- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാരുമായുള്ള എട്ടാം ചർച്ചയും പരാജയപ്പെട്ടതോടെ സമരം കടുപ്പിച്ച് കർഷകർ; നിയമ പോരാട്ടത്തിന് വെല്ലുവിളിച്ച കേന്ദ്രത്തോട് വിട്ടുവീഴ്ചയില്ല; നയപരമായ വിഷയം കോടതിക്ക് വിടുന്നതിൽ എതിർപ്പ്; വിജയം നേടും വരെ പ്രക്ഷോഭം തുടരും; റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളുമായി കിസാൻ പരേഡ് അടക്കം ശക്തമായ സമരപോരാട്ടത്തിലേക്ക് കർഷക സംഘടനകൾ
ന്യൂഡൽഹി: കർഷകപ്രക്ഷോഭം തുടരുന്നതിനിടെ കേന്ദ്രസർക്കാരുമായുള്ള എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ നിലപാട് കടുപ്പിച്ച് സംയുക്ത കിസാൻ മോർച്ച. നിയമപോരാട്ടത്തിന് സുപ്രീംകോടതിയിൽ പൊയ്‌കൊള്ളാൻ ആവശ്യപ്പെട്ട കേന്ദ്രസർക്കാരിനെതിരെ വിട്ടുവീഴ്ച വേണ്ടന്നാണ് കർഷക സംഘടനകളുടെ തീരുമാനം. 15-ന് വീണ്ടും ചർച്ച നടത്താമെന്ന് ധാരണയായിട്ടുണ്ടെങ്കിലും നിയമം പിൻവലിക്കാൻ കഴിയില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ വ്യക്തമാക്കിയ സാഹചര്യത്തിൽ ചർച്ചയിൽ പ്രതീക്ഷ കാണുന്നില്ല.
ആശങ്കപ്പെടുന്ന വിഷയങ്ങളിൽ ഭേദഗതിയാവാമെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും നിയമങ്ങൾ പൂർണമായും പിൻവലിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കർഷക നേതാക്കൾ. നിയമങ്ങളുടെ പ്രയോജനം വിവരിച്ചും ഭേദഗതികളെക്കുറിച്ചും മന്ത്രിമാർ ചർച്ചയിൽ വിവരണം തുടർന്നപ്പോഴും മൗനം ആചരിച്ചാണ് കർഷക നേതാക്കൾ പ്രതിഷേധിച്ചത്.
11-ന് സുപ്രീംകോടതിയിൽ കേസുവരുന്നുണ്ടെന്നും നേതാക്കൾക്ക് കോടതിയെ സമീപിക്കാമെന്നുമുള്ള കൃഷിമന്ത്രിയുടെ പ്രതികരണം കർഷക നേതാക്കളെ നിലപാട് കടുപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ്. വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കട്ടെയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
എന്നാൽ നയപരമായ വിഷയമാണെന്നും സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നുമാണ് നേതാക്കളുടെ നിലപാട്. കാർഷികമേഖല കോർപ്പറേറ്റ് അടിസ്ഥാനമാക്കാനാണ് കേന്ദ്രശ്രമമെന്ന വിമർശനം ഉയർത്തിയാണ് വിഷയത്തിൽ കർഷക നേതാക്കൾ വിയോജിക്കുന്നത്. 'ഞങ്ങൾ വിജയിക്കും അല്ലെങ്കിൽ മരിക്കും' എന്ന പ്ലക്കാർഡുമാണാണ് ചർച്ചകളിലും കർഷക നേതാക്കൾ നിലപാട് വ്യക്തമാക്കയിത്.
നിയമങ്ങൾ പിൻവലിച്ചാൽ മാത്രമേ പ്രക്ഷോഭം അവസാനിച്ച് വീട്ടിലേക്ക് മടങ്ങിപ്പോവൂ എന്ന് ചർച്ചയിൽ കർഷകനേതാക്കൾ വ്യക്തമാക്കിയിരുന്നു. നിയമങ്ങൾ റദ്ദാക്കാതെ കീഴടങ്ങില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തും വ്യക്തമാക്കിയിരുന്നു.
കർഷകർ മുന്നോട്ട് വച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് ട്രാക്ടറുകളുമായി കിസാൻ പരേഡ് നടത്തുമെന്നാണ് സംയുക്ത കിസാൻ മോർച്ച നേരത്തെ വ്യക്തമാക്കിയത്. സമരപരിപാടിയുമായി മുന്നോട്ടുപോകാനാണ് നിലവിലത്തെ തീരുമാനം.
സുഭാഷ് ചന്ദ്രബോസിന്റെ ജദിനമായ ജനുവരി 23ന് വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകൾക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനമായിരുന്നു.
ന്യൂസ് ഡെസ്ക്