കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും അവയെപ്പറ്റി പഠിക്കാൻ വിദഗ്ധ സമിതി രൂപവത്കരിക്കുകയും ചെയ്തിട്ടും കർഷകർ സമരം തുടരും. സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും നിയമത്തെ അനുകൂലിക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം തുടരുന്നത്. അതിനിടെ കമ്മിറ്റി അംഗങ്ങളുടെ യോഗ്യത ഏതെങ്കിലും സർക്കാർ അഭിഭാഷകൻ കോടതിക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ടോയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ചോദിച്ചു. കർഷകരും സർക്കാരും തമ്മിലുള്ള അടുത്തഘട്ട ചർച്ച നടക്കുന്ന ജനുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുമായി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമിതിയിലെ ഒരാളായ ഭൂപീന്ദർ സിങ് മൻ ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റാണ്. കൃഷി നിയമങ്ങളെ പിന്തുണച്ച് കേന്ദ്ര കൃഷി മന്ത്രിക്കു കത്തയച്ചിരുന്നു. അനിൽ ഘൻവത് മഹാരാഷ്ട്രയിലെ ക്ഷേത്കരി സംഘടൻ പ്രസിഡന്റാണ്. അദ്ദേഹവും നിയമങ്ങൾ പിൻവലിക്കരുതെന്നും ഭേദഗതികൾ മതിയെന്നും മന്ത്രിക്കു കത്തയച്ചിരുന്നു. ഡോ. പ്രമോദ്: കുമാർ ജോഷി കൃഷി വിദഗ്ധനാണ്. നിയമങ്ങൾ മൂലം വിളകൾക്കുള്ള താങ്ങുവില ഇല്ലാതാകുമെന്ന വാദം തള്ളുന്നു. അശോക് ഗുലാത്തിയാകട്ടെ കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞനാണ്. മാറ്റങ്ങളെ അനുകൂലിച്ചു ലേഖനങ്ങളെഴുതി. കൃഷി നിയമങ്ങൾ കർഷകർക്കു കൂടുതൽ സ്വാതന്ത്ര്യവും അവസരങ്ങളും ലഭ്യമാക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

സുപ്രീം കോടതി രൂപീകരിച്ച സമിതിയുമായി ചർച്ചയ്ക്കില്ലെന്നു സമരത്തിലുള്ള കർഷക സംഘടനകൾ തീരുമാനിച്ചതു പുതിയ പ്രതിസന്ധിക്കാണു വഴിയൊരുക്കുന്നത്. നിയമങ്ങളെ അനുകൂലിക്കുന്നവരാണു സമിതി അംഗങ്ങളെന്നു സന്തോഷിച്ച കേന്ദ്ര സർക്കാരിനു സമരക്കാരുടെ നിലപാട് തിരിച്ചടിയാണ്. വിവാദം ഉയർന്ന സാഹചര്യത്തിൽ ഈ അംഗങ്ങളെ സുപ്രീംകോടതി മാറ്റുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ സമിതി അംഗങ്ങൾ നിയമങ്ങൾക്ക് അനുകൂലമായി നിലപാടെടുത്തവരാണെന്നും അതിനാൽ ചർച്ചയ്ക്കില്ലെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. സമരം തുടരും. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ സമാന്തര പരേഡ് നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ല.

സമിതിക്കെതിരെ കോൺഗ്രസ് അതിശക്തമായി രംഗത്തു വന്നു. ആരാണ് ചീഫ് ജസ്റ്റിസിന് ഈ പേരുകൾ നൽകിയതെന്ന് ഞങ്ങൾക്ക് അറിയില്ല. എന്തുകൊണ്ടാണ് അവരുടെ നിലപാടുകളും പശ്ചാത്തലവും പരിശോധിക്കാത്തത്. ഈ നാലുപേരും നിയമങ്ങളെ അനുകൂലിക്കുകയും പ്രധാനമന്ത്രി മോദിക്കൊപ്പം നിൽക്കുന്നവരുമാണ്. ഇത്തരമൊരു സമിതിയിൽനിന്ന് എങ്ങനെ നീതി പ്രതീക്ഷിക്കും.- സുർജേവാല ചോദിച്ചു. കമ്മിറ്റി അംഗങ്ങളിൽ ഒരാൾ കേസിലെ ഹർജിക്കാരനാണെന്നും സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയിൽ എങ്ങനെ ഹർജിക്കാരൻ അംഗമാകുമെന്നും സുർജേവാല ചോദിച്ചു. നാലുപേരും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്നും കമ്മിറ്റിയിൽ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യവസ്ഥകൾ സംബന്ധിച്ച് പ്രാഥമിക വാദം കേട്ട്, പ്രത്യക്ഷത്തിൽതന്നെ നിയമങ്ങൾ കുഴപ്പംപിടിച്ചതെന്നു വിലയിരുത്തിയല്ല സുപ്രീംകോടതിയുടെ സ്റ്റേ നടപടി. എന്നാൽ, നിയമങ്ങളെക്കുറിച്ചുള്ള ചില വിമർശനങ്ങളിൽ കഴമ്പുണ്ടെന്ന ഊഹവും കോടതി മുന്നോട്ടുവയ്ക്കുന്നുവെന്ന് ഉത്തരവിൽ വ്യക്തമാണ്. മിനിമം താങ്ങുവില സംവിധാനം തുടരുമെന്നും കർഷക ഭൂമി സംരക്ഷിക്കുമെന്നും ഉത്തരവിൽ പറയുന്നു. നിയമങ്ങളുടെ വിശദമായ പരിശോധനയില്ലാതെ അവ സ്റ്റേ ചെയ്യുമ്പോൾ, നിയമനിർമ്മാണ സഭകളുടെ അധികാരത്തിൽ കോടതി ഇടപെടുന്ന നടപടിയാകുന്നുവെന്ന വിമർശനം സുപ്രീം കോടതിയിൽനിന്നു വിരമിച്ച ചില ജഡ്ജിമാർ ഉന്നയിച്ചിട്ടുണ്ട്.

നിയമങ്ങൾ സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിർത്തെങ്കിലും കോടതിയുടെ ഇടപെടൽ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായി. രൂപീകരിച്ചിട്ടുള്ള സമിതി ജുഡീഷ്യൽ നടപടികളുടെ ഭാഗമായിരിക്കുമെന്നാണു കോടതി പറഞ്ഞത്.