- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക റാലി അലങ്കോലപ്പെടുത്താൻ പദ്ധതിയിട്ടത് പൊലീസിന്റെ ഒത്താശയോടെ; സമരത്തിൽ നുഴഞ്ഞുകയറിയ അക്രമിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ച് കർഷകരും
ന്യൂഡൽഹി: കർഷക സമരത്തിനിടെ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനെത്തിയ ആളെ കർഷകർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. സിംഘു അതിർത്തിയിലാണ് സമരത്തിൽ അക്രമി നുഴഞ്ഞു കയറിയത്. അക്രമിയെ സമരക്കാർ മാധ്യമങ്ങൾക്ക് മുന്നിലും ഹാജരാക്കി. കർഷക സമരം അട്ടിമറിക്കാനും നേതാക്കൾക്കു നേരെ വെടിവെക്കാനും നിയോഗിച്ചതാണെന്ന് ഇയാളെ എന്നാണ് കർഷകർ ആരോപിക്കുന്നത്. ഹരിയാണ പൊലീസിനാണ് ഇയാളെ കൈമാറിയത്. കുണ്ട്‌ലി പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംശയാസ്പദമായ രീതിയിൽ സിംഘുവിൽ നിന്ന് കർഷകർ ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ കർഷകർ ചോദ്യം ചെയ്തു. ഇതോടെയാണ് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ വ്യക്തിയെന്ന് മനസിലായത്. ഇതോടെ കർഷകർ ഇയാളെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയ ശേഷം പൊലീസിന് കൈമാറിയത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് കർഷകർ വാർത്താസമ്മേളനം വിളിച്ചത്. റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ റാലി അലോങ്കലപ്പെടുത്താനും കർഷക നേതാക്കളെ വെടിവെച്ചു കൊലപ്പെടുത്താനും രണ്ടും സംഘങ്ങളെ നിയോഗിച്ചെന്ന് കർഷകർ ആരോപിച്ചു. സംഘത്തിൽ പെട്ടയാളെന്ന് ആരോപിച്ച് ഒരു മുഖംമൂടി ധാരിയെ കർഷകർ മാധ്യമങ്ങൾക്ക് ഹാജരാക്കുകയും തുടർന്ന് പൊലീസിന് കൈമാറുകയും ചെയ്തു.
കർഷക റാലി അലങ്കോലപ്പെടുത്താൻ പൊലീസിന്റെ ഒത്താശയോടെ തങ്ങൾ പദ്ധതിയിട്ടതായി മുഖംമൂടിധാരി മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചന നടത്തിയ പൊലീസുകാരുടെ പേരെടുത്ത് പറയുകയും ചെയ്തു.'രണ്ടു സംഘങ്ങളായി ജനുവരി 19 മുതൽ തങ്ങൾ ഇവിടെയുണ്ട്. പ്രതിഷേധക്കാരുടെ പക്കൽ ആയുധമുണ്ടോയെന്ന് പരിശോധിക്കാനാണ് തങ്ങളെ ചുമതലപ്പെടുത്തിയത്. ജനുവരി 26-ന് പ്രക്ഷോഭകർക്കിടയിൽ കൂടിചേരാനും സമരത്തിനിടെ വെടിയുതിർക്കാനുമായിരുന്നു പദ്ധതി.
കർഷകർ പൊലീസിനു നേരെ വെടിയുതിർക്കുന്നുവെന്ന് വരുത്തി തീർക്കാനായിരുന്നു ഇത്. പ്രക്ഷോഭകർക്ക് പൊലീസ് ആദ്യം മുന്നറിയിപ്പ് നൽകും തുടർന്ന് സഹകരിച്ചില്ലെങ്കിൽ മുട്ടിന് കീഴെ വെടിയുതിർക്കാനും പദ്ധതിയുണ്ട്. കർഷകർ ആയുധങ്ങൾ ഉപയോഗിച്ചുവെന്ന് പൊലീസിന് സ്ഥാപിച്ചെടുക്കാനാണ് തങ്ങളെ ആയുധങ്ങളുമായി ഇങ്ങോട്ടേക്ക് നിയോഗിച്ചത്' മുഖംമൂടി ധാരി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ