തിരുവനന്തപുരം: കർഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കർഷകരും ഡൽഹിയിലേയ്ക്ക്. ആയിരം പേർ സമരത്തിൽ പങ്കെടുക്കുമെന്ന് കേരള കർഷക സംഘം അറിയിച്ചു. കർഷകർ കേന്ദ്രസർക്കാരുമായി നടത്തിയ ഏഴാം വട്ട ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് കേരളത്തിലെ കർഷകരും ഡൽയിലെ സമരത്തിൽ അണിചേരുമെന്ന് കേരള കർഷക സംഘം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

അതേസമയം മൂന്ന് കാർഷികനിയമവും പിൻവലിക്കണമെന്ന കർഷകസംഘടനകളുടെ ഒറ്റക്കെട്ടായ ആവശ്യം ഏഴാംവട്ട ചർച്ചയിലും കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. നിയമങ്ങൾ ഭേദഗതി ചെയ്യാമെന്ന സർക്കാർനിർദ്ദേശം കർഷകസംഘടനകളും തള്ളി. എട്ടിന് വീണ്ടും ചർച്ച നടക്കും.

നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം നേടിയെടുക്കാതെ സമരം അവസാനിപ്പിക്കാനാവില്ലെന്ന് വിജ്ഞാൻ ഭവൻ ഹാളിൽ നടന്ന ചർച്ചയിൽ 40 നേതാക്കളും ഐകകണ്ഠ്യേന പറഞ്ഞു. വ്യക്തിപരമായ നിലപാടല്ലെന്നും 450ൽപരം കർഷകസംഘടനകളുടെ യോജിച്ച ആവശ്യമാണ് ഇതെന്നും സർക്കാരിനെ അറിയിച്ചതായി അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു. നിയമങ്ങൾ വകുപ്പ് തിരിച്ച് ഇനി ചർച്ച ചെയ്തിട്ട് കാര്യമില്ല. നിയമങ്ങൾ ആദ്യം പിൻവലിച്ചാൽ മിനിമം താങ്ങുവിലയുടെ കാര്യത്തിൽ ചർച്ചയാകാം. ഒറ്റദിവസത്തിൽ നിയമങ്ങൾ പിൻവലിക്കാവുന്നതേയുള്ളൂ.

ഈ നിലപാടിൽ എല്ലാ നേതാക്കളും ഉറച്ചുനിന്നുവെന്ന് ഹനൻ മൊള്ള മാധ്യമങ്ങളോട് പറഞ്ഞു. എട്ടിന് വീണ്ടും ചർച്ച നടക്കുമെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ പ്രതികരിച്ചു. സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ട കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് മൗനം ആചരിച്ചാണ് തിങ്കളാഴ്ച യോഗം ആരംഭിച്ചത്.