ന്യൂഡൽഹി: പൊതുസമൂഹത്തിന്റെ പിന്തുണ ഏറിയതോടെ കർഷക സമരത്തെ കരുതലോടെ സമീപിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. സമരത്തെക്കുറിച്ച് അനാവശ്യവും പ്രകോപനപരവുമായ പരാമർശങ്ങളൊഴിവാക്കാൻ മുതിർന്ന നേതാക്കൾക്കും വക്താക്കൾക്കും ബിജെപിയുടെ നിർദേശമുണ്ട്.

കർഷക സമരം രാഷ്ട്രീയപ്രേരിതമാണെന്നു സ്ഥാപിച്ചെടുക്കാൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കർഷക സമരത്തിന്റെ നേതൃത്വം പൂർണമായി കർഷക സംഘടനകൾക്കാണ്. ഒരു രാഷ്ട്രീയകക്ഷിയെയും സമരനേതൃത്വം ഏറ്റെടുക്കാൻ കർഷകർ അനുവദിച്ചില്ല. രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സമരമുഖത്തേക്കു വരേണ്ടെന്ന് കർഷ നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു. സമരം ഖലിസ്ഥാൻ വാദികളുടേതാണെന്ന പ്രചാരണം തിരിച്ചടിയായിരുന്നു. എന്നാൽ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം പോലെയല്ല, കർഷക ബില്ലിനെതിരായ കർഷക സമരമെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്കു സമരം മാറ്റാനുള്ള അമിത് ഷായുടെ ആഹ്വാനം മറ്റൊരു ഷഹീൻബാഗ് സൃഷ്ടിക്കാനുള്ള തന്ത്രമായി കർഷകർ വിലയിരുത്തിയിരുന്നു.

വയോധികരും കുട്ടികളും സ്ത്രീകളും അടക്കം പതിനായിരങ്ങൾ കൊടുംതണുപ്പിൽ ദിവസങ്ങളായി തെരുവിൽ പ്രതിഷേധിക്കുമ്പോഴും കേന്ദ്രം പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ടുപോകുന്നതിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നുണ്ട്. രാജ്യതലസ്ഥാനത്ത് അടക്കം വിവിധ വിഭാഗം ജനങ്ങൾ സമരത്തിന് പിന്തുണയും സഹായവും നൽകുന്നു.

പൗരത്വ സമരത്തിൽ മുസ്ലിം സംഘടനകളുടെയും തീവ്ര ഇടതുപക്ഷ സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും പങ്കാളിത്തം സമരം രാഷ്ട്രീയപ്രേരിതമാണെന്നു സ്ഥാപിച്ചെടുക്കാൻ അന്ന് സഹായിച്ചിരുന്നു. പൗരത്വ സമരക്കാർ പലവട്ടം ആവശ്യപ്പെട്ടിട്ടും ചർച്ചയ്ക്കു തയാറാകാതിരുന്ന കേന്ദ്രസർക്കാർ കർഷകരോടു ചർച്ചയ്ക്ക് വന്നതു തന്നെ ദേശവിരുദ്ധ സമരമെന്ന പ്രതീതി സൃഷ്ടിക്കാനായില്ല എന്ന തിരിച്ചറിവിലാണ്. നിയമങ്ങൾ തൽക്കാലത്തേക്കു നടപ്പാക്കേണ്ടെന്നു തീരുമാനിച്ചാൽ ഉറച്ച ഭരണകൂടമെന്ന മോദി സർക്കാരിന്റെ പ്രതിഛായയ്ക്കു കളങ്കമേൽക്കുമെന്നതും ബിജെപി നേതൃത്വത്തെ വിഷമസന്ധിയിലാക്കുന്നു. ഇതിൽ വഴങ്ങിയാൽ ഇപ്പോൾ പിന്നണിയിലുള്ള പരിഷ്‌കരിച്ച തൊഴിൽച്ചട്ടങ്ങളോടുള്ള എതിർപ്പും മുന്നോട്ടെത്തുമെന്നു പാർട്ടി കരുതുന്നു.

ബിജെപി നേതാവ് ആർ.പി. സിങ് അടക്കം കർഷക സമര വിരുദ്ധ പ്രസ്താവനകൾക്കെതിരെ രംഗത്തെത്തി. നടി കങ്കണ റനൗട്ട് സമരത്തിൽ പങ്കെടുത്ത പഞ്ചാബി സ്ത്രീകൾക്കെതിരെ നടത്തിയ പ്രസ്താവനയെ സിങ് നിശിതമായി വിമർശിക്കുകയും സിഖുകാർ രാജ്യത്തിനു വേണ്ടി പോരാടുന്നവരാണ്, ദേശദ്രോഹികളല്ലെന്നു പറയുകയും ചെയ്തിരുന്നു.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നടക്കുന്ന ഭാരത് ഹർത്താലിനും രാഷ്ടീയ പാർട്ടികളുടെ പിന്തുണയേറി. കാർഷിക നിയമങ്ങൾക്കെതിരെ എൻഡിഎ ഘടകകക്ഷികളും പരസ്യമായി രംഗത്തുവന്നതോടെ കേന്ദ്രസർക്കാരും ബിജെപിയും പ്രതിസന്ധിയിലാണ്.

കർഷക സമരം രൂക്ഷമാകുന്നതിനിടെ എൻഡിഎ വിരുദ്ധ മുന്നണിയുടെ സാധ്യതകൾ തേടി എൻഡിഎ വിട്ട അകാലിദൾ രംഗത്ത്. ഇതിനായി അകാലിദൾ പ്രതിനിധി പ്രേംസിങ് ചന്ദുമർജ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ച നടത്തി. മുംബൈയിലെത്തിയ അദ്ദേഹം ശരദ് പവാറുമായും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും ചർച്ച നടത്തുന്നുണ്ട്. നേരത്തേ ഒഡീഷ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെ ബിജുജനതാദളുമായി അകാലിദൾ ചർച്ച നടത്തിയിരുന്നു. വരും ദിവസങ്ങളിൽ അഖിലേഷ് യാദവ്, ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവു തുടങ്ങിയവരുമായും ചർച്ച നടത്തും.

എൻഡിഎയിൽ ഉലച്ചിൽ
ഹരിയാനയിൽ ബിജെപി ബന്ധം ഉപേക്ഷിക്കണമെന്ന് സഖ്യകക്ഷിയായ ജെജെപി(ജൻനായക് ജനതാപാർട്ടി)ക്ക് കർഷകസംഘടനകളും ഖാപ്പുകളും അന്ത്യശാസനം നൽകി. ബിജെപി നേതാക്കളെയും അവരെ പിന്തുണയ്ക്കുന്നവരെയും ബഹിഷ്‌കരിക്കാനും ഖാപ്പ് നേതാക്കൾ ആഹ്വാനം ചെയ്തു. 90 അംഗ ഹരിയാന നിയമസഭയിൽ ബിജെപിക്ക് 40 അംഗങ്ങൾ മാത്രം. 10 എംഎൽഎമാരുള്ള ജെജെപിയുടെ സഹകരണത്തിലാണ് ഭരണം. കാർഷികമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെജെപി ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ നിലനിൽപ്പ് അപകടത്തിലാവ

കർഷകരുടെ പ്രതിഷേധത്തെ അവഗണിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെങ്കിൽ രാജ്യവ്യാപകമായി സമരം ശക്തമാകുമെന്ന് എൻ.സി.പി. നേതാവ് ശരദ് പവാർ മുന്നറിയിപ്പ് നൽകി. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലെ കർഷകരാണ് ഡൽഹിയിൽ എത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ കർഷകർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. രാജ്യത്തിന്റെ കാർഷിക സമ്പദ്വ്യവസ്ഥയിൽ വലിയപങ്ക് വഹിക്കുന്ന സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാണയും. ഇവിടെനിന്നുള്ള ഭക്ഷ്യോത്പന്നങ്ങൾ 18 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും മുൻ കേന്ദ്ര ഭക്ഷ്യമന്ത്രികൂടിയായ പവാർ പറഞ്ഞു.