ചണ്ഡിഗഢ്: ബീഫ് കൈവശംവെച്ചെന്നാരോപിച്ച് ട്രെയിനിൽ മുസ്ലിം യുവാക്കളെ മർദ്ദിക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ വ്യക്തിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. രമേശ് എന്നയാളാണ് അറസ്റ്റിലായിരുന്നത്. ബീഫ് കഴിക്കുന്നവരായതുകൊണ്ടാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പറയുന്നത്. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോടാണ് രമേശ് ഇക്കാര്യം വെളിപ്പെടുത്തിയത്. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മുസ്ലിം യുവാക്കൾ ആക്രമിക്കപ്പെട്ടതെന്ന പൊലീസിന്റെ വാദം പൊളിക്കുന്നതാണ് പ്രതിയുടെ വെളിപ്പെടുത്തൽ.

തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് യുവാക്കൾ ബീഫ് കഴിക്കുന്നവരാണെന്ന് പറഞ്ഞത്. യുവാക്കളെ മർദ്ദിക്കാൻ പറഞ്ഞവരും അവരാണ്. ആ സമയം താൻ മർദ്ദിച്ചിരുന്നു. തനിക്കൊപ്പം സുഹൃത്തുക്കളും യുവാക്കളെ ആക്രമിച്ചുവെന്നും രമേശ് പറഞ്ഞു. പൊലീസ് തയ്യാറാക്കിയ എഫ്ഐആറിൽ ബീഫിന്റെ കാര്യം പ്രതിപാതിക്കുന്നില്ല. മനഃപൂർവ്വം ഈ വിഷയം പൊലീസ് മറച്ചുവെയ്ക്കുന്നതായാണ് സംശയിക്കുന്നത്.

സീറ്റിന്റെ പേരിലുള്ള തർക്കത്തിനിടെയാണ് മുസ്ലിം യുവാക്കൾക്ക് മർദ്ദനമേറ്റതെന്നും അതാണ് ഒരാളുടെ മരണത്തിനിടയാക്കിയതെന്നുമാണ് എഫ്ഐആറിലുള്ളത്. കൊല്ലപ്പെട്ട യുവാവിന്റെയോ മർദ്ദനമേറ്റ അവന്റെ സഹോദരന്മാരുടെയോ പേരിന്റെ പൂർണ്ണരൂപം എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. ജുനൈദ്, ഹാസിബ്, ഷാകിർ, മൊഹ്സിൻ എന്ന് മാത്രമാണ് എഴുതി ചേർത്തിട്ടുള്ളത്.

അതേസമയം ഹിന്ദുത്വവാദികൾ അടിച്ച് കൊന്ന ജുനൈദിന്റെ ഗ്രാമത്തിൽ നാളെ പെരുന്നാൾ പേരിന് മാത്രമേയൂള്ളൂ. ഒരു തരത്തിലുള്ള ആഘോഷ പരിപാടികളും വേണ്ടെന്നാണ് ഗ്രാമവാസികളുടെ തീരുമാനം. ക്രൂരമായ കൊലപാതകത്തെ അപലപിക്കാൻ പോലും കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാകാത്തതിലെ അമർഷം ഗ്രാമീണർ മറച്ച് വക്കുന്നില്ല.

ഇതാണ് ഹരിയാനയിലെ ബല്ലബ് ഗഡ് നഗര സമീപത്തുള്ള കൈലി ഗ്രാമം. കയ്യിൽ കറുത്ത റിബ്ബണണിഞ്ഞാകും നാളെ ഈ പള്ളിയിൽ വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിനെത്തുക. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലം എംഎൽഎ വീട് സന്ദർശിച്ചു. ഇതൊഴിച്ചാൽ ഒരാശ്വസവാക്കു പോലും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

ഇക്കഴിഞ്ഞ വ്യാഴാഴ്ചാണ് ഹരിയാന സ്വദേശികളായ യുവാക്കൾ ട്രെയിനിൽ ആക്രമിക്കപ്പെട്ടത്. ഡൽഹിയിൽ നിന്നും ഈദിനുള്ള സാധനങ്ങൾ വാങ്ങി ട്രെനിനിലാണ് യുവാക്കൾ നാട്ടിലേക്ക് പുറപ്പെട്ടത്. ഇതിനിടെ ഒഖല സ്റ്റേഷനിലെത്തിയപ്പോൾ മറ്റു ചിലർ ട്രെയിനിൽ കയറി. മുസ് ലീം യുവാക്കളുമായി സംഘം വാക് തർക്കത്തിലേർപ്പെടുകയും ഒടുവിൽ അസാവതി സ്റ്റേഷനിലെത്തിയപ്പോൾ യുവാക്കളെ ട്രെയിനിൽ നിന്നും പുറത്താക്കുകയുമായിരുന്നു. സഹോദരൻ ഹാസിബിന്റെ മടിയിൽ കിടന്നാണ് ജുനൈദ് മരിച്ചത്.

ബീഫിന്റെ പേരിൽ സംഘപരിവാർ അനുഭാവികൾ നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷക്കീറിനെയും ഹാഷിമിനെയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ടും മുഹമ്മദ് സലിം എംപിയും സന്ദർശിച്ചിരുന്നു. ആക്രമണത്തെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. ഇതുപോലൊരു സംഭവം നടന്നിട്ടും പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രിയും മൗനംവെടിയാത്തത് ലജ്ജാകരമാണെന്ന് സിപിഐഎം വ്യക്തമാക്കി. ആക്രമണത്തിന് വിധേയരായ കുടുംബത്തെ സന്ദർശിക്കാൻ ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചിട്ടില്ല. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ആക്രമണത്തിൽ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണം. വർഗീയവിദ്വേഷത്തിന്റെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ പോലും ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനും സിപിഐഎം ആഹ്വാനം ചെയ്തു.