തിരുവനന്തപുരം: ലഖിംപൂരിൽ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഉമ്മൻ ചാണ്ടി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീണ്ട കർഷകസമരം ചോരയിൽ മുക്കിക്കൊല്ലാനുള്ള ബിജെപിയുടെ കിരാത നടപടികൾക്ക് രാജ്യം മാപ്പുനല്കില്ലെന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

കർഷകരെ കൊന്ന സംഭവസ്ഥലത്തേക്ക് ഒരു പൊതുപ്രവർത്തക എന്ന നിലയിൽ തികഞ്ഞ ഉത്തരവാദിത്വത്തോടെ ഓടിയെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സമരം ഒത്തുതീർപ്പാക്കാൻ നടപടി സ്വീകരിക്കുന്നതിനു പകരം കർഷകരെ കുറ്റക്കാരാക്കി ചില ഭരണഘടനാ സ്ഥാപനങ്ങൾ നടത്തിയ പരാമർശം പ്രതിഷേധാർഹമാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ചർച്ചകളും നടക്കുന്നില്ല.കേന്ദ്രസർക്കാർ ഇനിയെങ്കിലും കണ്ണുതുറക്കണമെണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം,

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീണ്ട കർഷകസമരം ചോരയിൽ മുക്കിക്കൊല്ലാനുള്ള ബിജെപിയുടെ കിരാതനടപടികൾക്ക് രാജ്യം മാപ്പുനല്കില്ല. കേന്ദ്രമന്ത്രിയുടെ മകൻ സമരക്കാരുടെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയാണ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയത് എന്നത് ഞെട്ടിപ്പിച്ചു.

കർഷകരെ കൊന്ന സംഭവസ്ഥലത്തേക്ക് ഒരു പൊതുപ്രവർത്തക എന്ന നിലയിൽ തികഞ്ഞ ഉത്തരവാദിത്വത്തോടെ ഓടിയെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബേഗൽ, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദർ സിങ് രണ്ടവ, മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉൾപ്പെടെ നിരവധി നേതാക്കൾ സംഭവസ്ഥലത്ത് എത്താതിരിക്കാൻ സർക്കാർ നടപടിയെടുത്തു. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള എല്ലാ വാർത്താവിനിമയ ബന്ധവും വിച്ഛേദിച്ചു. ഒരു ജനാധിപത്യ രാജ്യത്താണ് ഇതൊക്കെ സംഭവിക്കുന്നത്.

സമരം ഒത്തുതീർപ്പാക്കാൻ നടപടി സ്വീകരിക്കുന്നതിനു പകരം കർഷകരെ കുറ്റക്കാരാക്കി ചില ഭരണഘടനാ സ്ഥാപനങ്ങൾ നടത്തിയ പരാമർശം പ്രതിഷേധാർഹമാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ചർച്ചകളും നടക്കുന്നില്ല.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനു കർഷകർ പത്തുമാസത്തിലധികമായി മരംകോച്ചുന്ന തണുപ്പിനെയും കടുത്ത ചൂടിനേയും മഹാമാരിയേയും അവഗണിച്ച് നടത്തിവരുന്ന സമരം രാജ്യം കണ്ട ഏറ്റവും വലിയ ഗാന്ധിയൻ സമരമാണ്. കേന്ദ്രസർക്കാർ പാസാക്കിയ കാർഷികനിയമത്തിനെതിരേയുള്ള ഈ സമരത്തിൽ നൂറു കണക്കിനു കർഷകരാണ് ഇതിനോടകം ജീവത്യാഗം നടത്തിയത്. കേന്ദ്രസർക്കാർ ഇനിയെങ്കിലും കണ്ണുതുറക്കണമെണ് ആവശ്യപ്പെടുകയാണ്.