- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അവസാന ആശ്രയമായി മുഖ്യമന്ത്രിയെ കാണാനെത്തി; സുരക്ഷകാരണങ്ങൾ പറഞ്ഞു കർഷകനെ പൊലീസ് ബന്ദിയാക്കിയത് 9 മണിക്കൂർ; തൊടുപുഴ സ്വദേശിയെത്തിയത രണ്ടു വർഷം പിന്നിട്ടിട്ടും ലഭിക്കാത്ത പ്രളയ നഷ്ടപരിഹാരത്തെക്കുറിച്ച് നിവേദനം നൽകാൻ
തൊടുപുഴ: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകാനെത്തിയ കുടിയേറ്റ കർഷകനെ പൊലീസ് ലോഡ്ജിൽ ബന്ദിയാക്കിയത് 9 മണിക്കൂർ. മുരിക്കാശേരി തേക്കിൻതണ്ട് സ്വദേശി ഓലിക്കത്തൊട്ടിയൽ ദേവസ്യ ചാക്കോയെ (56) ആണ് ഇന്നലെ രാവിലെ 7 മുതൽ വൈകിട്ട് നാലുവരെ ലോഡ്ജിൽ നിന്നു പുറത്തിറങ്ങാൻ അനുവദിക്കാതെ പൊലീസ് കാവൽ നിന്നത്. രണ്ടു വർഷം പിന്നിട്ടിട്ടും പ്രളയ നഷ്ടപരിഹാരം ലഭിക്കാതെ കടക്കെണിയിലായ ദേവസ്യ മുഖ്യമന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകാനാണു തൊടുപുഴയിൽ മുറിയെടുത്തത്.തൊടുപുഴയിൽനിന്ന് 80 കിലോമീറ്ററോളം അകലെയാണ് മുരിക്കാശേരി.
2018 ലെ പ്രളയത്തിലാണ് ദേവസ്യ ചാക്കോയുടെ ഒന്നര ഏക്കർ കൃഷി സ്ഥലം നഷ്ടപ്പെട്ടത്. ഇതിനു യാതൊരു നഷ്ട പരിഹാരവും ലഭിച്ചില്ല. ഇതിനിടെ ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് കൂടി ലഭിച്ചു. ഇതോടെയാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാൻ 23നു മുരിക്കാശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തൊപ്പിപ്പാള ധരിച്ചു പ്ലക്കാർഡുമായി കാൽനടയാത്ര ആരംഭിച്ചത്. ശനിയാഴ്ച രാത്രി വണ്ണപ്പുറം മുണ്ടന്മുടിയിൽ ബന്ധു വീട്ടിൽ തങ്ങിയ ശേഷം തൊടുപുഴയിൽ എത്തി. മുഖ്യമന്ത്രി തൊടുപുഴയിൽ ഉള്ളതിനാൽ ഇവിടെവച്ചു നിവേദനം നൽകാൻ തീരുമാനിച്ചു.
ഇതിനായി ഇടുക്കി റോഡിൽ ടൗൺ ഹാളിനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. സംഭവമറിഞ്ഞതോടെ ദേവസ്യ ചാക്കോയുടെ മുറിയുടെ മുന്നിൽ ഇന്നലെ രാവിലെ ഏഴോടെ മഫ്തിയിൽ 2 പൊലീസുകാരെത്തി പുറത്ത് ഇറങ്ങുന്നത് തടഞ്ഞു. തങ്ങൾ മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതല ഉള്ളവരാണെന്നും പുറത്തേക്ക് പോകരുതെന്നും നിർദേശിച്ചു. നേരത്തെ അനുവാദം ലഭിച്ചവർക്ക് മാത്രമാണ് മുഖ്യമന്ത്രിയെ കാണാൻ അവസരമെന്നും പറഞ്ഞു. പൊലീസുകാരുടെ അകമ്പടിയോടെയാണു ദേവസ്യ ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങിയത്. മുഖ്യമന്ത്രി തൊടുപുഴയിൽ നിന്നു പോയ ശേഷം വൈകുന്നേരം 4 മണിയോടെയാണു ദേവസ്യയെ പോകാൻ അനുവദിച്ചത്. ഈ തിക്താനുഭവത്തോടെ തിരുവനന്തപുരത്തു പോകാനുള്ള തീരുമാനം ദേവസ്യ വേണ്ടെന്നു വച്ചു.