ഡൽഹി: റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ സമരത്തിന് പിന്നാലെ ഡൽഹിയിലും ചെങ്കോട്ടയിലും ഉണ്ടായ സംഘർഷത്തിലെ ഗൂഢാലോചനയിൽ അന്വേഷണം നടത്തും. സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തി. കലാപകാരികൾക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കർഷക സംഘടനാ നേതാക്കളുടെ പങ്കും അന്വേഷിക്കും.

ഇതിന്റെ ഭാഗമായി ബൽബീർ എസ് രാജെവാൾ, ബൽദേവ് സിങ് സിർസ, ഡോ. ദർശൻ പാൽ, യോഗേന്ദ്ര യാദവ് തുടങ്ങിയ 20 നേതാക്കളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു ആക്രമണത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ ചെങ്കോട്ടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

ഗസ്സിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനും ജില്ലാകളക്ടർ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി കർഷകരെ ഒഴിപ്പിക്കാനുള്ള നീക്കം നടത്തുകയാണ്. എന്നാൽ അറസ്റ്റിന് വഴങ്ങില്ലെന്നും സമരവേദി ഒഴിയില്ലെന്നും ഉള്ള നിലപാടിലാണ് കർഷക നേതാവ് രാകേഷ് ടിക്കായത്ത് പൊലീസിനെ അറിയിച്ചത്. കൂടുതൽ കർഷകർ സമരവേദിയിലേക്ക് എത്തിയതിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

ഇവിടേക്കുള്ള വൈദ്യുതിയും ജലവിതരണവും യു.പി സർക്കാർ വിച്ഛേദിച്ചിരുന്നു. പ്രദേശത്ത് കൂടുതൽ പൊലീസിനേയും അർധ സൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടണ്ട്. സമരവേദിക്ക് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പൊലീസ് നീക്കി.

അക്രമവുമായി ബന്ധപ്പെട്ട് നേതാക്കളെയടക്കം പ്രതികളാക്കി കർഷകർക്കെതിരേ 22 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ചെങ്കോട്ടയിലേതടക്കം പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചതിനാണ് കേസുകളേറെയും.

നേരത്തെ ഡൽഹി അതിർത്തിയായ സിംഘുവിൽ സമരം ചെയ്യുന്ന കർഷകർക്കെതിരേ ഒരുവിഭാഗം നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ദേശീയപതാകയുമേന്തി നാട്ടുകാർ സമരഭൂമിയിലേക്ക് മാർച്ച് നടത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഒരുകൂട്ടം ആളുകൾ പ്രതിഷേധവുമായെത്തിയത്. ഇവർ സിംഘു അതിർത്തിയിലെ നാട്ടുകാരാണെന്നാണ് അവകാശപ്പെട്ടത്.

സമരഭൂമിയിൽ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നേരത്തെ കർഷകർക്ക് നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച രാത്രി ജില്ലാ മജിസ്‌ട്രേറ്റും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സമരഭൂമിയിലെത്തി പ്രതിഷേധം അവസാനിപ്പിക്കാൻ കർഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ.