ന്യൂഡൽഹി: കർഷകര സമരത്തെ അടിച്ചമർത്താനുള്ള നയങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. രണ്ടുമാസം പിന്നിട്ട ഡൽഹി അതിർത്തികളിലെ കർഷകസമരത്തിനെതിരേ വീണ്ടും ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. കർഷകസമരത്തിന്റെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയ സർക്കാർ സമരകേന്ദ്രങ്ങളിലേക്ക് കൂടുതൽ പേർ എത്തുന്നത് തടയാനുള്ള നടപടികൾക്കും തുടക്കമിട്ടു.

ഡൽഹിയിലെ സിംഘു, തിക്രി, ഗസ്സിപ്പുർ അതിർത്തികളിലെ ഇന്റർനെറ്റ് സേവനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഞായറാഴ്ചവരെ റദ്ദാക്കി. ഹരിയാണയിലെ 17 ജില്ലയിലും ഇന്റർനെറ്റ് വിലക്ക് നീട്ടി. പൊതുസുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചെങ്കിലും സമരകേന്ദ്രങ്ങൾ ഒഴിപ്പിക്കാനുള്ള നീക്കത്തിന് മുന്നോടിയാണിതെന്നാണ് അഭ്യൂഹം.

കർഷകസമരത്തിനുപിന്നിലുള്ള ചില എൻ.ജി.ഒ.കൾ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. റിപ്പബ്ലിക്ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ അക്രമം കാട്ടിയവർക്കുപിന്നിൽ പ്രവർത്തിച്ചവരുടെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചാണ് ആദ്യഘട്ടത്തിൽ എൻഫോഴ്സ്മെന്റ് അന്വേഷണം. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. അടിസ്ഥാനമാക്കിയാണ് അന്വേഷണം തുടങ്ങിയത്. പ്രാഥമികാന്വേഷണത്തിനുശേഷം കള്ളപ്പണ നിയന്ത്രണ നിയമപ്രകാരം നടപടികളെടുക്കും. അടുത്തകാലത്ത് സജീവമായ ചില ഹവാല ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ട്രാക്ടർ റാലിയെത്തുടർന്നുണ്ടായ അക്രമത്തിൽ ഡൽഹി പൊലീസും കർശനനടപടി തുടരുകയാണ്. ഇതുവരെ 84 പേരെ അറസ്റ്റുചെയ്തു. കലാപത്തിനും പൊതുസ്വത്ത് നശിപ്പിച്ചതിനും വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർചെയ്ത 38 കേസിലാണ് നടപടി. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ശനിയാഴ്ച റെയ്ഡ് നടത്തി. ചെങ്കോട്ടസംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന തരൻ താരൻ സ്വദേശികളായ ജുഗ്രാജ് സിങ്, നവ്പ്രീത് സിങ് എന്നിവർക്കായി ശനിയാഴ്ച ജലന്ധറിലെ ബസ്തിബാവ ഖേൽ മേഖലയിൽ തിരച്ചിൽ നടന്നു. ഫൊറൻസിക് വിദഗ്ദ്ധർ ശനിയാഴ്ച ചെങ്കോട്ടയിലെത്തി തെളിവെടുപ്പുനടത്തി.

അതേസലമയം സമരക്കാരുമായി സർക്കാർ സംസാരിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 'നിയമം മരവിപ്പിക്കാമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ജനുവരി 22-ന് നൽകിയ വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചർച്ചകൾക്കായി ഒരു ഫോൺകോൾ അകലത്തിൽ കൃഷിമന്ത്രിയുണ്ട്'- മോദി പറഞ്ഞു. അതേസമയം പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുമായി നേരിട്ട് സംസാരിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് ആവശ്യപ്പെട്ടു.

വിവാദമായ കാർഷിക നിയമങ്ങൾ സംബന്ധിച്ച തീരുമാനം സർക്കാർ തിരുത്തണം. ഒരിക്കലെടുത്ത തീരുമാനം പിന്നീട് മാറ്റുന്നതിൽ തെറ്റായൊന്നുമില്ല. ഇത് ജനാധിപത്യത്തിൽ സംഭവിക്കുന്നതാണ്. തീരുമാനം തിരുത്തിയാൽ ജനങ്ങൾ അതിനെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തുണ്ടായ അക്രമത്തിൽ ബിജെപി സർക്കാർ ഇതുവരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാത്തതിനേയും അദ്ദേഹം വിമർശിച്ചു. ചില സാമൂഹിക വിരുദ്ധർ നടത്തിയ അക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. അക്രമണത്തിൽ എന്തുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് ചോദിച്ച ഗഹ്ലോത്ത് സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

അതിനിടെ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് 38 കേസുകൾ രജിസ്റ്റർ ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് 84 പേരെ അറസ്റ്റ് ചെയ്തതായും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് വ്യാഴാഴ്ച വരെ 22 എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ജനുവരി 26ന് നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ 13-ലധികം കർഷക നേതാക്കൾക്കും പ്രവർത്തകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് രാകേഷ് ടിക്കായത്ത്, സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ്, മേധ പട്കർ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

നേരത്തെ റിപ്പബ്ലിക് ദിനത്തിലെ കർഷക പ്രക്ഷോഭത്തെ തുടർന്ന് നൂറിലധികം സമരക്കാരെ കാണാതായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രാക്ടർ പരേഡിന് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഡൽഹിയിലെത്തിയ കർഷകരെയാണ് കാണാതായതെന്ന് പഞ്ചാബ് ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷൻ എന്ന സന്നദ്ധ സംഘടന പറഞ്ഞിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ കർഷകർ പ്രഖ്യാപിച്ച ട്രാക്ടർ റാലി ചിലയിടങ്ങളിൽ സംഘർഷത്തിലേക്ക് എത്തിയിരുന്നു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതിൽ 400-ഓളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 30 പൊലീസ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.