- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അദാനിയുടെ പത്തിലേറെ അഗ്രി കമ്പനികൾ സജീവമായത് ഈ അടുത്ത കാലത്ത്; കർഷകരോഷം മോദിയുടെ പ്രിയപ്പെട്ട വ്യവസായി ഗൗതം അദാനിക്ക് എതിരെയും; ജിയോയുടെ ഫോണുകളും സിം കാർഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കണം; റിലയൻസ് പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കരുതെന്നും കാമ്പയിൻ; പ്രതിഷേധങ്ങളുമായി പ്രമുഖ പഞ്ചാബ് ഗായകർ അടക്കം സോഷ്യൽ മീഡിയയിൽ; കർഷക രോഷം ആളിക്കത്തുമ്പോൾ നഷ്ടം അംബാനിക്കും അദാനിക്കും
ന്യൂഡൽഹി : രണ്ടാഴ്ച പിന്നിടുന്ന കർഷക സമരം കോർപ്പറേറ്റ് വിരുദ്ധ സമരമായി മാറുന്നതോടെ ചങ്കിടിക്കുന്നത് അംബാനിക്കും അദാനിക്കും. സമരം കോർപ്പറേറ്റുകൾക്കെതിരെ കൂടിയാണെന്ന് പ്രഖ്യാപിച്ച കർഷകർ ജിയോ ഉത്പന്നങ്ങൾ പൂർണ്ണമായും ബഹിഷ്കരിക്കാൻ പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ജിയോയുടെ ഫോണുകളും സിം കാർഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേൽ ഉപയോഗിക്കുകയില്ലെന്നുമാണ് കർഷകർ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ റിലയൻസ് ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചും നേരത്തെയും കർഷകർ പ്രതിഷേധിച്ചിരുന്നു. പഞ്ചാബിലെ കർഷകരാണ് സിം വലിച്ചെറിഞ്ഞും കത്തിച്ചും പ്രതിഷേധിച്ചത്. കോർപ്പറേറ്റുകൾക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ ജിയോ സിം കാർഡുകൾ പൊട്ടിച്ചുകളഞ്ഞ് പ്രതിഷേധിച്ചത്.
സോഷ്യൽ മീഡിയയിൽ ജിയോ സിമ്മിനെതിരായ ക്യാംപയിനിൽ, ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകൾ നശിപ്പിച്ചിരുന്നു. റിലയൻസ് പമ്പുകളിൽ നിന്ന് പെട്രോളുംഡീസലും അടിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.കാർഷിക നിയമങ്ങളിലൂടെ നരേന്ദ്ര മോദി സർക്കാർ അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു.
നേരത്തെ അദാനിക്കെതിരെ കർഷകർ ശക്തമായ നിലപാട് എടുത്തിട്ടില്ലായിരുന്നു. എന്നാൽ അദാനിയുടെ അഗ്രി കമ്പനി വരുന്നുണ്ടെന്നും ഇതിനുവേണ്ടി കൂടിയാണ് പുതിയ കാർഷിക നിയമ ഭേദഗതി എന്ന വാർത്തകൾ പുറത്തുവന്നതോടെയാണ്, കർഷക രോഷം മോദിയുടെ ഏറ്റവും പ്രിയപ്പെട്ട വ്യവസായി എന്നറിയപ്പെടുന്ന ഗൗതം അദാനിക്കെതിരെയും നീളുന്നത്. കാർഷിക ബിൽ രാജ്യസഭ പാസാക്കുന്നതിന് മുമ്പ് 2019ൽ അദാനി ഗ്രൂപ്പ് പത്തിലേറെ അഗ്രി കമ്പനികൾക്ക് രൂപം നൽകുകയുണ്ടായി. കാർഷിക വിളകൾ ശേഖരിക്കുന്ന കമ്പനികളാണ് ഇതെന്നാണ് കർഷക സമരത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
പത്ത് കമ്പനികളിൽ ഡയറക്ടറായി അദാനി ഗ്യാസിന്റെ ജനറൽ മനേജറായിരുന്ന അമിത് മാലിക്ക് നിയമിതനായി. 2019 മാർച്ച് മുതലുള്ള മൂന്ന് മാസങ്ങളിലായാണ് ഈ നടപടി ഉണ്ടായത്. അദാനി അഗ്രി ലോജിസ്റ്റിക്സ്(കാത്തിഹാർ)ലിമിറ്റഡ്,അദാനി അഗ്രി ലോജിസ്റ്റിക്സ് (ദാഹൂഡ്) ലിമിറ്റഡ്,അദാനി ലോജിസ്റ്റിക്സ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, അദാനി അഗ്രി ലോജിസ്റ്റിക്സ്(കന്നു)ലിമിറ്റഡ്
അദാനി അഗ്രി ലോജിസ്റ്റിക്സ്(കോത്ത്കപുര)ലിമിറ്റഡ, ഡെർമോട്ട് ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ്അദാനി അഗ്രി ലേജിസ്റ്റിസ്ക്സ്(ബോറിവാലി) ലിമിറ്റഡ്, അദാനി അഗ്രി ലോജിസ്റ്റിക്സ്(ദാർബംഗ)ലിമിറ്റഡ്,
അദാനി അഗ്രി ലോജിസ്റ്റിക്സ് (ദമോറെ) ലിമിറ്റഡ്, അദാനി ലോജിസ്റ്റിസ്ക് (പാനിപ്പറ്റ്) ലിമിറ്റഡ് തുടങ്ങിയവയാണ് ഈ കമ്പനികൾ.
ഈ കമ്പനികൾ കൂടുതൽ ആക്ടിവായി പ്രവർത്തിക്കാൻ തുടങ്ങിയത് അടുത്തകാലത്താണ്. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ കർഷക നയത്തിൽ കമ്പനികൾക്ക് അനുകൂലമായി ഭേദഗതികൾ വരുത്തിയത്. അതുകൊണ്ട് തന്നെ അദാനിയെ പോലുള്ളവർക്ക് വേണ്ടിയാണ് ഇപ്പോഴത്തെ നിയമം എന്നാണ് കർഷകർ ആരോപിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി തെരഞ്ഞെടുപ്പു കാമ്പയിന് ഉപയോഗിച്ചിരുന്നത് പോലും അദാനിയുടെ വിമാനമായിരുന്നു. അത്രയ്ക്ക് ആത്മബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ഇക്കാര്യം അടക്കം കർഷക രോഷത്തിന് ഇടയാക്കുന്നു.
നരേന്ദ്ര മോദിയുടെയും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിന്റെയും കടുത്ത വിമർശകരുടെ കൂട്ടത്തിലാണ് സൈബർ ലോകത്ത് സജീവമായി ഓൺലൈൻ വ്ളോഗർ കൂടിയായ ധ്രുവ് രതി. കഴിഞ്ഞ ദിവസം അദ്ദേഹം സൈബർ ഇടത്തിൽ തമാശക്ക് ഇട നൽകുന്നൊരു ട്രോൾ പങ്കു വെച്ചിരുന്നു. മുകേഷ് അംബാനിയെ ഒരു വിഷ് മെഷീനായി ചിത്രീകരിച്ചു കൊണ്ടായിരുന്നു ഈ ട്രോൾ. ഇതിൽ അദ്ദഹം ചൂണ്ടിക്കാട്ടിയത് രസകരമായ ഒരു കാര്യമായിരുന്നു. ഇന്ത്യയിൽ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കേണ്ട ആവശ്യകതകയിൽ ഊന്നി പ്രധാനമന്ത്രി സംസാരിച്ച കാര്യമായിരുന്നു ഇത്.
ഇതിന് പിന്നാലെ റിലയൻസ് ജിയുടെ 5 ജി സേവനങ്ങൾ 2021 മുതൽ രാജ്യത്ത് ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി നടത്തിയ സ്റ്റേറ്റ്മെന്റും പുറത്തുവന്നു. മോദിയും അംബാനിയും തമ്മിലുള്ള ബന്ധം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കാനായിരുന്നു ധ്രുവ് രതി ഈ ട്രോൾ പോസ്റ്റ് ചൂണ്ടിക്കാട്ടിയത്. രാജ്യ തലസ്ഥാനത്തെ സ്തംഭിപ്പിക്കുന്ന വിധത്തിൽ കർഷക പ്രക്ഷോഭം കടുക്കുമ്പോൾ കർഷകരെ രോഷം കൊളിക്കുന്ന ഘടകങ്ങളിൽ പ്രധാനം കേന്ദ്രസർക്കാറും കോർപ്പറേറ്റുകളും തമ്മിലുള്ള ഇത്തരം അന്തർധാരയാണ്.
മറുനാടന് ഡെസ്ക്