- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്തെ കർഷക സമരം സർക്കാറിന് വൻ വെല്ലുവിളി; സമരം ഏഴാം മാസത്തിലേക്ക് കടന്നതോടെ കർഷകർ വീണ്ടും സമരവേദിയിലേക്ക്; അതിർത്തികളിലും പഞ്ചാബിലും കരിങ്കൊടി ഉയർത്തി പ്രതിഷേധക്കാർ; ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മോദിയുടെ കോലം കത്തിച്ചും കർഷകർ
ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരായ വിവാദ കൃഷിനിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ നടക്കുന്ന സമരം ഏഴാം മാസത്തിലേക്കു കടന്ന പശ്ചാത്തലത്തിൽ കർഷകർ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. സിംഘു, തിക്രി, ഗസ്സിപ്പുർ അതിർത്തികളിലെ സമരവേദികളിൽ കരിങ്കൊടി ഉയർത്തിയാണ് കർഷകർ പ്രതിഷേധം രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും കോലം കത്തിച്ചു. പഞ്ചാബിലെ വിവിധ ജില്ലകളിൽ സ്ത്രീകളാണു പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. 12 പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻപു നരേന്ദ്ര മോദി സർക്കാരിന്റെ ഘടകകക്ഷിയായിരുന്ന ശിരോമണി അകാലിദളിന്റെ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദലിന്റെ വീട്ടിലുൾപ്പെടെ കരിങ്കൊടി ഉയർന്നു.
ഡൽഹി അതിർത്തിയായ ഗസ്സിയാബാദിൽ യുപി ഗേറ്റിലെ പ്രതിഷേധത്തിനു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് നേതൃത്വം നൽകി. പ്രതിഷേധ ദിനത്തിൽ ഭാഗമാകാൻ കൂടുതൽ കർഷകർ എത്തുന്നതു നേതാക്കൾ വിലക്കിയിരുന്നു. ഗ്രാമങ്ങളിൽത്തന്നെ പ്രതിഷേധിച്ചാൽ മതിയെന്നായിരുന്നു നിർദ്ദേശം.
കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിലാണു യോഗങ്ങൾ ഒഴിവാക്കിയതെന്നും വീടുകളിൽ കരിങ്കൊടി ഉയർത്തിയെന്നും ഭാരതീയ കിസാൻ യൂണിയൻ വക്താവ് ധർമേന്ദ്ര മല്ലിക് പറഞ്ഞു. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കരിമ്പ് വിളവെടുപ്പു നടക്കുന്ന സമയമായതിനാൽ സമരം ചെയ്തിരുന്ന കർഷകരിൽ ഭൂരിഭാഗവും തൽക്കാലം മടങ്ങി. സമരവേദികളിൽ കോവിഡ് പ്രതിരോധത്തിനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യം വന്നാൽ സമരസ്ഥലങ്ങളിലേക്കു കൂടുതൽ കർഷകരെത്തുമെന്നും മല്ലിക് പറഞ്ഞു.
വിദഗ്ധ സമിതി നിർദ്ദേശിച്ച മാറ്റങ്ങൾക്ക് വിധേയമായി രണ്ടര വർഷത്തേക്ക് കാർഷിക നിയമം നടപ്പിലാക്കാതെ വക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കണമെന്ന ആവശ്യം ആവർത്തിച്ചുകൊണ്ട് കർഷകർ ഈ നിർദ്ദേശം നിരസിച്ചു.
റിപ്പബ്ലിക്ക് ദിനത്തിൽ കർഷകരുടെ മാർച്ച് സംഘർഷത്തിൽ കാലാശിച്ചത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഖാസിപൂർ സ്ഥലം വിട്ടുനൽകാൻ ഉത്തർപ്രദേശ് സർക്കാർ കർഷകർക്ക് അന്ത്യശാസനം നൽകിയിരുന്നു. ഭാരതീയ കിസാൻ യൂണിയൻ കൺവീനർ രാകേഷ് ടിക്കായിത് നടത്തിയ വൈകാരിക അഭ്യർത്ഥന സമരത്തെ പുനരുജ്ജീവിപ്പിച്ചു. പിന്നീട് യുപിയിലും അതിർത്തി സംസ്ഥാനങ്ങളിലും വലിയ തോതിലുള്ള റാലികളും പ്രകടനങ്ങളും ആരംഭിച്ചു.
കർഷക സമരം തുടരുന്നത് കേന്ദ്രസർക്കാറിനും ബിജെപിക്കും വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. പഞ്ചാബിലാണ് ഇനി തെരഞ്ഞെടുപ്പു വരാനിരിക്കുന്നത്. ഇവിടെ കർഷിക നിയമമാകും പ്രധാന ചർച്ചയാകുക എന്നത് ഉറപ്പാണ്. പഞ്ചാബികളുടെ ജനരോഷത്തെ അതിജീവിക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.
മറുനാടന് ഡെസ്ക്