ന്യൂഡൽഹി: കേന്ദ്രസർക്കാറുമായുള്ള ചർച്ചകൾ ഒന്നൊന്നായി പരാജയപ്പെടുമ്പോഴും ഡൽഹിയിൽ കർഷക സമരം ശക്തമാവുകയാണെന്ന് ദേശീയ മാധ്യമങ്ങൾ. സമരം പഞ്ചാബിന്റെ അഭിമാന പ്രശ്നം പോലെ ആയിരിക്കയാണ്. അതുകൊണ്ടുതന്നെ ഗായകരും കായികതാരങ്ങളും അടങ്ങുന്ന സെലിബ്രിറ്റികളുടെ നീണ്ട നിരയാണ് ഇങ്ങോട്ട് ഒഴുകുന്നത്. കേന്ദ്രത്തിന്റെ കാർഷിക നയങ്ങൾ പിൻവലിക്കാനുള്ള സമരം ഫലത്തിൽ കോർപ്പറേറ്റുകൾക്ക് എതിരായ ശക്തമായ കാമ്പയിൽ ആയി വളരുകയാണ്. ജിയോ സിമ്മുകളും ഗൗതം അദാനിയുടെ കോലവും കത്തിച്ചുകൊണ്ടാണ് സമരം തുടരുന്നത്.

പക്ഷോഭത്തിന് പിന്തുണ നൽകാൻ സമരമുഖത്ത് ഒരു വ്യായാമകേന്ദ്രം തന്നെ ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം കായികതാരങ്ങൾ.പഞ്ചാബിലെ കബഡി, ഭാരോദ്വഹന താരങ്ങളാണ് ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിലെ സമരഭൂമിയിൽ ചെറിയ വ്യായാമകേന്ദ്രം ആരംഭിച്ചത്. പ്രതിഷേധം തുടരുന്നതിനിടയിൽ കർഷകരെ സഹായിക്കാനും യുവാക്കളെ വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കാനുമാണ് ഇത്തരമൊരു ആശയമെന്ന് കായികതാരങ്ങൾ പറയുന്നു.

പഞ്ചാബിലെ യുവാക്കൾ മയക്കുമരുന്നിന് അടിമയാണെന്ന സർക്കാർ വാദം തെറ്റാണെന്ന് തെളിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മുതിർന്ന കബഡി താരമായ ബിട്ടു സിങ് ഇന്ത്യടുഡേയോട് വ്യക്തമാക്കി. പഞ്ചാബിന്റെ ഭാവി മയക്കുമരുന്നിന് അടിമപ്പെടില്ല. ഞങ്ങൾ പൂർണമായും ആരോഗ്യവാന്മാരാണ്. പ്രതിഷേധത്തിനിടയിൽ പോലും ഞങ്ങൾ പരിശീലനം തുടരുന്നു. എൻ.ആർ.ഐ കമ്മ്യൂണിറ്റിയിൽ നിന്നുള്ള പൂർണ പിന്തുണ ഞങ്ങൾക്കുണ്ട്. വരും ദിവസങ്ങളിൽ വ്യായാമത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തുമെന്നുംഒരു കബഡി മൈതാനംകൂടി ഒരുക്കുമെന്നും ബിട്ടു സിങ് പറഞ്ഞു.

കർഷക പ്രതിഷേധത്തിൽ ഭാഗമാകുന്നതിനും കർഷകർക്ക് സഹായം ചെയ്യുന്നതിനുമൊപ്പം ദിവസവും രണ്ട് മണിക്കൂറോളം വ്യായാമ കേന്ദ്രത്തിൽഞങ്ങൾ ചെലവഴിക്കുന്നു. തുണി അലക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ കർഷകർക്കായി വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കായികതാരങ്ങൾ പറഞ്ഞു.ധാരാളം ആളുകൾ വ്യായാമ രീതികൾ പഠിക്കാൻ ഇവിടെ വരുന്നു. ഞങ്ങൾ അവരെ സഹായിക്കുന്നു. അവകാശങ്ങൾക്കായി സമരം ചെയ്യുന്ന കർഷകർക്കൊപ്പം ഞങ്ങൾ ശക്തമായി നിലകൊള്ളുമെന്നും മറ്റൊരു കബഡി താരമായ ലക്ക ചീമ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ പോലും സന്തോഷത്തോടെ ഇരിക്കാൻ പഞ്ചാബികൾക്ക് സാധിക്കും. കേന്ദ്രസർക്കാർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധ ഭൂമിയിൽ കർഷകർക്കൊപ്പം തുടരുമെന്ന് ഭാരോദ്വഹന താരം അമാൻ ഹോട്ടി പറഞ്ഞു.

അംബാനിയും അദാനിയും 'കത്തുന്നു'

രണ്ടാഴ്ച പിന്നിടുന്ന കർഷക സമരം കോർപ്പറേറ്റ് വിരുദ്ധ സമരമായി മാറുന്നതോടെ ചങ്കടിക്കുന്നത് അംബാനിക്കും അദാനിക്കുമാണ്. ജിയോയുടെ ഫോണുകളും സിം കാർഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേൽ ഉപയോഗിക്കുകയില്ലെന്നുമാണ് കർഷകർ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.നേരത്തെ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ റിലയൻസ് ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചും നേരത്തെയും കർഷകർ പ്രതിഷേധിച്ചിരുന്നു. പഞ്ചാബിലെ കർഷകരാണ് സിം വലിച്ചെറിഞ്ഞും കത്തിച്ചും പ്രതിഷേധിച്ചത്. കോർപ്പറേറ്റുകൾക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ ജിയോ സിം കാർഡുകൾ പൊട്ടിച്ചുകളഞ്ഞ് പ്രതിഷേധിച്ചത്.

സോഷ്യൽ മീഡിയയിൽ ജിയോ സിമ്മിനെതിരായ ക്യാംപയിനിൽ, ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകൾ നശിപ്പിച്ചിരുന്നു. റിലയൻസ് പമ്പുകളിൽ നിന്ന് പെട്രോളുംഡീസലും അടിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.കാർഷിക നിയമങ്ങളിലൂടെ നരേന്ദ്ര മോദി സർക്കാർ അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു.

നേരത്തെ അദാനിക്കെതിരെ കർഷകർ ശക്തമായ നിലപാട് എടുത്തിട്ടില്ലായിരുന്നു. എന്നാൽ അദാനിയുടെ അഗ്രി കമ്പനി വരുന്നുണ്ടെന്നും ഇതിനുവേണ്ടി കൂടിയാണ് പുതിയ കാർഷിക നിയമ ഭേദഗതി എന്ന വാർത്തകൾ പുറത്തുവന്നതോടെയാണ്, കർഷക രോഷം മോദിയുടെ ഏറ്റവും പ്രിയപ്പെട്ട വ്യവസായി എന്നറിയപ്പെടുന്ന ഗൗതം അദാനിക്കെതിരെയും നീളുന്നത്. കാർഷിക ബിൽ രാജ്യസഭ പാസാക്കുന്നതിന് മുമ്പ് 2019ൽ അദാനി ഗ്രൂപ്പ് പത്തിലേറെ അഗ്രി കമ്പനികൾക്ക് രൂപം നൽകുകയുണ്ടായി. കാർഷിക വിളകൾ ശേഖരിക്കുന്ന കമ്പനികളാണ് ഇതെന്നാണ് കർഷക സമരത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.