ന്യൂഡൽഹി: കർഷക സമരം 15ാം ദിവസവും പിന്നിടുമ്പോൾ കർഷക സംഘടനകൾ സുപ്രീംകോടതിയിലേക്കും നീങ്ങുന്നു. കാർഷിക നിയമത്തിൽ ഇടപെടണമെന്ന ആവശ്യവുമായി ഭാരതീയ കിസാൻ യൂണിയനാണ് സുപ്രീംകോടതിയിൽ ഹരജി നൽകി.കേന്ദ്രസർക്കാരിന്റെ പുതിയ മൂന്ന് കാർഷിക നിയമങ്ങളും കാർഷിക മേഖലയെ തകർക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ ഹരജിയിൽ പറയുന്നു.അതിനിടെ സമരം അതിശക്തമാക്കി മുന്നോട്ടു കൊണ്ടുപോകുമെന്ന മുന്നറിയിപ്പു നൽകിയിരിക്കുകയാണ് കർഷകർ. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്നായി 50,000ത്തോളം കർഷകർ 1200 ട്രാക്ടറുകളിൽ കയറിയാണ് ഡൽഹിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. അവസാന റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ അവർ മോഗയിലാണ്.

ആറ് മാസത്തോളം ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണം കരുതിക്കൊണ്ടാണ് സമരമുഖത്തേക്ക് ഈ കർഷകർ എത്തുന്നത്. 'ഞങ്ങളെ കൊല്ലുന്നതിനെ കുറിച്ച് മോദി സർക്കാർ തീരുമാനമെടുക്കട്ടെ. മറ്റെന്ത് സാഹചര്യം ഉടലെടുത്താലും ഞങ്ങളിനി തിരികെ പോകില്ല' , എന്നാണ് മസ്ദൂർ സംഘർഷ് കമ്മറ്റി നേതാവ് സത്‌നം സിങ് പന്നു ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്.സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ച കഴിഞ്ഞ ദിവസം റെയിൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച വരെയാണ് തങ്ങൾ കേന്ദ്രത്തിന് അന്ത്യശാസനം നൽകിയതെന്ന് കർഷക നേതാവ് ബൂട്ടാ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിൽ നിന്ന് അനുകൂല സമീപനം ഇതുവരെയും ഉണ്ടാകാത്തതിനാൽ സമരം അതി ശക്തമായി മുന്നോട്ടു കൊണ്ട് പോകാനാണ് കർഷകരുടെ തീരുമാനം.

പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ വ്യാഴാഴ്ച മുതൽ ഡൽഹിക്കു തിരിച്ചിട്ടുണ്ട്. സമരക്കാരെ തടയുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യരുതെന്ന് കർഷകനേതാക്കൾ സംസ്ഥാനസർക്കാരുകളോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമർ കർഷകർക്ക് മുന്നിലേക്ക് ഒരു പ്രമേയം വെച്ചിട്ടുണ്ട്. അത് പരിഗണിക്കണമെന്നാണ് കർഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 'ഞങ്ങൾ ചില ഓഫറുകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു നിയമവും കുറ്റമറ്റതല്ല. കർഷകരെ ബാധിക്കുന്ന വ്യവസ്ഥകൾ എടുത്തുമാറ്റാൻ തയ്യാറാണ്' എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

കർഷക സമരത്തെ പ്രതിരോധിക്കാൻ രാജ്യത്തുടനീളം കിസാൻ സഭകൾ ചേരാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം, കർഷക പ്രതിഷേധം നാൾക്കുനാൾ ശക്തിപ്പെട്ടുവരുമ്പോഴും നിയമം പിൻവലിക്കില്ലെന്ന പിടിവാശിയിലാണ് കേന്ദ്രസർക്കാർ.കർഷകരുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്നും ഒരു നിയമവും പൂർണമായി കർഷകരെ ബാധിക്കുന്നതല്ലെന്നുമാണ് കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമർ വ്യാവാഴ്ച പറഞ്ഞത്. കർഷകർക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയുന്ന ഭേദഗതി മാത്രം ചർച്ചയ്ക്കെടുക്കാമെന്നാണ് തോമർ പറഞ്ഞിരിക്കുന്നത്.

അതേസമയം, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് നിങ്ങൾ എന്തുകൊണ്ടാണ് കർഷകരോട് ആലോചിക്കാത്തതെന്ന് തങ്ങൾ അമിത് ഷായോട് ചോദിച്ചപ്പോൾ ചില തെറ്റുകൾ സംഭവിച്ചതായി അമിത് ഷാ സമ്മതിച്ചെന്ന് കർഷക സംഘ നേതാവ് ശിവ് കുമാർ കാക്ക പറഞ്ഞിരുന്നു.കാർഷിക നിയമം പിൻവലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കർഷകർ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.

പ്രതിഷേധം കൂടുതൽ ശക്തിപ്പെടുത്താനാണ് കർഷകരുടെ തീരുമാനം.ബിജെപി ഓഫീസുകൾ രാജ്യവ്യാപകമായി ഉപരോധിക്കാൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്. ബിജെപി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും കർഷകർ അറിയിച്ചു.
ഡിസംബർ 12ന് ഡൽഹി- ജയ്പൂർ, ഡൽഹി- ആഗ്ര ദേശീയ പാതകൾ ഉപരോധിക്കുമെന്നും ഡിസംബർ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷക സമരസമിതി നേതാക്കൾ വ്യക്തമാക്കി.