ആഭ്യന്തര യാത്രകളുടെ വളർച്ച മേഖലയിലുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെ തുടർന്ന് പല വിമാന കമ്പനികളും വലിയ നഷ്ടം നേരിട്ടുന്നതായാണ് റിപ്പോർട്ടുകൾ. വിമാന നിരക്ക് പരിധി എടുത്തുകളഞ്ഞതോടെ യാത്രക്കാരുടെ എണ്ണം അനുസരിച്ച് നിരക്ക് ഇളവുകൾ അനുവദിക്കാൻ കമ്പനികൾക്ക് നൽകാൻ കഴിയും. യാത്രക്കാരേയും വിമാനക്കമ്പനികളേയും സംബന്ധിച്ച് ഇത് നല്ല നീക്കമാണെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. അതേസമയം തുടക്കത്തിൽ ലാഭകരമായ റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്ക് ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
ഇതുവരെ ഉണ്ടായിരുന്നത് ഓരോ റൂട്ടിലെയും ഉയർന്ന നിരക്ക് കേന്ദ്രസർക്കാർ നിശ്ചയിക്കുന്നതായിരുന്നു. ഇനി മുതൽ ഉത്സവകാലങ്ങളിലും സീസണുകളിലും അടക്കം ഉയർന്ന നിരക്ക് ഈടാക്കാൻ വിമാനകമ്പനികൾക്ക് സാധിക്കും.
മറുനാടന് ഡെസ്ക്