ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ റാലിക്ക് അനുമതി നൽകി ഡൽഹി പൊലീസ്. പ്രതിഷേധക്കാർക്ക് ഡൽഹിയിൽ പ്രവേശിക്കാമെന്നും എന്നാൽ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡൽഹി പൊലീസ് നിർദേശിച്ചു്. രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടർ റാലി നടത്താൻ പാടുള്ളൂവെന്നും നിർദേശമുണ്ട്.

ട്രാക്ടർ റാലിയുടെ റൂട്ട് മാപ്പ് സമരക്കാർ ഡൽഹി പൊലീസിന് സമർപ്പിച്ചിരുന്നു. പൊലീസും സമരക്കാരുടെ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. റാലി സമാധാനപരമായിരിക്കുമെന്ന് കർഷകർ പൊലീസിന് ഉറപ്പു നൽകിയിരുന്നു. ഡൽഹിയുടെ അതിർത്തികളിലായിരിക്കും സമരമെന്നും സമരക്കാർ വ്യക്തമാക്കിയിരുന്നു.

ഡൽഹി അതിർത്തിക്കു പുറത്ത് സമരം തുടരുന്ന കർഷകർക്ക് നഗരത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയതായി പൊലീസ് വ്യക്തമാക്കി. നഗരത്തിൽ ഏതാനും കിലോമീറ്ററുകൾ മാത്രം പ്രവേശിക്കാനാണ് അനുമതി. റാലിയിൽ എത്ര ട്രാക്ടറുകൾ അണിനിരക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രാവിലെ 11.30 ഓടെ റിപ്പബ്ലിക് ദിന പരിപാടികൾ അവസാനിച്ചതിനു ശേഷം മാത്രമേ റാലി ആരംഭിക്കാൻ പാടുള്ളൂ.

ശക്തമായ പൊലീസ് സന്നാഹമാണ് ട്രാക്ടർ റാലിയോടനുബന്ധിച്ച് ഒരുക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന് സുരക്ഷയൊരുക്കുന്ന പൊലീസുകാർതന്നെ ട്രാക്ടർ റാലിക്കും സുരക്ഷ ഒരുക്കേണ്ടതുണ്ട്. അതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടു പരിപാടികൾക്കും തയ്യാറാകണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.