- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തിമ തീരുമാനമാകും വരെ പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തി വയ്ക്കാനാവുമോ എന്ന് കേന്ദ്രത്തോട് സുപ്രീം കോടതി; . ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനായുള്ള വഴിയാണ് തുറക്കേണ്ടതെന്ന് കോടതി; ഡൽഹി അതിർത്തിത്തിയിൽ ഉള്ള കർഷകരുടെ സമരം നീക്കണമെന്ന നിർദ്ദേശം എതിർത്തു
ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ ഡൽഹി അതിർത്തിയിൽ കർഷകർ സമരം ചെയ്യുന്നത് തുടരുകയാണ്. സമരത്തോട് മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്രസർക്കാറിന് ഇതുവരെ എന്താണ് തീരുമാനം കൈകൊള്ളേണ്ടത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതിനിടെ സമരക്കാർക്കതെിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ നിർണായക ചോദ്യങ്ങൾ ഉയർന്നു.
കാർഷിക നിയമങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമ തീരുമാനം ആകുന്നത് വരെ പുതിയ നിയമം നടപ്പിലാക്കുന്നത് നീട്ടിവയ്ക്കാനാവുമോ എന്ന് കേന്ദ്രത്തിനോട് ആരാഞ്ഞ് സുപ്രീം കോടതി. കോടതിയുടെ ചോദ്യത്തിന് ഉത്തരം നൽകുവാൻ സാവകാശം ചോദിച്ച അറ്റോർണി ജനറൽ കേന്ദ്ര സർക്കാരുമായി ആലോചിച്ച ശേഷം ഉടൻ മറുപടി നൽകാമെന്ന് മറുപടി നൽകി.
ഡൽഹി അതിർത്തിത്തിയിൽ ഉള്ള കർഷകരുടെ സമരം നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേ കർഷകർക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതിനാൽ തന്നെ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനായുള്ള വഴിയാണ് തുറക്കേണ്ടതെന്നും അതിനായി കാർഷിക നിയമങ്ങൾ കോടതിയുടെ അന്തിമ തീർപ്പ് ഉണ്ടാകുന്നത് വരെ നടപ്പാക്കില്ലെന്ന ഉറപ്പ് നൽകാനാവുമോ എന്നുമാണ് കോടതി സർക്കാരിനോട് ആരാഞ്ഞത്.
അതേസമയം നിയമം നടപ്പാക്കില്ലെന്ന ഉറപ്പ് നൽകിയാൽ കർഷകർ ചർച്ചക്ക് വരില്ല എന്ന ആശങ്കയാണ് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ ഉയർത്തിയത്. വഴി തടഞ്ഞുള്ള സമരം കർഷകർ അവസാനിപ്പിക്കണമെന്ന അറ്റോർണി ജനറലിന്റെ വാദം അനുഭാവപൂർവ്വം പരിഗണിച്ച കോടതി മറ്റുള്ളവരുടെ അവകാശം ലംഘിച്ച് കൊണ്ട് സമരം നടത്തരുതെന്ന് അഭിപ്രായപ്പെട്ടു.എന്നാൽ ഒരു സമിതി വിളിച്ചു ചേർത്ത് സമാധാനപരമായി പ്രശ്നം ചർച്ച ചെയ്യുന്നതിലേക്കാണ് സുപ്രീം കോടതി പ്രശ്ന പരിഹാരത്തിനായി മാർഗം ഉപദേശിച്ചത്. ഇരു കൂട്ടർക്കും അവരുടെ വാദങ്ങൾ പൂർണമായി പറയാനാകണം.
അതിനായി നിഷ്പക്ഷരായ ആളുകൾ സമിതിയിൽ വേണമെന്നും ചീഫ് ജസ്റ്റിസ് ഹർജി പരിഗണിക്കവേ അഭിപ്രായപ്പെട്ടു. അതേസമയം സമിതി രൂപീകരണ പ്രവർത്തനങ്ങളിലേക്ക് കോടതി കടന്നില്ല. ഇനി ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് ശേഷം മാത്രമേ ഈ ഹർജികളിൽ വാദം തുടരുകയുള്ളു. അതിന് മുൻപായി ഒരു ഇടക്കാല വിധി പുറപ്പെടിവിക്കാൻ കോടതി തയ്യാറായില്ല. അത്യാവശ്യഘട്ടത്തിൽ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ