റാനിലെ വാതകപ്പാടത്തെച്ചൊല്ലി ഇന്ത്യയും ഇറാനുമായുള്ള പോര് മുറുകുന്നു. 11 ബില്യൺ ഡോളർ നിക്ഷേപിക്കാൻ സന്നദ്ധമാണെന്ന് ഇന്ത്യ അറിയിച്ചിട്ടും, ഫർസാദ് ബി ഗ്യാസ് ഫീൽഡിൽനിന്ന് ഇന്ത്യക്ക് ഇന്ധനം നൽകാമെന്ന് കരാറൊന്നുമില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെയാണിത്. ഇറാനിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന ഇന്ത്യയുടെ ഭീഷണിയെയും അവർ കാര്യമാക്കുന്നില്ല. എണ്ണയ്ക്ക് വേറെ ഉപഭോക്താക്കളെ കണ്ടെത്തിക്കൊള്ളാമെന്നാണ് ഇറാന്റെ നിലപാട്.

ഇന്ത്യൻ കമ്പനികളുടെ സഹകരണത്തോടെ കണ്ടെത്തിയ എണ്ണപ്പാടമാണ് ഫർസാദ് ബി. കോടിക്കണക്കിന് രൂപയാണ് ഇവിടെ ഇന്ത്യൻ കമ്പനികൾ നിക്ഷേപിച്ചിട്ടുള്ളത്. ഇതിനിടെ മേയിൽ റഷ്യൻ കമ്പനി ഗ്യാസ്‌പ്രോമുമായി ഇറാൻ കരാറിലേർപ്പെട്ടു. ഫർസാദ് ബിയിൽ നിന്നുള്ള വാതകക്കരാർ നടപ്പിലായില്ലെങ്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന ഇന്ത്യയുടെ നിലപാടിനോടുള്ള തിരിച്ചടിയായാണ് ഗ്യാസ്‌പ്രോമുമായുള്ള കരാർ വിലയിരുത്തപ്പെട്ടത്.

അന്താരാഷ്ട്ര തലത്തിലുള്ള ഉപരോധം നിലനിന്നപ്പോഴും ഇറാനിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ തയ്യാറായിരുന്നു. ഈ മാന്യത തിരിച്ചും പ്രതീക്ഷിക്കുന്നുവെന്ന് ജൂണിൽ ഇന്ത്യ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഫർസാദ് ബിയിൽ 11 ബില്യൺ ഡോളർ നിക്ഷേപിക്കാമെന്ന വാഗ്ദാനവും നടത്തിയത്. എന്നാൽ, ഇന്ത്യയുമായി കരാറിലേർപ്പെടേണ്ട ബാധ്യത ഇറാനില്ലെന്ന മട്ടിലാണ് അവരുടെ പാർലമെന്റ് എനർജി കമ്മീഷന്റെ ഇപ്പോഴത്തെ നിലപാട്.

ഫർസാദ് ബി എണ്ണപ്പാടത്ത് പരീക്ഷണങ്ങൾ നടത്താനും സാങ്കേതിക സർവേകൾ നടത്താനും ഇന്ത്യയെ അനുവദിച്ചത് മറ്റേതെങ്കിലും കരാറിന്റെ ഭാഗമായല്ലെന്ന് ഇറാന്റെ മജ്‌ലിസ് എനർജി കമ്മിഷൻ വക്താവ് അസദുള്ള ഗരേഖനി പറഞ്ഞു. ഫർസാദ് ബിയിൽ മുമ്പ് ഇന്ത്യയും ഇറാനും സംയുക്തമായി പഠനങ്ങൾ നടത്തിയിരുന്നു. അതവസാനിക്കുകയും ചെയ്തു. എന്നാൽ, ഇതിന്റെ തുടർവികസന പ്രവർത്തനങ്ങളിൽ ഇന്ത്യയെ പങ്കാളിയാക്കണമെന്ന തരത്തിൽ യാതൊരു കരാറുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രൂഡ് ഓയിൽ ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന ഇന്ത്യയുടെ ഭീഷണിയെയും അസദുള്ള തള്ളി. യഥാർഥത്തിൽ ഇന്ത്യൻ രൂപയിൽ ക്രൂഡ് ഓയിൽ വാങ്ങിക്കാൻ അനുമതി നൽകുക വഴി ഇറാന് നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഫർസാദിന്റെ കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്താൻ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനിയും കഴിഞ്ഞവർഷം ടെഹ്‌റാനിൽ കണ്ടപ്പോൾ പ്രകടിപ്പിച്ചത്. അതിന് വിരുദ്ധമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.