ന്യൂഡൽഹി: കർഷക സമരത്തിന്റെ തിരിച്ചടി തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചു തുടങ്ങിയ കാലമാണ്. പഞ്ചാബിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ തോൽവിയാണ് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ കേന്ദ്രസർക്കാർ കടുംപിടുത്തം അവസാനിപ്പിക്കുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്. അതേസമയം പടിഞ്ഞാറൻ യു.പി.യിലും പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലും വിളവെടുപ്പുകാലം തുടങ്ങിയതോടെ കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്.

രാജ്യതലസ്ഥാന അതിർത്തികളിൽനിന്ന് കർഷകർ ഗ്രാമങ്ങളിലേക്ക് തിരിച്ചുതുടങ്ങി. പടിഞ്ഞാറൻ യു.പി.യിൽ വസന്തപഞ്ചമിക്കുശേഷം കരിമ്പുവിളവെടുത്ത് അടുത്തത് നടാനുള്ള സമയമാണിത് . ഇതിനായി കർഷകർ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് തിരിച്ചതോടെ ഡൽഹി-യു.പി. അതിർത്തിയിലെ ഗസ്സിപ്പുരിൽ സമരക്കാരുടെ എണ്ണം കുറഞ്ഞു. കടുകു കൃഷിയിറക്കാനും മറ്റുമായി സിംഘു അതിർത്തിയിൽനിന്നുള്ള കർഷകരും ഗ്രാമങ്ങളിലേക്കു പോവാൻ തുടങ്ങി. കർഷകർ വീണ്ടും കൃഷിയിടത്തിലേക്ക് മടങ്ങുമ്പോൾ അത് സമരത്തെ ബാധിക്കാതിരിക്കാനുള്ള കരുതലുമായി മുന്നോട്ടു നീങ്ങുകയാണ് കർഷകർ.

ഇത് സമരത്തെ ബാധിക്കാതിരിക്കാൻ തന്ത്രം മാറ്റുകയാണ് കിസാൻ മോർച്ച. അതിർത്തികളിൽ തമ്പടിച്ചുള്ള സമരമുറയ്ക്കുപകരം ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങളിലായിരിക്കും ഇനിയുള്ള ശ്രദ്ധ. ഓരോ ഗ്രാമങ്ങളിൽനിന്നും 15 പേർമാത്രം അതിർത്തികളിൽ കേന്ദ്രീകരിക്കുന്ന വിധത്തിലേക്ക് സമരം മാറ്റും. ഇതുവഴി മറ്റുള്ളവർക്ക് സ്വന്തം ഗ്രാമങ്ങളിൽ കൃഷിനോക്കാനും അവിടെ സമരത്തിന്റെ സന്ദേശമെത്തിക്കാനും കഴിയുമെന്ന് ഒരു കർഷകനേതാവ് വ്യക്തമാക്കി. ഗസ്സിപ്പുരിൽ ഒരുസമയം 4000-5000 പേർ മതിയെന്നുതീരുമാനിച്ചതായി കർഷകനേതാവ് ഗുർമീത് സിങ് പറഞ്ഞു.

ആളുകൾ കുറഞ്ഞാൾ മുമ്പത്തേതുപോലെ സർക്കാർ ബലംപ്രയോഗിച്ച് മാറ്റാനിടയുള്ളതിനാൽ അതിജാഗ്രതയിലാണ് കർഷകർ. അതിനായി ആശയവിനിമയശൃംഖല വർധിപ്പിച്ചു. ഒരു മണിക്കൂറിനുള്ളിൽ ആയിരക്കണക്കിനുകർഷകരെ ഇവിടെ എത്തിക്കാനാവും. 24 മണിക്കൂർ സമയമുണ്ടെങ്കിൽ ഒരു ലക്ഷം കർഷകർ ഗസ്സിപ്പുരിലെത്തും -ഗുർമീത് സിങ് അറിയിച്ചു. കർഷകസമരത്തിനെതിരേയുള്ള വ്യാജവാർത്തകൾ തടയാൻ സാമൂഹികമാധ്യമങ്ങളിൽ സജീവമാകാനും കർഷകർ തീരുമാനിച്ചു. സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹികമാധ്യമങ്ങൾവഴി എല്ലാ കർഷകരിലും കൃത്യമായി എത്തിക്കും.

അതിനിടെ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കർഷകസംഘടനകൾ ഇന്ന് രാജ്യവ്യാപകമായി നാല് മണിക്കൂർ ട്രെയ്ൻ തടയൽ സമരം നടത്തും. ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് കർഷകർ സമരം നടത്തുന്നത്. സമരം പൂർണ്ണമായും സമാധാനപൂർവ്വമായിരിക്കുമെന്നും യാത്രക്കാർക്ക് ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുമെന്നും കിസാൻ ആന്തോളൻ കമ്മിറ്റി വക്താവ് ജഗ്തർ സിങ് ബജ്വ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഫെബ്രുവരി 6ന് കർഷകർ റോഡ് ഉപരോധിച്ചുകൊണ്ട് പ്രതിഷേധിച്ചിരുന്നു. വരും ദിവസങ്ങളിൽ കർഷകർ ആസൂത്രണം ചെയ്യുന്ന പ്രതിഷേധ പരിപാടികൾക്കായി ഇന്നുമുതൽ കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തിത്തുടങ്ങുമെന്നാണ് വിവരം. കർഷകരുടെ ട്രെയ്ൻ തടയൽ റെയ്ൽ റോക്കോ പരിപാടിമൂലം റെയ്ൽവേ സർവ്വീസുകൾ ഇന്ന് വെട്ടിച്ചുരുക്കിയിട്ടുണ്ട്. പല ട്രെയ്ൻ സർവ്വീസുകളും വഴിതിരിച്ചുവിടും. സംയുക്ത കസാൻ മോർച്ചയും ഭാരതീയ കിസാൻ യൂണിയനും ഒരുമിച്ചാണ് ഇന്ന് ട്രെയ്ൻ തടയൽ സമരം നടത്തുന്നത്. കർഷകരുടെ റെയിൽ റോക്കോ പ്രതിഷേധത്തോടനുബന്ധിച്ച് ഡൽഹി അതിർത്തികളിലും റെയ്ൽ വേ സ്റ്റേഷനുകളിലും ശക്തമായ പൊലീസ് സുരക്ഷ സർക്കാർ ഒരുക്കിയിട്ടുണ്ട്.

അതേസമയം കർഷകസമരവുമായി ബന്ധപ്പെട്ട ഗ്രെറ്റ തുൻബർഗിന്റെ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദിഷയുടെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ മലയാളി പരിസ്ഥിതി പ്രവർത്തത നിഖിത ജേക്കബിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. മൂന്നാഴ്‌ച്ചത്തേക്കാണ് കോടതി നിഖിതയുടെ അറസ്റ്റ് തടഞ്ഞത്. നാല് ആഴ്‌ച്ചത്തേക്ക് തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നിഖിത നൽകിയ ഹർജി പരിഗണിച്ചശേഷമാണ് ജസ്റ്റിസ് പിഡി നായിക് അധ്യക്ഷനായ ബെഞ്ച് താൽക്കാലിക സംരക്ഷണം നൽകിക്കൊണ്ട് ഉത്തരവിട്ടത്.