ഡൽഹി:രാജ്യ തലസ്ഥാനത്തെ വിറപ്പിച്ചു സംയുക്ത കർഷക സമിതിയുടെ ഡൽഹിചലോ മാർച്ച് ഏഴാം ദിവസത്തിലേക്കു നീങ്ങുന്നു. പ്രശ്നപരിഹാര ചർച്ച പരാജയപ്പെട്ടതോടെ സമരം കൂടുതൽ കരുത്താർജ്ജിക്കുകയാണ്.വിവാദ കരിനിയമങ്ങൾ പിൻവലിക്കാതെ യാതൊരുവിധ ചർച്ചയ്ക്കും തങ്ങൾ ഒരുക്കമല്ലെന്നു കർഷക സംഘടനകൾ നിലപാടു കടുപ്പിച്ചതോടെ കേന്ദ്ര നേതൃത്വങ്ങളുടെ സമവായനീക്കങ്ങൾ അപ്പാടെ തകർന്നു. അമിത് ഷ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കളുടെ എല്ലാ നിർദ്ദേശങ്ങളും തള്ളിയാണ് കർഷക സമരം മുന്നോട്ട് പോകുന്നത്.

പരാതികൾ പരിശോധിക്കാൻ അഞ്ചംഗ ഉന്നതതല സമിതിയെ നിയോഗിക്കാമെന്നു മാത്രമായിരുന്നു സർക്കാരിന്റെ വാഗ്ദാനം. നാളെ വീണ്ടും ചർച്ച നടത്താമെന്നു കേന്ദ്രം അറിയിച്ചെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതു സംബന്ധിച്ചല്ലാതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് നേതാക്കൾ മറുപടി നൽകി. നിയമങ്ങൾ തൽക്കാലം മരവിപ്പിക്കാൻ ഓർഡിനൻസ് ഇറക്കാമെന്ന കേന്ദ്ര വാഗ്ദാനവും തള്ളി.

പഞ്ചാബിലെ വിവിധ സംഘടനകളിലെ 32 നേതാക്കളും സംയുക്ത കിസാൻ മോർച്ച കോർ കമ്മിറ്റിയിലെ 3 അംഗങ്ങളുമാണു കർഷകരെ പ്രതിനിധീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നരേന്ദ്ര സിങ് തോമർ, പീയൂഷ് ഗോയൽ എന്നിവർ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വസതിയിൽ ചേർന്ന യോഗത്തിലെ ധാരണപ്രകാരമാണ് അഞ്ചംഗ സമിതിയെന്ന നിർദ്ദേശം മുന്നോട്ടു വച്ചത്. 4 മണിക്കുറോളം നീണ്ട ചർച്ചക്കിടയിൽ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ ചായസൽക്കാരത്തിനുള്ള ക്ഷണം കർഷകർ നിഷേധമടക്കമുള്ള നാടകീയ രംഗങ്ങൾക്കും വേദിയായി.

ചർച്ചയുടെ ഇടവേളയിൽ ചായയ്ക്കുള്ള മന്ത്രിമാരുടെ ക്ഷണവും നിരസിച്ച കർഷകർ, കേന്ദ്രത്തിനെതിരെ പോരാടാനുറച്ചാണു തങ്ങൾ എത്തിയിരിക്കുന്നതെന്ന വ്യക്തമായ സൂചന നൽകി. നിയമങ്ങൾ കർഷകർക്കു വരുമാന വർധനയ്ക്കുള്ള പുതിയ അവസരങ്ങൾ തുറക്കുമെന്ന പഴയ നിലപാട് മന്ത്രിമാർ ആവർത്തിച്ചു. നിയമങ്ങൾ താങ്ങുവില ഇല്ലാതാക്കുമെന്നും കോർപറേറ്റുകളുടെ അടിമകളാകാൻ തങ്ങളില്ലെന്നും കർഷകർ തിരിച്ചടിച്ചു.മാത്രമല്ല കർഷക സംഘടനാ നേതാക്കൾ കൃഷി വകുപ്പ് മന്ത്രിയെ സിംഘുവിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെ ചായയും ജിലേബിയും കഴിച്ച് പ്രശ്നങ്ങൾ ഹൃദയം തുറന്ന് ചർച്ച ചെയ്യാമെന്നായിരുന്നു കർഷക നേതാക്കളുടെ മറുപടി.

സമരം കടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംയുക്ത സമര സമിതി ഭാവി പരിപാടികൾ ആലോചിക്കുകയാണ്. കൂടുതൽ കർഷകരെ ഇറക്കി ഡൽഹിയുടെ മറ്റ് അതിർത്തികൾ കൂടി ഉപരോധിക്കുന്ന കാര്യവും ആലോചനയിലുണ്ട്. സംയുക്ത കർഷക സമിതി കൂടുതൽ കർഷകരെ പങ്കെടുപ്പിച്ചു കൊണ്ടു സമരം വ്യാപിപ്പിച്ചാൽ ഡൽഹിയുടെ തുറന്നു ഇരിക്കുന്ന അതിർത്തികളിൽ കൂടി ഗതാഗത സ്തംഭനം ഉണ്ടാകാൻ ഇടയുണ്ടു.

പ്രധാനമായും ഉത്തർ പ്രദേശിന്റെയും മധ്യപ്രദേശിന്റെയും അതിർത്തികൾ അടഞ്ഞാൽ ഡൽഹി കൂടുതൽ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും,ഇതു കാര്യങ്ങൾ കൂടുതൽ വഷളാക്കും.രണ്ടര ലക്ഷത്തോളം കർഷകർ ഡൽഹി അതിർത്തികളിലുണ്ട്. ഹരിയാന ഡൽഹി അതിർത്തിയിലെ സിംഘുവിൽ 14 കിലോമീറ്ററും തിക്രിയിൽ 11 കിലോമീറ്ററും നീളത്തിൽ ദേശീയപാതയിൽ കർഷകർ തമ്പടിച്ചിരിക്കുകയാണ്. യുപി ഡൽഹി അതിർത്തിയിലെ ഗസ്സിപ്പുരിലും ആയിരക്കണക്കിനു പേരുണ്ട്. പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി വഴിതടയൽ സമരം നടത്തുമെന്നു കിസാൻ സഭ അറിയിച്ചു.

അതേസമയം കർഷക സമരത്തിന് പിന്തുണ ഏറിവരികയാണ്.കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഹരിയാനയിലെ ദാദ്രിയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ: സോംബിർ സാങ്വാൻ ബിജെപി ജെജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന നിലയിലേക്കെത്തുമ്പോൾ പ്രശ്നത്തിൽ എത്രയും പെട്ടെന്ന് ഒത്തുതീർപ്പിനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറും പീയുഷ് ഗോയലും ആഭ്യന്തര മന്ത്രി അമിത്ഷാ യും ആയുള്ള ഉന്നതതല കൂടി കാഴ്‌ച്ച ഡൽഹിയിൽ നടന്നു വരുകയാണ്,കർഷക സമരം കൂടുതൽ നീണ്ടു പോകുന്നതു ഡൽഹിയിൽ കൂടുതൽ പ്രശ്‌നങ്ങൾക്കു വഴിവെയ്ക്കും ഇപ്പോൾ തന്നെ പച്ചകറികൾക്കും പഴങ്ങൾക്കും തലസ്ഥാനത്തു കടുത്ത ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്.