ന്യൂഡൽഹി: ഒടുവിൽ കേന്ദ്രസർക്കാറുമായി ചർച്ചക്ക് തയ്യാറെടുത്തു കർഷക സംഘടനകൾ. ഡിസംബർ 29-ന് ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ അറിയിച്ചു. സിംഘു അതിർത്തിയിൽ കർഷക സംഘടനകൾ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതേസമയം നാല് നിബന്ധനകൾ അംഗീകരിക്കണമെന്ന ആവശ്യവും കർഷകർ മുന്നോട്ടു വെച്ചിട്ടുണ്ട്. നേരത്തേ നടന്ന ചർച്ചകളിൽ സർക്കാർ ഉപാധികൾ മുന്നോട്ടുവെച്ചപ്പോൾ ഇപ്പോൾ, ചർച്ചയ്ക്ക് മുമ്പായി കർഷകർ ഉപാധികൾ മുന്നോട്ടുവെച്ചിരിക്കുകയാണ്.

പുതിയ കാർഷിക പരിഷ്‌കരണ നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ, താങ്ങുവിലയിൽ ഉള്ള രേഖാമൂലമുള്ള ഉറപ്പിന്റെ നടപടിക്രമവും വ്യവസ്ഥ, വായുമലിനീകരണ ഓർഡിനൻസിന്റെ ഭേദഗതികൾ, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടിൽ ആവശ്യമായ മാറ്റങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യമാണ് കർഷകർ മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇത് കൂടാതെ കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറിക്ക് അയച്ച കത്തിൽ കർഷർ തങ്ങളുടെ പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മനഃപൂർവം കർഷകർക്കെതിരേ വ്യാജപ്രചരണങ്ങൾ കർഷകർക്കെതിരേ നടത്തുന്നു എന്നാണ് കത്തിൽ ആരോപിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിലും നിയമത്തിൽ ഭേദഗതി വേണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടില്ല മറിച്ച്, മൂന്നു നിയമങ്ങളും പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സർക്കാരാണ് ഭേദഗതി നിർദ്ദേശം മുന്നോട്ടുവെച്ചത്. എന്നാൽ, മന്ത്രിമാർ കർഷകർ ഭേദഗതി നിർദേശങ്ങൾ മുന്നോട്ടുവെച്ചെന്ന രീതിയിൽ പ്രചാരണം നടത്തുന്നുണ്ട്.

വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമിച്ചത് ദൗർഭാഗ്യകരം. മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് കർഷകർക്കെതിരായി നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും കത്തിൽ കർഷകർ ആവശ്യപ്പെട്ടു. പ്രതിപക്ഷം കർഷകർക്കിടയിൽ തെറ്റിദ്ധാരണകൾ പടർത്തുകയാണെന്നും നുണപ്രചാരണം നടത്തുകയാണെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇത്തരം വ്യാജപ്രചാരണങ്ങളിൽ വീണുപോകരുതെന്നും അദ്ദേഹം കർഷകരോട് ആവശ്യപ്പെട്ടിരുന്നു. കാർഷിക നിയമങ്ങൾ ഒരു വർഷത്തേക്ക് നടപ്പാക്കാൻ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ആവശ്യപ്പെട്ടിരുന്നു. നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമല്ലെങ്കിൽ ഭേദഗതികൾ വരുത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിനിടെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിടുന്നതായി ലോക് താന്ത്രിക് എംപി ഹനുമാൻ ബെനിവാൾ അറിയിച്ചു. കർഷകർക്ക് എതിരെ നിൽക്കുന്നവരെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാജഹാൻപൂരിൽ വെച്ച് നടന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് എൻ.ഡി.എ സഖ്യമുപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

നേരത്തെ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പാർലമെന്ററി കമ്മിറ്റികളിൽ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. കർഷകസമരവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതിനാലാണ് രാജിവെച്ചൊഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാർഷിക ബിൽ ലോക്സഭയിൽ അവതരിപ്പിക്കുമ്പോൾ താനില്ലായിരുന്നെന്നും ഉണ്ടായിരുന്നെങ്കിൽ ബിൽ കീറിയെറിഞ്ഞേനേയെന്നും ബെനിവാൾ പറഞ്ഞിരുന്നു.

അതേസമയം കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് മുൻ ലോക്‌സഭാ എംപിയും ബിജെപി നേതാവുമായ ഹരീന്ദർ സിങ് ഖൽസയും പാർട്ടി വിട്ടിരിക്കുകയാണ്. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഖൽസ പാർട്ടി വിട്ടത്. പഞ്ചാബിലെ ഫതേഗർ സാഹിബ് മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ഖൽസ 2019 മാർച്ചിലാണ് ബിജെപിയിൽ ചേർന്നത്. മുൻ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബിജെപിയിൽ ചേർന്നത്.