പട്ന: കർഷിക നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ പട്‌നയിൽ രാജ് ഭവനിലേക്ക് മാർച്ചുമായി ആയിരക്കണക്കിന് കർഷകർ. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കുചേരണമെന്നും ആവശ്യപ്പെട്ടാണ് കർഷകർ മാർച്ച് നടത്തിയത്.

പട്നയിലെ ഗാന്ധി മൈതാനത്തു നിന്നാണ് മാർച്ച് ആരംഭിച്ചത്. ഡാക് ബംഗ്ലാവ് ചൗക്കിൽ വെച്ച് ബാരിക്കേഡുകളും ബാറ്റണുകളും കൊണ്ട് പൊലീസ് പ്രതിഷേധം തടഞ്ഞു. മാർച്ചിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്

അതേസമയം, കേന്ദ്രസർക്കാർ നാളെ കർഷകരുമായി ചർച്ച നടത്തുന്നുണ്ട്. ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ച ബുധനാഴ്ചത്തേക്ക് കേന്ദ്രം മാറ്റുകയായിരുന്നു. പുതുവർഷത്തിന് മുമ്പ് കർഷകരെ അനുനയിപ്പിക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നിയമങ്ങൾ പിൻവലിക്കണം എന്നതടക്കം നാല് ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുമെന്ന് കർഷക സംഘടനകളും വ്യക്കമാക്കി.

നിയമങ്ങൾ പിൻവലിക്കുക, താങ്ങുവിലക്കായി നിയമപരമായ ഉറപ്പ്, സൗജന്യ വൈദ്യുതി ഉൾപ്പടെ നാല് ആവശ്യങ്ങളിൽ നാളെ രാവിലെ 11 മണിക്ക് ചർച്ച വരാമെന്നായിരുന്നു കർഷക സംഘടനകളുടെ നിലപാട്. കൂടിയാലോചനകൾ വേണ്ടതിനാൽ മറ്റന്നാൾ ഉച്ചക്ക് 2 മണിയിലേക്ക് ചർച്ച മാറ്റുകയാണെന്ന് കർഷക സംഘടനകളെ സർക്കാർ അറിയിച്ചു.

റിപ്പബ്ളിക് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ കർഷക പ്രക്ഷോഭം നീണ്ടുപോകുന്നത് സർക്കാരിന് സമ്മർദ്ദമാണ്. പുതുവർഷത്തിലേക്ക് സമരം കടക്കാതിരിക്കാൻ ചില വിട്ടുവീഴ്ചകൾ സർക്കാർ വരുത്തിയേക്കും. ഇക്കാര്യങ്ങളിൽ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ സർക്കാരിനുള്ളിൽ ചർച്ചകൾ തുടരുകയാണ്. സർക്കാർ അയയുന്നില്ലെങ്കിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.

ചർച്ചയ്ക്ക് തയ്യാറായെങ്കിലും തങ്ങളുടെ മുൻ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന നിലപാടിലാണ് കർഷകർ. ഡിസംബർ എട്ടിനായിരുന്നു കേന്ദ്രസർക്കാരുമായി കർഷകർ അവസാനമായി ചർച്ച നടത്തിയിരുന്നത്. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയിൽ ചില ഉറപ്പുകൾ നൽകാമെന്നുമായിരുന്നു കേന്ദ്രം ആവർത്തിച്ചിരുന്നത്. തുടർന്ന് ചർച്ചകൾ അവസാനിക്കുകയായിരുന്നു.

നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ കർഷകർ വീണ്ടും ചർച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചർച്ച പരാജയപ്പെട്ടാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്.