- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്; ഒരു കാരണവശാലും നിയമം നടപ്പിലാക്കില്ല; കേന്ദ്രത്തിന്റെ എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ; പ്രതിപക്ഷ പാർട്ടികൾക്ക് ലജ്ജയില്ലാത്ത ഇരട്ട നിലപാടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും; പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ജന്തർമന്ദിറിൽ പ്രതിഷേധവുമായി രംഗത്ത്
തിരുവനന്തപുരം: കാർഷിക നിയമത്തിന് എതിർ ഡൽഹിയിൽ പ്രക്ഷോഭം ഇരമ്പുമ്പോൾ നിയമ പോരാട്ടത്തിന്റെ വഴിയിൽ അണിനിരക്കാൻ കേരളം. കേന്ദ്രത്തിന്റെ കാർഷക നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ്. ഒരു കാരണവശാലും നിയമം നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി. കേന്ദ്രത്തിന്റെ എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ വിമർശനവുമായി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. കാർഷിക നിയമങ്ങൾ സംബന്ധിച്ച് ഒരു ലജ്ജയുമില്ലാതെ ഇരട്ട നിലപാടാണ് പ്രതിപക്ഷവും മറ്റു രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കാർഷിക നിയമങ്ങൾ സംബന്ധിച്ച വിഷയത്തിലേക്ക് പ്രതിപക്ഷ പാർട്ടികൾ എടുത്തുചാടുകയായിരുന്നു. നരേന്ദ്ര മോദി സർക്കാർ കാർഷിക മേഖലയിലെ പരിഷ്‌കരണത്തിനായി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സർക്കാരിന്റെ കാലത്ത് ചെയ്തതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.ഇപ്പോൾ കാർഷിക നിയമത്തെ എതിർക്കുന്ന ശരദ് പവാർ കൃഷിമന്ത്രിയായിരുന്ന കാലത്ത് വിപണിയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചിരുന്നു. പ്രതിപക്ഷം എതിർക്കാർ വേണ്ടി മാത്രം നിയമത്തെ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ജന്തർമന്ദിറിൽ പ്രതിഷേധിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാരുടെ പ്രതിഷേധം. കർഷക സമരത്തിന് പരസ്യപിന്തുണയുമായി സമരവേദിയായ സിംഘുവിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമെത്തി. കർഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കണം എന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. ഒരുക്കങ്ങൾ വിലയിരുത്താനുള്ള ഔദ്യോഗിക സന്ദർശനമെന്ന പേരിലാണ് സിംഘുവിലെത്തിയതെങ്കിലും സമരത്തിനുള്ള ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയ പിന്തുണ നേരിട്ടറിയിക്കുകയായിരുന്നു കെജ്‌രിവാളിന്റെ ഉദ്ദേശം.
നാളത്തെ ഭാരത് ബന്ദിന് ഐക്യദാർഡ്യവും കെജ്‌രിവാൾ അറിയിച്ചിട്ടുണ്ട്. ഡൽഹിയിലെ സ്റ്റേഡിയങ്ങൾ തുറന്ന ജയിലുകളാക്കാനുള്ള കേന്ദ്രസമ്മർദ്ദം ശക്തമായിരുന്നുവെന്ന് കെജ്‌രിവാൾ സമരനേതാക്കളോട് പറഞ്ഞു. ആ സമ്മർദ്ദത്തിന് വഴങ്ങാതിരുന്നതിനാലാണ് സമരം ഇത്രത്തോളം വളർന്നതെന്നും കെജ്‌രിവാൾ അവകാശപ്പെട്ടു. കാർഷിക നിയമങ്ങളെ ചൊല്ലി എൻഡിഎ വിട്ട ശിരോമണി അകാലിദൾ അടക്കമുള്ള പാർട്ടികൾ ഭാരത് ബന്ദിന് ഐക്യദാർഢ്യമറിയിച്ച് കഴിഞ്ഞു.
മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ നാളെ അതിർത്തികളിൽ സമരക്കാർക്കൊപ്പം അണിചേരും. അവശ്യ സേവനങ്ങൾ അനുവദിക്കില്ലെന്ന് ഇന്നലെ വ്യക്തമാക്കിയ സമര സംഘടനകൾ നിലപാട് മയപ്പെടുത്തി. നാളെ മൂന്ന് മണി വരെയുള്ള ഭാരത് ബന്ദിനോട് എല്ലാവരും സ്വമേധയാ സഹകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. അതേ സമയം വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാനിരിക്കുന്ന ശരത് പവാറിനെതിരെ ബിജെപി രംഗത്തെത്തി. പവാർ കൃഷി മന്ത്രിയായിരിക്കേ സ്വകാര്യമേഖലക്ക് വൻ സാധ്യതയൊരുക്കാനായി എപിഎംസി ആക്ട് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിമാർക്കയച്ച കത്തിലെ ചില ഭാഗങ്ങൾ പുറത്ത് വിട്ടാണ് ഇരട്ടതാപ്പ് ചോദ്യം ചെയ്യുന്നത്.
കാർഷിക നിയമങ്ങൾക്കെതിരെ എൻഡിഎ ഘടകകക്ഷികളും പരസ്യമായി രംഗത്തുവന്നതോടെ കേന്ദ്രസർക്കാരും ബിജെപിയും രാഷ്ട്രീയമായി ഒറ്റപ്പെട്ടു. വയോധികരും കുട്ടികളും സ്ത്രീകളും അടക്കം പതിനായിരങ്ങൾ കൊടുംതണുപ്പിൽ ദിവസങ്ങളായി തെരുവിൽ പ്രതിഷേധിക്കുമ്പോഴും കേന്ദ്രം പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോകുന്നതിൽ രാജ്യമെമ്പാടും രോഷം പ്രകടം. രാജ്യതലസ്ഥാനത്ത് അടക്കം വിവിധ വിഭാഗം ജനങ്ങൾ സമരത്തിന് പിന്തുണയും സഹായവും നൽകുന്നു. ഇടതുപാർട്ടികൾക്ക് പിന്നാലെ കൂടുതൽ രാഷ്ട്രീയപാർട്ടികൾ ഭാരത് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
ഹരിയാനയിൽ ബിജെപി ബന്ധം ഉപേക്ഷിക്കണമെന്ന് സഖ്യകക്ഷിയായ ജെജെപി(ജൻനായക് ജനതാപാർട്ടി)ക്ക് കർഷകസംഘടനകളും ഖാപ്പുകളും അന്ത്യശാസനം നൽകി. ബിജെപി നേതാക്കളെയും അവരെ പിന്തുണയ്ക്കുന്നവരെയും ബഹിഷ്‌കരിക്കാനും ഖാപ്പ് നേതാക്കൾ ആഹ്വാനം ചെയ്തു. 90 അംഗ ഹരിയാന നിയമസഭയിൽ ബിജെപിക്ക് 40 അംഗങ്ങൾ മാത്രം. 10 എംഎൽഎമാരുള്ള ജെജെപിയുടെ സഹകരണത്തിലാണ് ഭരണം. കാർഷികമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെജെപി ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ നിലനിൽപ്പ് അപകടത്തിലാവും. ഈയിടെ ഹരിയാന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടിരുന്നു.
പഞ്ചാബിൽ എൻഡിഎ ബന്ധം ഉപേക്ഷിച്ച ശിരോമണി അകാലിദൾ (എസ്എഡി) പുതിയ രാഷ്ട്രീയനീക്കങ്ങൾ തുടങ്ങി. ബിജെപിയിതര കക്ഷികളുമായി എസ്എഡി നേതാക്കൾ ചർച്ച നടത്തുന്നു. രാജസ്ഥാനിൽ ബിജെപി ഘടകകക്ഷികൾ പ്രതിഷേധത്തിലാണ്. സമരങ്ങളോട് പലപ്പോഴും പിന്തിരിഞ്ഞുനിൽക്കുന്ന ജനവിഭാഗങ്ങൾ കർഷകർക്ക് പിന്തുണയുമായി രംഗത്തുവന്നത് ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്‌കാരം മടക്കിനൽകുമെന്ന് ഒളിംപിക്സ് മെഡൽ ജേതാവായ ബോക്സിങ് താരം വിജേന്ദർ സിങ് പറഞ്ഞു. കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പാർട്ടി പ്രവർത്തകർ പങ്കെടുക്കുമെന്നും വിജയം ഉറപ്പാക്കുമെന്നും ടിആർഎസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ