ന്യൂഡൽഹി: കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ സമര രംഗത്തു നിന്നും പിന്നോട്ടില്ലെന്ന ഉറച്ചു നിലപാടിലാണ് കർഷകർ. ഇതോടെ കേന്ദ്രസർക്കാർ കടുത്ത പ്രതിരോധത്തിലാണ്. എങ്ങനെയും സമരം പിൻവലിക്കാനുള്ള ശ്രമങ്ങളിലേക്ക് കടക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. കർഷകരുമായുള്ള മൂന്നാം ഘട്ട ചർച്ചയ്ക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി.

പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന ചർച്ചയിൽ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പങ്കെടുക്കുന്നുണ്ട്. കർഷക പ്രക്ഷോഭത്തിന് പിന്തുണ വർദ്ധിച്ചുവരുന്നതിനിടയിലും വിഷയം ആഗോളതലത്തിൽ ചർച്ചയാകുന്നതിനിടയിലുമാണ് പ്രധാനമന്ത്രിയുമായുള്ള മന്ത്രിമാരുടെ കൂടിക്കാഴ്ച. സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പൂർണ്ണമായും പിൻവലിക്കണമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഡൽഹിയുടെ വിവിധ അതിർത്തികളിൽ തമ്പടിച്ചിട്ടുള്ള ആയിരക്കണക്കിന് കർഷകരുള്ളത്. കേന്ദ്ര സർക്കാരുമായി നേരത്തെ രണ്ടു തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു.

ഇതിനിടെ ഇന്നത്തെ ചർച്ചയിൽ സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാതിരുന്നാൽ പാർലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണി കർഷകർ ഉയർത്തിയിട്ടുണ്ട്. ഒപ്പം ദേശീയ പാത എട്ടിൽ മാർച്ച് നടത്തുമെന്നും പ്രക്ഷോഭം ജന്തർ മന്തറിലേക്ക് മാറ്റുമെന്നും കർഷക സംഘടനകൾ അറിയിച്ചു.

ഇന്ന് രണ്ടു മണിക്കാണ് കർഷക നേതാക്കളുമായുള്ള സർക്കാരിന്റെ ചർച്ച. കർഷകർ പോസിറ്റീവായി ചിന്തിക്കുകയും പ്രക്ഷോഭത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കർഷക സമരം കൂടുതൽ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്കുള്ള കൂടുതൽ അതിർത്തികൾ അടച്ചു. സിംഘു, ഓചന്ദി, ലാംപുർ, പിയാവോ മാനിയാരി, മംഗേഷ് എന്നീ അതിർത്തികളും ദേശീയ പാത 44 ഉം അടച്ചുപൂട്ടിയതായി ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു.

കേന്ദ്രസർക്കാരുമായി എല്ലാ ദിവസവും ചർച്ച നടത്താൻ തങ്ങൾക്കാവില്ലെന്നും കേന്ദ്രത്തിന്റെ കാർഷിക വിരുദ്ധ നിയമം റദ്ദാക്കുന്നതിൽ കുറഞ്ഞൊരാവശ്യവും തങ്ങൾക്ക് മുന്നോട്ടുവെക്കാനില്ലെന്നും കിസാൻ സംയുക്ത് മോർച്ച അധ്യക്ഷൻ രാംപാൽ സിങ് പഞ്ഞു. കേന്ദ്രസർക്കാർ എല്ലാ ദിവസവും ഇങ്ങനെ ചർച്ച വിളിക്കുന്നതിൽ കാര്യമില്ല. നിയമം റദ്ദാക്കണം. അതിൽ കുറഞ്ഞ ഒരാവശ്യവും ഞങ്ങൾക്ക് മുന്നോട്ടുവെക്കാനില്ല. അത് അവർ അംഗീകരിച്ചാൽ സമരം അവസാനിക്കും. അവർ ഇപ്പോഴും ഭേദഗതിയെ കുറിച്ചാണ് സംസാരിക്കുന്നത്', അദ്ദേഹം പറഞ്ഞു.