ന്യൂഡൽഹി: കാർഷികനിയമങ്ങൾ സംബന്ധിച്ച് കർഷകരും സർക്കാരുമായി ചർച്ചചെയ്യാൻ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് കർഷക നേതാവ് ഭൂപീന്ദർസിങ് മൻ പിന്മാറി. കർഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് പിന്മാറ്റമെന്ന് ഭൂപീന്ദർ സിങ് മൻ അറിയിച്ചു. കർഷകരുടെയോ പഞ്ചാബിന്റെയോ താത്പര്യങ്ങൾക്ക് വിരുദ്ധമായി നിലകൊള്ളാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ഭാരതീയ കിസാൻ യൂണിയൻ, അഖിലേന്ത്യാ കിസാൻ കോഓർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദർ സിങ് മൻ.

'ഒരു കർഷകനെന്ന നിലയിലും ഒരു യൂണിയൻ നേതാവെന്ന നിലയിലും കർഷക സംഘടനകളിലും പൊതുജനങ്ങളിലും പൊതുവെ നിലനിൽക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുത്ത്, പഞ്ചാബിന്റെയും കർഷകരുടേയും താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ എനിക്ക് വാഗ്ദാനം ചെയ്ത ഏത് സ്ഥാനത്ത് നിന്നും പിന്മാമാറാൻ ഞാൻ തയ്യാറാണ്. സമിതിയിൽ നിന്ന് ഞാൻ പിന്മാറുന്നു. ഞാൻ എല്ലായ്‌പ്പോഴും എന്റെ കർഷകർക്കൊപ്പവും പഞ്ചാബിനൊപ്പവും നിൽക്കുന്നു', മൻ പ്രസ്താവനയിൽ പറഞ്ഞു.

ഇദ്ദേഹമടക്കം സുപ്രീംകോടതി രൂപീകരിച്ച സമിതിയിലെ നാല് പേരും കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കർഷകർ ആരോപിച്ചിരുന്നു. ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാർഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാർ ജോഷി, കാർഷിക സാമ്പത്തിക വിദഗ്ധൻ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനിൽ ധാൻവാത് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

സമിതിയുമായി സഹകരിക്കില്ലെന്നും സമരംചെയ്യുന്ന കർഷക സംഘടനകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂപീന്ദർ സിങ് മൻ കഴിഞ്ഞമാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് ചില ഭേദഗതികളോടെ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമിതിയിലെ ഓരോ അം​ഗങ്ങളുടെയും നിലപാടുകൾ കർഷക വിരുദ്ധമാണെന്ന പ്രചാരണവും ശക്തമായിരുന്നു.

അശോക്‌ ഗുലാത്തി
ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച്‌ ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസിൽ കൃഷിവിഭാഗം ഇൻഫോസിസ്‌ ചെയർ പ്രൊഫസർ. കാർഷിക നിയമങ്ങളെ പിന്തുണച്ച്‌ ദേശീയ മാധ്യമങ്ങളിലും മറ്റും നിരവധി ലേഖനം എഴുതി. 1991ൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്‌ തുല്യമായാണ്‌ കാർഷിക നിയമങ്ങളെ കാണുന്നത്‌. കർഷകർക്ക്‌ മെച്ചപ്പെട്ട ലാഭം ഉറപ്പാക്കാനും കാര്യക്ഷമതയുള്ള മൂല്യവർധിത ശൃംഖലകൾ കെട്ടിപ്പടുക്കാനും നിയമങ്ങൾ വഴിയൊരുക്കുമെന്ന്‌ വാദം.

ഭൂപീന്ദർ സിങ്‌ മാൻ
മുൻ രാജ്യസഭാംഗം. അഖിലേന്ത്യാ കിസാൻ കോ–-ഓർഡിനേഷൻ കമ്മിറ്റി സംഘടനയുടെ തലവൻ‌. മൂന്ന്‌ നിയമവും നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിസംബറിൽ ഈ കമ്മിറ്റി സർക്കാരിന്‌ നിവേദനം നൽകി. നിയമങ്ങളിൽ ചില ഭേദഗതി മാത്രം മതിയെന്നാണ്‌ നിലപാട്‌.

പ്രമോദ്‌ ജോഷി
ഡൽഹിയിലെ നാഷണൽ സെന്റർ ഫോർ അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്‌, പോളിസി റിസർച്ച്‌ ഡയറക്ടർ. കോർപറേറ്റുകൾ താൽപ്പര്യപ്പെടുന്ന കരാർ കൃഷിക്കായി വാദിക്കുന്നു‌. മിനിമം താങ്ങുവിലയ്‌ക്ക്‌ നിയമപരമായ പരിരക്ഷ ആവശ്യമില്ലെന്നാണ്‌ നിലപാട്‌. കർഷകസമരം അനാവശ്യമാണെന്നും കർഷകർ ഉന്നയിക്കുന്ന സംശയമെല്ലാം അടിസ്ഥാനരഹിതമാണെന്നും ഒരു ലേഖനത്തിൽ പറഞ്ഞു.

അനിൽ ധാൻവത്‌
തുടക്കംമുതൽ കർഷക സമരത്തിനെതിരായി നിലപാട്‌ സ്വീകരിച്ചു. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള ഷേത്‌കാരി സംഘടനയുടെ തലവൻ‌. കാർഷിക നിയമങ്ങളെ സ്വാഗതംചെയ്‌ത്‌ ഷേത്‌കാരി സംഘടന ആഗസ്‌ത്‌ 24നു പ്ര‌ധാനമന്ത്രിക്ക്‌ മഹാരാഷ്ട്രയിൽനിന്ന്‌ കത്തുകൾ അയച്ചു. കാർഷിക നിയമങ്ങളെ പിന്തുണച്ച്‌ പ്രകടനങ്ങൾ സംഘടിപ്പിച്ചു. തങ്ങളെപ്പോലെ നിരവധി കർഷക സംഘടനകൾ നിയമങ്ങളെ പിന്തുണയ്‌ക്കുന്നുണ്ടെന്നും കൂടുതൽ പരിഷ്‌കാരം ആവശ്യമാണെന്നും ലേഖനമെഴുതി.

ഇനിയൊരുത്തരവുണ്ടാകുന്നതുവരെ കാർഷികനിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി, കർഷകരുടെയും സർക്കാരിന്റെയും ഭാഗം കേട്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് നാലംഗ സമിതിയെ നിയോഗിച്ചത്. എന്നാൽ, സമിതിയുടെ പ്രവർത്തനം തന്നെ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.